മുപ്പതുകളിലെ രക്തസമ്മര്‍ദത്തിന്റെ തോതാണ് അമ്പതുകളിലെ ഹൃദയാഘാതത്തെ നിശ്ചയിക്കുന്നതെന്ന് പഠനം. രക്തസമ്മര്‍ദത്തിന്റെ കാര്യത്തില്‍ ചെറിയ തോതിലുള്ള മാറ്റം പോലും പ്രധാനമാണ്. രക്തസമ്മര്‍ദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണ്. 120/80 എന്ന നോര്‍മല്‍ ബിപി നിലയില്‍പ്പോലും മുന്നറിയിപ്പുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മര്‍ദം മൂലമുള്ള അപകടസാധ്യതാ ഘടകങ്ങള്‍ ഒരുപോലെയാണ്. ബിപി 120/70ല്‍ കുറവ് ഉള്ളവരില്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കുറവാണ്. ബിപി നില 140/90ല്‍ കുറവാണെങ്കില്‍ മാത്രം ചികിത്സിക്കുക എന്നത് തെറ്റിദ്ധാരണയാണ്. കാരണം സിസ്റ്റോളിക് ബ്ലഡ് പ്രഷന്‍ 140 കടക്കുമ്പോഴേക്കും ഹൃദയസംബന്ധമായ തകരാറുകള്‍ ആരംഭിച്ചിരിക്കും. സാധാരണയായി ഒരു ബിപി റീഡിംഗ് 120/80 എന്നായിരിക്കും. ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷര്‍ ആണ്. അതായത്, ഹൃദയം സങ്കോചിക്കുമ്പോള്‍ ധമനികളിലൂടെ രക്തം പമ്പ് ചെയ്യാന്‍ അത് എത്രത്തോളം ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ നമ്പര്‍ കാണിക്കുന്നത്. ഡയസ്റ്റോളിക് പ്രഷര്‍ ആണ് രണ്ടാമത്തെ സംഖ്യ. ഓരോ മിടിപ്പുകള്‍ക്കിടയിലും ഹൃദയം വിശ്രമിക്കുമ്പോള്‍ ധമനികളിലുണ്ടാകുന്ന സമ്മര്‍ദമാണ് ഇത് അളക്കുന്നത്. ഈ സമയത്താണ് ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കുന്നത്. അതിനാല്‍, ഡയസ്റ്റോളിക് സംഖ്യ വളരെ കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ഹൃദയത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നതിനെ വരെ ബാധിച്ചേക്കാം.
