തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വെടിക്കെട്ട് നടന്ന പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അപകടം നടന്നയിടത്തേക്ക് ഇന്നലെ പോകാനിടയുള്ള ആരെയെങ്കിലും കാണാതായി എന്ന് തോന്നിയാല്‍ ഒരു മടിയും കൂടാതെ ഉടനടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തുവെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണമെന്നും, വിഡി സതീശൻ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാതെ വെടിക്കെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കരുതെന്ന് രമേശ് ചെന്നിത്തല. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് ഒരു ഫയർ എഞ്ചിൻ പോലുമില്ലായിരുന്നുവെന്നും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തെ തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ നടക്കുന്ന യോഗത്തിന് ശേഷം ഉണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
തൃശ്ശൂർ പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. ജില്ല ഭരണകൂടവുമായി ആലോചിക്കുമെന്ന് രാജേഷ് വ്യക്തമാക്കി. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി രാജേഷ് പറഞ്ഞു.
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം എന്നാണ് പ്രഥാമിക നിഗമനം.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിന് വിമർശനം നേരിട്ടതിന് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി. നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, ഒരുമിച്ച് സഹകരിച്ചാണ് പ്രോഗ്രാം നടത്തിയതെന്നും അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്‍റെ മത സൗഹാർദ്ദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി.
മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി.
പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.
ബംഗാളിൽ നാളെ വോട്ടെടുപ്പ് .മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണം ശക്തമാക്കി TMC . ഏയ് ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചുവെന്നാണ് ആക്ഷേപം.
ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വരും വർഷങ്ങളിൽ നൂറ് ശതമാനം എഥനോൾ മിശ്രിതം നടപ്പിലാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം. 26 നിരപരാധികളുടെ ജീവൻ നഷ്ടമായിരുന്നു. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരൺവാലിയിൽ ഒരുക്കിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്.
ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനൽകിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാൻ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്‍റെ മുന്നറിയിപ്പ്.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ അറിയിച്ചു.
ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 166 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കന്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഞായറാഴ്ച പുലർച്ചെ ഉത്തര കൊറിയയിലെ സിൻപോ മേഖലയിൽ നിന്നും ഈസ്റ്റ് സീ ലക്ഷ്യമാക്കിയാണ് മിസൈലുകൾ തൊടുത്തുവിട്ടത്.
