മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്ഗ് മുതല് രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ മാർച്ച് ദില്ലിയെ പ്രകമ്പനം കൊള്ളിച്ചു. 2024 ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടി വരുമെന്നും മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കുമായി വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ‘കേരള മോഡൽ’ വികസനത്തിന് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാംലീല മൈതാനത്ത് ഇന്ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയുടെ ആവേശത്തിന്റെയും പങ്കാളിത്തത്തിന്റെയും ചെറുതല്ലാത്ത പങ്ക് കേരളത്തിന് സ്വന്തം. മുഖ്യമന്ത്രി വി ഡി സതീശൻ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കൾ സമരത്തിന്റെ മുൻനിരയിൽ ശക്തമായ സാന്നിധ്യമറിയിച്ചു.
മുൻമന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല, കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്തു.
കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുവദിച്ച ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്.ഇതിനിടെ വിദ്യാർത്ഥികൾ കോടതിയലക്ഷ്യ ഹർജി നൽകാനും നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചു
കുടുംബദോഷങ്ങൾ മാറുന്നതിനായി പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്സി/എസ്ടി സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
പാർട്ടിയെ അടിമുടി തിരുത്താൻ സിപിഎം സർവേ. പ്രവർത്തനശൈലിയിൽ തിരുത്തലുകൾ വരുത്തുന്നതിനായിട്ടാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിൽ വിപുലമായ സർവേ ആരംഭിച്ചത്. നേതാക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടുന്നതിനായി 83 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടത്തെ കോൺഗ്രസ് തകർത്തു. വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണമെന്നും അമിത് ഷാ. അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിൽകൂടെ ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ഐസ നേതാവ് നേഹ ബോറ. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിവിലിയൻ കപ്പലുകൾ സംരക്ഷിക്കുക, കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി പുനഃസ്ഥാപിക്കുക, ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുക എന്നീ വിഷയങ്ങളിൽ റഷ്യ, യുക്രെയ്ൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഇന്ത്യ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഭീകര സംഘടനകളായി ഇറാൻ പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഇറാന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർണാം ആരോപിച്ചതിന് പിന്നാലെയാണ് ഈ നടപടി.
ചലോ ദില്ലി റാലിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഉത്സവകാലത്ത് ദില്ലിയിലെ വ്യാപാരം തടസ്സപ്പെടുത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ജെ പി നദ്ദയും നിതിൻ നബീനും ആരോപിച്ചു.
രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലി പരാജയമായിരുന്നുവെന്ന് ബിജെപി. പത്ത് ലക്ഷം പേർ അണിനിരക്കുമെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. എന്നാൽ മൈതാനത്തിന്റെ 40 ശതമാനം ഭാഗവും കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ, ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കാൻ അമേരിക്ക സജ്ജമാണെന്ന് മുൻ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ‘പിക്ആക്സ് മൗണ്ടൻ’ പോലുള്ള ആണവ കേന്ദ്രങ്ങളിൽ പത്തു മിനിറ്റിനുള്ളിൽ ആക്രമണം പൂർത്തിയാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹൈദരാബാദിൽ ഐ.വി.എഫ്, ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ പോലീസ് പിടികൂടി. ബെഗംപേട്ടിലെ പ്രകാശ് നഗർ, എരഗഡ്ഡ, സരൂർനഗർ, ഗോപാലപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു
ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ മരണസംഖ്യ അയ്യായിരം കടന്നു. രോഗം സ്ഥിരീകരിച്ചവർ 10,300 ആയി. 26 പ്രവിശ്യകളിൽ എട്ടെണ്ണവും ഇപ്പോൾ രോഗബാധിതമാണെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
രാംലീല മൈതാനത്ത് നടക്കുന്ന ‘ദില്ലി ചലോ’ പ്രക്ഷോഭത്തിനിടെ, വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു കിലോമീറ്ററിലധികം നീളമുള്ള കൂറ്റൻ ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ത്യൻ ഫുട്ബോൾ ലീഗ് (IFL) 2026–27 സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി. ഒഡീഷയിൽ നിന്നുള്ള പുതുമുഖ ടീമായ സമലേശ്വരി എസ്.സിയെ നേരിടും. ഇന്ന് വൈകിട്ട് 6.30 മുതൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തോടെ തുടക്കം കുറിക്കാനാണ് മലബാറിയൻസിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ താരങ്ങളുടെയും യുവപ്രതിഭകളുടെയും കരുത്തിലാണ് ഗോകുലം കേരള പുതിയ സീസണിലേക്ക് ഇറങ്ങുന്നത്.
മലയാള സിനിമയിൽ പോലീസ് ത്രില്ലർ വിഭാഗത്തിൽ പതിവ് ഫോർമാറ്റുകളിൽനിന്ന് മാറിയുള്ള പരീക്ഷണവുമായി ‘ടാരന്റിനോ’ എത്തുന്നു. സംഭവങ്ങളുടെ പിന്നിലെ യഥാർഥ വസ്തുതകളിലേക്ക് എത്താനുള്ള യാത്രയിൽ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും പ്രധാനമാകുന്ന സിനിമയാണിത്. ദി പ്ലോട്ട് പിക്ചേഴ്സും ‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നല്ല സിനിമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൽവിൻ സി ജോൺസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. ജയകൃഷ്ണന്റേതാണ്.
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീനി’ന്റെ ട്രെയ്ലർ പുറത്ത്. മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയ്ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്നറായാണ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ആദ്യത്തെ ഗാനം ‘ഉലകമേ നോക്ക്’ ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നൽകിയ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതേസമയം പെട്രോൾ കയറ്റുമതിക്കുള്ള നികുതി പൂർണമായും ഒഴിവാക്കി. ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ആഗോള വിപണിയിൽ എൽ എൻ ജി (LNG) ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയെ പിന്നിലാക്കി ജപ്പാൻ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന വിലയും ചൈനയിലെ സാമ്പത്തിക-വ്യാവസായിക മന്ദതയും മൂലം ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവുമാണ് ചൈനയുടെ എൽഎൻജി ഇറക്കുമതിയെ ബാധിച്ചത്. 2021-ൽ ചൈന ഒന്നാമതെത്തിയ ശേഷം നടക്കുന്ന പ്രധാന മാറ്റമാണിത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപ എന്ന നിലയിലുമാണ് സ്വർണം വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ മൂലം ചെറുപ്പക്കാർക്കിടയിൽ ടൈപ്പ് 2 ഡയബറ്റിസ് സ്ഥിരീകരിക്കുന്നതിന്റെ തോത് കൂടുകയാണ്. ബ്ലഡ് ഷുഗർ നില നിയന്ത്രണവിധേയമാക്കി മറ്റ് സങ്കീർണതകൾ ഒഴിവാക്കാനുള്ള മരുന്നാണ് പ്രമേഹരോഗികൾക്കു നൽകാറുള്ളത്. ഇപ്പോഴിതാ ഭക്ഷണക്രമീകരണവും വ്യായാമവും സംയോജിപ്പിച്ച് ടൈപ്പ് 2 ഡയബറ്റിസ് ഫലപ്രദമായി കുറയ്ക്കാനാവുമെന്ന് പറയുകയാണ് ഗവേഷകർ.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക് തന്റെ നിർമിതബുദ്ധി കമ്പനിയായ xAI-യുടെ ഡാറ്റാ സെന്ററുകൾക്ക് സമീപമുള്ള 418 വീടുകൾ വിലയ്ക്കുവാങ്ങാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഒരു റെസിഡൻഷ്യൽ പ്രദേശത്ത് തന്റെ ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാൽ വീടുകൾ വിലയ്ക്ക് വാങ്ങുന്നതിന് ഒരു ഉപാധി മസ്ക് മുന്നോട്ടുവെച്ചിട്ടുണ്ട്.
കൗമാരക്കാരായ ഉപയോക്താക്കൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇനി ചാറ്റ്ജിപിടി ഉത്തരം നൽകില്ല. ചോദ്യങ്ങൾ നിരുപദ്രവകരമാണെന്ന് തോന്നിയാൽ പോലും ചോദിക്കുന്നത് കൗമാരക്കാരാണെങ്കിൽ എഐ ടൂൾ അവയോട് മുഖംതിരിക്കും. ചാറ്റ് ജിപിടി അടക്കമുള്ള എഐ ടൂളുകൾ കൗമാരക്കാരിൽ അക്രമവാസന വർധിപ്പിക്കുന്നു എന്നതടക്കമുള..പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പൺഎഐ കർശന മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.
