Copy of മദ്ധ്യാഹ്ന വാർത്തകൾ 20261104 132801 0000

 

 

 

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ചരിത്രവിജയത്തിലേക്ക്. നിലവിലെ ഫലസൂചനകൾ പ്രകാരം യു.എസ്. കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കും.

 

2026-ലെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുമെന്നും കോൺഗ്രസിന്റെ ഭരണം നിർണയിക്കുന്ന ജനവിധിയെ മാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ, തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ജയിക്കാനും തോൽക്കാനും ഉള്ള കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ‘പൊളിറ്റിക്കൽ പണ്ഡിറ്റാ’യി താൻ മാറുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. മതതീവ്രവാദികൾ മതേതരത്വത്തെ കുറിച്ച് പറയുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെന്നും കിരൺ റിജിജു പ്രതികരിച്ചു.

 

ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധികബാധ്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതുകൊണ്ടാണ് കുറഞ്ഞ വിലയിൽ സ്വകാര്യ കമ്പനിയിൽ.നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

 

സംസ്ഥാന സർക്കാരിന് തിരിച്ചടി. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവ്. ഭരണസമിതി പിരിച്ചുവിട്ടത് നടപടിക്രമം പാലിക്കാതെ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് കോടതി നിർദ്ദേശം

 

സംസ്ഥാനത്ത് എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥരെ നേരിട്ട് ബാർ ലൈസൻസുകൾ നൽകാൻ അനുവദിക്കില്ല. സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ വരുമെന്നും അതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇനി ബാറുകൾ അനുവദിക്കുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേർത്തു.

 

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് മന്ത്രിസഭ അംഗീകാരം നൽകി . ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും, കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു.​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നും ഇന്നലെ സതീഷ് അന്വേഷണ സംഘത്തോട് മൊഴി നൽകി.

 

തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റ ന​ഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

 

പാങ്ങപ്പാറ 17 കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ​ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​​ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയൽ മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ തുടരന്വേഷണത്തിന് സാധ്യത തെളിയുകയാണ്.

 

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്ഥാന മന്ദിരം, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.

 

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ വിദ്യാർഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 

കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുൽ റഫീഖിന് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെയായിരുന്നു പ്രതിയുടെ ഹർജി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.

 

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഇത്തവണ ശക്തനായ എതിരാളിയുണ്ടായിട്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. വിദേശസഹായത്തോടെ അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് നെതന്യാഹു ആരോപിക്കുമ്പോൾ, ഖത്തർ ഇത് നിഷേധിച്ചു. പുതിയ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കാം. ഇനി പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും.

 

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജർക്ക് മികച്ച നേട്ടം. മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്ന സുഹാസ് സുബ്രഹ്‌മണ്യം ജനപ്രതിനിധിസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിർജീനിയയിലെ പത്താം കോൺഗ്രഷണൽ ജില്ലയിൽനിന്നാണ് 40-കാരനായ സുബ്രഹ്‌മണ്യം വിജയിച്ചത്.

 

ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പിക്ക്ആക്സ് പർവതത്തിലെ രഹസ്യ ഭൂഗർഭ ആണവനിലയത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ആക്രമണമുണ്ടായാൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

 

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. അർഷ്ദീപ് സിംഗിന്റെയും ഗുർനൂർ ബ്രാറിന്റെയും മികച്ച ബൗളിംഗ് പ്രകടനമാണ് കിവീസിനെ തകർത്തത്. വിജയത്തിനായി ഇന്ത്യക്ക് 186 റൺസാണ് നേടേണ്ടത്.

 

മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ (AMCs) വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഇടനിലക്കാരില്ലാത്ത ഡയറക്ട് പ്ലാനുകള്‍ (Direct Plans) ഡിഫോള്‍ട്ട് ഓപ്ഷനായി നല്‍കാന്‍ സെബി (SEBI) നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെലവുകള്‍ ഒഴിവാക്കി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ 8 ലക്ഷം രൂപയിലധികം അധിക നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്നതാണ് ഈ തീരുമാനം.

 

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ ബുക്കിം​ഗ് ആരംഭിച്ചു. ചിത്രം നവംബർ 6ന് തിയറ്ററുകളിൽ എത്തും. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം, ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മിക്കുന്നത്.സൂപ്പർഹിറ്റ് ചിത്രമായ ‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്.

 

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’ നവംബർ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മിക്കുന്നത്.

 

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ നയൻതാര ചിത്രം ‘മൂക്കുത്തി അമ്മന്’ ശേഷം, വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിച്ച് സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2: മഹാശക്തി’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും .

 

ദീർഘനേരം നീണ്ടുനിൽക്കുന്ന കോഡിംഗ് സെഷനുകൾ വേഗത്തിലാക്കാൻ ‘മെസ്സേജ് ത്രെഡുകൾ’ (Message Threads) എന്ന പുതിയ ഫീച്ചറുമായി പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് (Anthropic). ഓരോ തവണയും മുൻ ചാറ്റ് ഹിസ്റ്ററി മുഴുവനായി എപിഐലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് പകരം, സെർവറുകളിൽ താൽക്കാലികമായി നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.

 

അസാധാരണമാംവിധം ഉയർന്നതോ താഴ്ന്നതോ ആയ ഹീമോഗ്ലോബിൻ നില ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മ്യൂണിക്കിൽ ഒക്ടോബറിൽ നടന്ന 39-ാമത് ECNP കോൺഗ്രസിൽ അവതരിപ്പിച്ച പഠനം ജേണൽ ഓഫ് അൽസ്ഹൈമേഴ്സ് ഡിസീസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള ഡോങ്-എ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നടത്തിയത്. പ്രായപൂർത്തിയായവരിലെ ഹീമോഗ്ലോബിൻ നിലയും ഡിമെൻഷ്യ സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്.

 

 

രാജ്യത്തെ ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിൽ ഒന്നായ കിംസ് ഹോസ്പിറ്റലിന്റെ ആഗോള നിലവാരമുള്ള ആശുപത്രി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ്ണ സജ്ജമായ എമർജൻസി വിഭാഗവും ക്രിട്ടിക്കൽ കെയർ വിഭാഗവും പ്രവർത്തന നിരതമായി.

 

ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം (എൻ.ജി.എൽ.വി.) ‘സൂര്യ’റോക്കറ്റ് ഒരുങ്ങുന്നു. നിലവിൽ ഉപയോഗിക്കുന്ന, പത്ത് ടൺ ഭാരമെത്തിക്കാൻ ശേഷിയുള്ള എൽ.വി.എം. മൂന്ന് റോക്കറ്റിനെക്കാൾ രണ്ടിരട്ടി കരുത്തുണ്ടാവും.

 

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടമാണ് ഉണ്ടായത്. 77,000 എന്ന സൈക്കോളജില്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ലേക്ക് അടുക്കുകയാണ്.എണ്ണവില കുറഞ്ഞതും അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

 

 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളർ – ₹94.69

പൗണ്ട് – ₹127.53

യൂറോ – ₹106.49

സ്വിസ് ഫ്രാങ്ക് – ₹116.25

ഓസ്‌ട്രേലിയൻ ഡോളർ – ₹65.89

ബഹ്‌റൈൻ ദിനാർ – ₹251.56

കുവൈത്ത് ദിനാർ – ₹304.17

ഒമാനി റിയാൽ – ₹246.00

സൗദി റിയാൽ – ₹25.22

യു.എ.ഇ ദിർഹം – ₹25.78

ഖത്തർ റിയാൽ – ₹26.11

കനേഡിയൻ ഡോളർ – ₹67.81

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *