പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി. പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകിയത്. എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.
സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്.ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദ്വിദിന ‘ഹെർ സമ്മിറ്റ് 2026′ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സൈബർ ആക്രമണങ്ങൾ തടയാനുള്ള നിയമനിർമ്മാണവും പുതിയ നയത്തിന്റെ ഭാഗമാകും.
മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ 4 പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.
കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ മാപ്പപേക്ഷ നൽകില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. മാപ്പ് പറയൽ കീഴടങ്ങലാകുമെന്നും ഉടൻ നിരാഹാര സമരം തുടങ്ങുമെന്നും അവർ അറിയിച്ചു. അതേസമയം, മതിയായ ഹാജറില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ സിസ തോമസ്.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാനാകും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല.
കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത് ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് 1600 കോടിക്ക് വൈദ്യുതി വാങ്ങുന്നതിനെ എതിര്ത്തതോടെയെന്ന് വിവരം. സ്വകാര്യ കമ്പനി ഇടപാടിന് വഴങ്ങാഞ്ഞതും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് നേട്ടമെന്ന നിലപാട് എടുത്തതുമാണ് മാറ്റത്തിന് കാരണമായത്.
റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. `ഗോൾഡൻ ഗോൾ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 108നൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി.
റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് പുതിയ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
മഹാരാജാസ് കോളേജിൽ ബിരുദ വിതരണ ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രസംഗം തടഞ്ഞ് ചടങ്ങ് അലങ്കോലമാക്കിയെന്ന വിവാദത്തിൽ നടപടി. സംഭവത്തിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകരെ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ ചാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവർക്കെതിരെയാണ് കോളേജ് കൗൺസിലിന്റെ നടപടി.
പാങ്ങപ്പാറയിൽ 17-കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികവിവരം. പാങ്ങപ്പാറയിൽതന്നെ ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർഥിയായ അഭിറാം ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയും ഒരു 17-കാരനാണ്.
മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂർണ ദേശീയ സമ്മേളനം 2027 നവംബർ 5,6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി അഡ്വ.ഷിബു മീരാനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ദേശീയ സമ്മേളന പ്രചാരണർത്ഥം കശ്മീരിൽനിന്നും കന്യാകുമാരി വരെ‘യുവ ഭാരത് യാത്ര’ സംഘടിപ്പിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.
തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷൻ. ജയിൽ ചാട്ടത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വർധിപ്പിക്കാൻ നടപടികൾ നിർദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകൾ പരിശോധിച്ച് ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യ സംഭാവന കൊള്ളയിലെ ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. കേസിൽ കുറ്റപത്രം നൽകിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഹർജികൾ തീർപ്പാക്കിയത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ എസ് കിരണിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് മേലുള്ള നിരീക്ഷണവും സുപ്രീംകോടതി ഈ സാഹചര്യത്തിൽ അവസാനിപ്പിച്ചു.
ഇന്ത്യ-ഭൂട്ടാൻ സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക ആദരം നൽകി. ഗെലെഫു മൈൻഡ്ഫുൾനസ് സിറ്റിയിൽ നിർമ്മിച്ച 76-ാം നമ്പർ വിശുദ്ധ സ്തൂപമാണ് മോദിക്ക് സമർപ്പിച്ചത്. ലഹാബാബ് ദുച്ചെൻ ആഘോഷവേളയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ത്യയെ പ്രതിനിധീകരിച്ചു.
എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൽ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഒസിഐ കാർഡുള്ള നടന് ഇന്ത്യയിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്ന് കോടതി വിമർശിച്ചു. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ തത്കാലം രാജ്യം വിടേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്റെ രാംലീല റാലിക്ക് പിന്നാലെ ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം. രാഹുൽ ഗാന്ധി നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയപ്പോൾ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലാണെന്ന് രാഹുൽ തിരിച്ചടിച്ചു.ഗ്യാനേഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ തുടര്‍ പോരാട്ടങ്ങള്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് രണ്ട് നിലവിലെ എംഎൽഎമാർ ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിലെ എംഎൽഎമാരായ ഹർമീത് സിങ് പഠാൻമജ്റ, ചേതൻ സിങ് ജോരമജ്റ, മുൻ എഎപി നിയമസഭാംഗമായ കൻവർ വിജയ് പ്രതാപ് സിങ് .എന്നിവർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു.
അതിരൂക്ഷ വിലക്കയറ്റവും സാമ്പത്തിക-ഊർജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് 500-ലധികം ഫാക്ടറികൾ അടച്ചു. പ്രതിഷേധം തണുപ്പിക്കാൻ വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു.
ഖത്തറിൽ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും. രജത് പടിദാറാണ് ഉപനായകൻ. കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് വലിയ അഴിച്ചുപണിയാണ് ഇത്തവണ സെലക്ടർമാർ നടത്തിയിരിക്കുന്നത്.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്തിട്ടുണ്ട്. 95 റൺസെടുത്ത ആര്യ ദേശായിയുടെയും അർദ്ധ സെഞ്ച്വറി നേടിയ ഉർവ്വിലിന്റെയും പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്.
ദേശീയ സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഒരു റണ്ണിന്റെ വിജയം. അവസാന എട്ട് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാനായത്.
മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിൽ ജോലി ഒഴിവുകളുമായി ലുലുഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു.മാനേജ്മെന്റ് ട്രെയിനീസ്, ജൂനിയർ അക്കൗണ്ടന്റ്സ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 75938 12223, 75938 12225.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിലവർധന തുടരുന്നു. പ്രമുഖ ആഭ്യന്തര സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയും ഫോണുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. നവംബർ 15 മുതൽ ലാവയുടെ സ്മാർട്ട്ഫോണുകൾക്ക് 3,000 രൂപ വരെ വില കൂടുമെന്ന് കമ്പനി അറിയിച്ചു. ആഗോളതലത്തിൽ തുടരുന്ന മെമ്മറി ചിപ്പ് പ്രതിസന്ധിയാണ് സ്മാർട്ട്ഫോൺ വിപണിയിലെ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബിൽഡറും തന്റെ ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരൻ. നവംബറിൽ മുംബൈയില്‍ വച്ചാണ് വിവാഹം നടക്കുക.
സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി ചിത്രം തിയേറ്ററിലെത്താൻ നാലു ദിനം ബാക്കി നിൽക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടൈനറാണ് ചിത്രം . സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു .ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്സ് ,സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒട്ടേറെ പുതുമകളുമായി എത്തുന്ന ‘ഭൗമ’യിലെ ആദ്യ ഗാനം പുറത്ത്. സിദ് ശ്രീറാമിൻ്റെ മാസ്മരിക ശബ്ദത്തിൽ ‘പാറും പാരാകെ’ എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിൻ്റെ ഈണത്തിന് വൈശാവ് സുഗുണൻ്റേതാണ് വരികൾ. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
പ്രായമാകുമ്പോൾ ഭക്ഷണശീലങ്ങളിലും മാറ്റം വരുത്താം. എന്നാൽ മിക്കവാറും കാണുന്നത് പ്രായമായാലും ഭക്ഷണശീലങ്ങൾ അതുപോലെ തുടരുന്നതാണ്. രാവിലെ പതിവുള്ള പോഹ പോലുള്ള ഭക്ഷണങ്ങൾ, ഉച്ചയ്ക്ക് ചോറ്, വൈകിട്ട് ചായ, ബിസ്ക്കറ്റ്, രാത്രി ചോറോ ചപ്പാത്തിയോ എന്നാൽ പ്രായമായ അച്ഛനമ്മമാരുടെ ഭക്ഷണത്തിൽ പലപ്പോഴും ഉൾപ്പെടാതെ പോകുന്ന ഒന്നുണ്ട്. അതാണ് പ്രോട്ടീൻ. എല്ലാ പ്രായത്തിലും പ്രോട്ടീൻ ആവശ്യമാണ്. കൂടുതൽ പ്രോട്ടീൻ കഴിക്കാനായി വില കൂടിയ ഭക്ഷണങ്ങൾ വാങ്ങുകയൊന്നും വേണ്ട. പകരം നമുക്ക് പരിചിതമായ ഭക്ഷണങ്ങളിൽ തന്നെ അൽപം മാറ്റം വരുത്തിയാൽ മതി. രക്ഷിതാക്കൾക്കുള്ള ചില പ്രോട്ടീൻ സ്വാപ്സ്, പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അവർ പറയുന്നത് ദിവസവും ഉള്ള ഭക്ഷണങ്ങൾ തുടരുക എന്നാൽ അവയിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക എന്നാണ്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്സ് എത്തി.വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റമില്ലാതിരുന്ന മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും ഇന്നത്തെ റാലിയില്‍ പങ്കുചേര്‍ന്നു ഫാര്‍മ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് . മെറ്റല്‍ സൂചികയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്; 1.5 ശതമാനം. എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി സൂചികകളും ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി
