ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു പൊതു പ്രശ്‌നമായി മാറിയിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സന്ധിവേദന, കാല്‍വിരലുകളിലോ മുട്ടുകളിലോ ഉണ്ടാകുന്ന വീക്കം, വിട്ടുമാറാത്ത കാഠിന്യം എന്നിവ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണമാവാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്യൂരിന്‍ എന്ന ഘടകത്തെ ശരീരം വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് കൃത്യസമയത്ത് ശ്രദ്ധിക്കാതിരുന്നാല്‍ ഗൗട്ട് രോഗത്തിനും, വൃക്കയിലെ കല്ലുകള്‍ക്കും, സന്ധികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവാനും കാരണമാകും. ശരീരത്തിന് പുറന്തള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അവ ക്രിസ്റ്റലുകളായി സന്ധികളില്‍ അടിയുകയും വീക്കവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ കൊണ്ട് ഇതില്‍ നിന്ന് വലിയ ആശ്വാസം നേടാനാകും. റെഡ് മീറ്റില്‍ പ്യൂരിന്റെ അളവ് വളരെ കൂടുതലാണ്. ഇത് പതിവായി കഴിക്കുന്നത് യൂറിക് ആസിഡ് ഉയരുന്നതിനും ഗൗട്ട് രോഗത്തിനും സന്ധിവീക്കത്തിനും കാരണമാകുന്നു. മൃഗങ്ങളുടെ കരള്‍, വൃക്ക തുടങ്ങിയ ഓര്‍ഗന്‍ മീറ്റില്‍ കടുത്ത പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന യൂറിക് ആസിഡോ ഗൗട്ടോ ഉള്ളവര്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇവ ചെറിയ അളവില്‍ കഴിച്ചാല്‍ പോലും കഠിനമായ വേദനയ്ക്ക് കാരണമായേക്കാം. ചെമ്മീന്‍, മത്തി, നെത്തോലി, ഷെല്‍ഫിഷ് തുടങ്ങിയവ ഗൗട്ട് ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയ്ക്ക് പകരം സാല്‍മണ്‍ പോലുള്ള പ്യൂരിന്‍ കുറഞ്ഞ മത്സ്യങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് സുരക്ഷിതം. പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരത്തില്‍ വീക്കം കൂട്ടുകയും മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
