yt cover 2

പിഎസ്സിക്കെതിരെ വീണ്ടും പരാതി. ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയത്.

ആസൂത്രണ ബോര്‍ഡ് മൂല്യനിര്‍ണയത്തിലെ വീഴ്ച സാങ്കേതികം മാത്രമെന്ന് പിഎസ്‌സി ഹൈക്കോടതിയില്‍ വ്യക്തമാക്കി. വീഴ്ച പരിഹരിച്ചെന്നും പുനര്‍ മൂല്യനിര്‍ണയം നടത്തി പരിഹാര നടപടിയെടുത്തുയെന്നും പി എസ് സി കോടതിയെ അറിയിച്ചു. എന്നാല്‍ ആവര്‍ത്തിച്ചുള്ള പിഴവുകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും. അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. സംഭവത്തില്‍ ലൈസന്‍സ് നല്‍കിയ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്, കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നും പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചുവെന്നും മന്ത്രി എം ലിജു.

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമവുമായി ബന്ധപ്പെട്ട് ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസില്‍ പ്രതിചേര്‍ത്തേക്കും. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. അതേസമയം, വിസിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കും.

സമരം കടുപ്പിക്കാന്‍ എല്‍പിഎസ് ടി ഉദ്യോഗാര്‍ത്ഥികള്‍. സമരപ്പന്തലില്‍ ഇന്ന് വിവിധ യുവജന രാഷ്ട്രീയ സംഘടനകളെ അണിനിരത്തി പ്രതിഷേധം നടക്കും. ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച, CJP, AISA തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കുചേരും. SUCI, SDPI തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ ഭാഗമാകും. KSTA അടക്കമുള്ള അധ്യാപക സംഘടനകളും എത്തുമെന്നാണ് വിവരം

പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.

ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ചേരാനല്ലൂര്‍ അപകടത്തില്‍  അന്വേഷണത്തിന് കുടുംബം തടസ്സം നില്‍ക്കുന്നതായി പ്രോസിക്യൂഷനും, തങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കുടുംബവും പറഞ്ഞു. അന്വേഷണത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് അനുവദിക്കാന്‍ ആവില്ലെന്ന് പറഞ്ഞ കോടതി, തുടര്‍വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ജഡ്ജിക്കെതിരെ ബിഎന്‍സ് 238 കൂടി ചുമത്തി.

വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര വിവാദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മീനങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും.

വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര വിവാദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക 349 രേഖപ്പെടുത്തി. നിലവിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്.

അറേബ്യന്‍ ഗള്‍ഫില്‍ ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ  ഉടമസ്ഥതയിലുള്ള ‘അല്‍ മായേദ’ എന്ന ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് ടാങ്കറിന് നേരെണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശക്തമായ ഭാഷയില്‍ അപലപിച്ചു

മുറസു തീവ്ര ചുഴലിക്കാറ്റ് ആയി മാറി. നിലവില്‍ ചെന്നൈയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലര്‍ച്ചെ നാലിനും ഇടയില്‍ ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊടും. ഇതോടെ നെല്ലൂര്‍ -നരസാപുരം തീരം അതീവ ജാഗ്രതയിലാണ്.

കര്‍ണാടകയിലെ ഒളിക്യാമറ വിവാദത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. കുമാരസ്വാമിയെയും ചോദ്യം ചെയ്യാനാണ് സിസിബി നീക്കം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വല്‍ പ്രസാദിന് നോട്ടീസ് നല്‍കി.

ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തുടക്കമാകും. സര്‍സംഘചാലക് മോഹന്‍ ഭാഗവത് അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ ലഗേജുകള്‍ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ മറ്റ് നിയന്ത്രിത സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം.

ഇറാന്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം നിര്‍മ്മിച്ച് വിജയകരമായി പരീക്ഷിച്ച പുതിയ ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്വകാര്യവിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പോയ ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാം ബീച്ച് കൗണ്ടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകര്‍ന്നുവീണത്.

ഇസ്രയേല്‍ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. ഖത്തറിന്റെയും തുര്‍ക്കിയുടെയും ഇടപെടല്‍ തിരഞ്ഞെടുപ്പിലുണ്ടായോ എന്ന അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷന്‍ ചെയര്‍മാന്റെ പ്രതികരണം.

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിരിക്കും ഈ തിരഞ്ഞെടുപ്പ്. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റര്‍ടെയ്നറുകളില്‍ ഒന്നായ ‘കല്യാണരാമന്‍’ പുത്തന്‍ ദൃശ്യ-ശ്രവ്യവിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ- റിലീസിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രമായ  ‘ഉണ്ണി’യുടെ പ്രത്യേക പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി Deux’- ലെ പുതിയ പോസ്റ്റര്‍ പുറത്ത്. നസ്ലന്‍ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചില്‍ ചേര്‍ന്ന് ഹന്‍സിക അവതരിപ്പിക്കുന്ന കരോള്‍ എന്ന കഥാപാത്രം ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 19 – നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ കിങ്ങിലെ ആദ്യ ഗാനം പുറത്ത്. തു മില്‍ ജായെ എന്ന ഗാനം ഷാറുഖിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഷാറുഖും ദീപിക പദുക്കോണുമാണ് ഗാനരംഗത്തിലുള്ളത്. അര്‍ജിത് സിങ്ങിനും മധുബന്തി ബാഗ്ചിക്കുമൊപ്പം പോപ്പ് ഗായകന്‍ എഡ് ഷീരനും ഗാനത്തിലുണ്ട്. ഗാനത്തിലെ ഇംഗ്ലീഷ് റാപ്പ് എഡ് ഷീരന്റേതാണ്.

നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്ന 42 -കാരന്റെ കണ്ണിനുള്ളില്‍ നിന്ന് മുളച്ച വിത്ത് കണ്ടെത്തി. വിത്തിന്റെ വേരുകള്‍ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളര്‍ന്നിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്സിം സ്ലെപ്സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.

ഫോര്‍മുല വണ്ണില്‍ ചരിത്രം കുറിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ കിമി ആന്റൊണെല്ലി. ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടമാണ് ആന്റൊണെല്ലി സ്വന്തമാക്കിയത്. സീസണില്‍ നാലു റേസുകള്‍ ബാക്കി നില്‍ക്കെയാണ് ആന്റൊണെല്ലി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 20 വര്‍ഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്സ് എത്തി.വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി.

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ ഡീസല്‍, വിമാന ഇന്ധനം  എന്നിവയുടെ കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ ഗെയിന്‍ നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി പൂര്‍ണമായും ഒഴിവാക്കി. ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഓട്‌സ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓട്‌സ് എല്‍ഡിഎല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഓട്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇതിലെ ലയിക്കുന്ന നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനവും ആഗിരണവും മന്ദഗതിയിലാക്കുന്നു. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നവര്‍ക്ക് ഓട്‌സ് ഒരു മികച്ച ഭക്ഷണമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.94, പൗണ്ട് – 127.06, യൂറോ – 106.01, സ്വിസ് ഫ്രാങ്ക് – 114.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.68, ബഹ്‌റൈന്‍ ദിനാര്‍ – 252.51, കുവൈത്ത് ദിനാര്‍ – 305.21, ഒമാനി റിയാല്‍ – 246.93, സൗദി റിയാല്‍ – 25.32, യു.എ.ഇ ദിര്‍ഹം – 25.85, ഖത്തര്‍ റിയാല്‍ – 26.08, കനേഡിയന്‍ ഡോളര്‍ – 67.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *