yt cover 59

കനത്ത മഴ മൂലം ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് ഭരണകാലത്തെ പിഎസ് സി നിയമന തട്ടിപ്പുകളില്‍ പിഎസ് സി ചെയര്‍മാന്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആസൂത്രണ ബോര്‍ഡില്‍ ഉന്നത പദവിയില്‍ നിയമനം നേടിയ സിപിഎം നേതാവ് നാലു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നില്ല. ആറു ചോദ്യങ്ങളുടെ ഉത്തരം തെറ്റായിരുന്നു. പരീക്ഷ എഴുതിയ മറ്റുള്ളവര്‍ക്കു പൂജ്യം മാര്‍ക്കു നല്‍കിയാണ് നിയമനം നല്‍കിയതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവിധ തസ്തികകളില്‍ സിപിഎമ്മുകാരെ നിയമിക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ഇന്ത്യന്‍ നാവികരുടേയും കപ്പലുകളുടേയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികളെടുക്കുമെന്നു കേന്ദ്രമന്ത്രിസഭ. നാവികര്‍ക്ക് വിവരങ്ങള്‍ കൈമാറാനും, അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ട്.

പി എം ശ്രീ പദ്ധതിയിലൂടെ ഒരു വര്‍ഗീയ അജണ്ടയും നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍. കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കൂ. എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നുന്നതു സംബന്ധിച്ചു തീരുമാനിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിക്കും. രണ്ടാം ഭൂപരിഷ്‌കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. നെയ്യ് ശുദ്ധീകരിക്കാന്‍ ശബരിമലയില്‍ പ്ലാന്റ് ഉണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് മില്‍മയില്‍നിന്നു വാങ്ങിയ നെയ്യ് മറിച്ചുവിറ്റ് ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ബോര്‍ഡിന്റെ തീരുമാനം.

ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്ത.

അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയെ ജസ്റ്റിസ് ബദറുദ്ദിന്‍ വിമര്‍ശിച്ചു. ശ്രീജിത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനേയും ഒരുമിച്ച് കേട്ടത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ പ്രതികളുടെ 37.59 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120 സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 300 കോടി രൂപയില്‍ അധികം തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍.

സംസ്ഥാനത്തെ 37 സ്വര്‍ണവ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ്- ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ്. നികുതി വെട്ടിപ്പു കണ്ടെത്താനാണ് ഉച്ച മുതല്‍ വൈകുന്നേരംവരെ പരിശോധന നടത്തിയത്.

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്. കെ.പി.തോംസണ്‍, സുനില്‍രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തന കേസ് അന്വേഷിച്ച മൂന്നു ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്.

പവര്‍കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോണ്‍ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഫോണ്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി പൊലീസ്. സംഭവം വിവാദമായതോടെയാണ് ഫോണ്‍ തിരികെ നല്‍കി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു.

കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിറകേ, ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.

പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍നിന്ന് പിന്‍മാറാനാകില്ലെന്നന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിഎം ശ്രീയില്‍ ഉല്‍പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. മന്ത്രിസഭ ഉപസമിതിയുടെ യോഗം ബുധനാഴ്ച നടക്കും.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് വീമ്പിളക്കിയവര്‍ അതു നടത്തിക്കാണിക്കണമെന്ന് മുന്‍ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്.

പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ബി ജെ പിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതുമൂലം കൊച്ചി വിമാനത്താവളത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രി പത്തിനു പുറപ്പെടേണ്ടിയിരുന്ന വിമാനം പുലര്‍ച്ചെ രണ്ടിനേ പോകൂവെന്ന് രാത്രി 11 ന് അറിയിച്ചതാണ് പ്രകോപനത്തിനു കാരണം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സായ യുവതിയില്‍നിന്ന് 56 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കാസര്‍കോട് സ്വദേശി അശ്വതിയാണ് പിടിയിലായത്. ജയിലിലുള്ള ഭര്‍ത്താവിന് എത്തിച്ചു കൊടുക്കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതിയുടെ മൊഴി.

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയര്‍മാന്‍ തമിഴ്നാട് പോലീസിന്റെ പിടിയില്‍. കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി പി.വി.ബിനു ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.

പാര്‍ലമെന്റിലെ തന്റെ ഓഫീസില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നീറ്റ് പരീക്ഷാക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജൂലൈ 29 വൈകുന്നേരം ആറുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്തോഷ് ഡി. വൈദ്യ വെളിപ്പെടുത്തി.

ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലറ്റും, കണ്ണീര്‍ വാതകവും പ്രയോഗിച്ചതും, ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശിച്ചതും അമിത്ഷായാണ്. പ്രധാനമന്ത്രി മോദി ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങണം. ആര്‍ എസ് എസ് ദളിത് വിരുദ്ധതയും, മനുസ്മൃതിയും സിലബസിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി ജെ പി നദ്ദയും ചെയര്‍മാന്‍ സി പി രാധാകൃഷ്ണനും ഖര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്തു. ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറാകണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ഡല്‍ഹിയില്‍നിന്ന് മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അഭിജീത് ദീപ്കെ പ്രധാനമന്ത്രിയെ പരിഹസിച്ചത്.

എഥനോള്‍ പെട്രോളിനെതിരെ ഡല്‍ഹിയില്‍ ഇന്നു പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന സംഘടനയുടെ നേതാവ് തെഹ്സീന്‍ പൂനെവാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. കേന്ദ്ര സര്‍ക്കാറിനെതിരെ സത്യം പറഞ്ഞതിനാണ് നടപടിയെന്ന് പൂനെവാല വിമര്‍ശിച്ചു.

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദര്‍ഗയില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ പ്രാര്‍ഥന നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

പരീക്ഷാ ചോര്‍ച്ച തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷന്‍സ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍, വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുന്‍ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ. അഴഗിരിയുടെ മകളുമായ കയല്‍വിഴി അഴഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐ ബാങ്ക് മാനേജരെ മര്‍ദിച്ച കേസിലാണ് കയല്‍വിഴിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂവില്‍ കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്ക് അധിക ലഗേജുകള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിന് ഇന്ത്യന്‍ റെയില്‍വേ തുടക്കമിട്ടു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി ഇന്നു മുതല്‍ അധിക ലഗേജ് ബുക്ക് ചെയ്യാം.

അമേരിക്ക – ഇറാന്‍ സംഘര്‍ഷം കനക്കുന്നു; മൂന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് ഇറാന്‍, റിയാദില്‍ സ്ഫോടനം നടന്നതായി ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 110 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ലൗപ്രീത് സിങ്വെള്ളി മെഡല്‍ സ്വന്തമാക്കിയതാണ് ഇന്നലത്തെ ഇന്ത്യയുടെ മറ്റൊരു പ്രധാന നേട്ടം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം സീമ കാലീരാംന ഇന്നലെ വെങ്കല മെഡലും കരസ്ഥമാക്കി.

ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണു മല്‍സരമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡെറേഷന്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും ഇത്. സെപ്റ്റംബര്‍ 25 ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള ബ്രസീലിന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുക.

വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആദ്യ പാദത്തില്‍ വരുമാനം 23.5 ശതമാനം ഉയര്‍ന്ന് 1,810.65 കോടി രൂപയായി. ലാഭം മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം ഉയര്‍ന്ന് 130.25 കോടി രൂപയായി. കമ്പനിയുടെ വരുമാനത്തില്‍ 51 ശതമാനവും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനം 36.7 ശതമാനം ഉയര്‍ന്ന് 932.31 കോടിയായി. മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ധിച്ച് 878.34 കോടി രൂപ. ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ വരുമാനം 22.8 ശതമാനം ഉയര്‍ന്ന് 658.46 കോടി രൂപയായി. ഇലക്ട്രിക്കല്‍സ് വിഭാഗം 27.7 ശതമാനം വളര്‍ച്ചയോടെ 670.12 കോടി രൂപയുടെ വരുമാനം നേടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 416.71 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. വീഗാര്‍ഡ് 2023ല്‍ ഏറ്റെടുത്ത കിച്ചണ്‍ അപ്ലൈയന്‍സസ് ബ്രാന്‍ഡായ സണ്‍ഫ്‌ലേമില്‍ നിന്നുള്ള വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 65.69 കോടി രൂപയായി.

ഗൂഗിള്‍ പേ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ജെമിനി എഐ അധിഷ്ഠിതമായ ‘ആസ്‌ക് ഗൂഗിള്‍ പേ’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഈ എഐ സംവിധാനം സഹായിക്കും. ഗൂഗിള്‍ പേ ആപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഐ അസിസ്റ്റന്റാണ് ഇത്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള ടിപ്പുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍, എസ്.ഐ.പി, സിബില്‍ സ്‌കോര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കള്‍ക്ക് ചോദിച്ചറിയാം. ഇത് ഉപയോഗിക്കുന്നതിനായി ആപ്പിലെ സെറ്റിങ്‌സില്‍ (Settings > Privacy & Security > Data and perosnalisation) പോയി ‘പേഴ്‌സണലൈസേഷന്‍’ ഓപ്ഷന്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം ഹോം സ്‌ക്രീനിലെ ‘മണി’ ടാബിലെ ‘Ask a question’ എന്ന വിഭാഗത്തിലൂടെ എഐയുമായി സംസാരിച്ചു തുടങ്ങാം.

‘ജെന്റില്‍മാന്‍’ ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4കെ അള്‍ട്ര എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥ പറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘ജെന്റില്‍മാന്‍’. കെടി കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 1993-ല്‍ പുറത്തിറങ്ങിയ ‘ജെന്റില്‍മാന്‍’ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക.

വിസ്മയ മോഹന്‍ലാലിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റമായ തുടക്കം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഓഗസ്റ്റ് 7 നാണ് ചിത്രത്തിന്റെ റിലീസ്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമാണിത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ.

കിയ പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ പലതവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ട സോറെന്റോ എസ് യുവിയാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യമോ പുതിയ കിയ സോറെന്റോ വിപണിയില്‍ എത്തിയേക്കും. ഈ മോഡലിന് ഏകദേശം 45 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ലെവല്‍ 2 അഡാസ് സ്യൂട്ട്, ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ആന്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റിങ്, വലിയ അലോയ് വീലുകള്‍ എന്നിവയായിരിക്കും വാഹനത്തിന്റെ പുതിയ ഫീച്ചറുകളായി കമ്പനി അവതരിപ്പിക്കുക. ഹൈബ്രിഡ് രൂപത്തിലുള്ള 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഓപ്ഷണല്‍ എഡബ്ല്യൂഡി സിസ്റ്റവും സോറെന്റോയ്ക്ക് കരുത്തുപകരുമെന്നാണ് കരുതുന്നത്.

കേരള സംസഥാന ജലസേചന വകുപ്പില്‍ നിന്ന് ചീഫ് എഞ്ചിനീയറായി റിട്ടയേര്‍ഡ് ചെയ്ത കോമളവല്ലിയമ്മയുടെ ഔദ്യോദിക അനുഭവങ്ങളുടെ സൃഷ്ടിയാണ് ഈ കൃതി. ആവശ്യത്തിന് കൃഷിയോ, കൃഷി ഭൂമിയോ ഇല്ലാതെ ആഹാരത്തിനു വേണ്ടി കേരളം അയല്‍ സംസ്ഥാനങ്ങളെ ആലംബമാക്കുക പതിവാക്കിയിട്ടു കുറെ വര്‍ഷങ്ങളായി. നമ്മുടെ കൈവശമുള്ള തരിശുഭൂമി പുനര്‍ ഉപയോഗിക്കുവാനുള്ള ഈ പുസ്തകത്തിലെ ആഹ്വാനം ഈ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്. ‘തരിശുഭൂമി പുനരുജ്ജീവനം’. ഡോ. കോമളവല്ലി അമ്മ. രചന ബുക്സ്. വില 342 രൂപ.

രാത്രി ഉറങ്ങുന്നതിന് മുന്‍പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെയും ഉറക്കത്തെയും നേരിട്ട് ബാധിക്കും. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണെങ്കിലും രാത്രിയില്‍ കഴിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന 5 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. പോഷകങ്ങള്‍ ധാരാളമുണ്ടെങ്കിലും ചീര രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചീരയിലുള്ള ഫൈബറും അയണും ദഹിക്കാന്‍ പ്രയാസമാണ്. ഇത് വയറിന് ഭാരം കൂട്ടാനും ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കാനും കാരണമാകും. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത്താഴത്തിനൊപ്പമോ ഉറങ്ങുന്നതിന് മുന്‍പോ കഴിക്കുന്നത് അത്ര നല്ലതല്ല. പഴങ്ങളിലെ സ്വാഭാവിക മധുരം രാത്രിയില്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് ചിലരില്‍ വയറുവേദനയ്ക്കും ഉറക്കം നഷ്ടപ്പെടാനും കാരണമാകും. കുക്കുമ്പറും ബീറ്റ്റൂട്ടും ശരീരത്തിന് തണുപ്പ് നല്‍കുന്നവയാണ്. വൈകുന്നേരമോ രാത്രിയിലോ ഇവ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ദഹനത്തെ ദുര്‍ബലമാക്കുകയും ചെയ്യും. മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ പ്രോട്ടീനും ഫൈബറും കൂടുതലാണ്. ഇവ രാത്രിയില്‍ പച്ചയ്ക്ക് കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഗ്യാസ്, വയറുവീര്‍പ്പ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. തൈര് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, പകല്‍ സമയത്ത് കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം. തൈരിന് തണുപ്പ് നല്‍കാനുള്ള കഴിവുണ്ട്. അതിനാല്‍ രാത്രിയില്‍ കഴിക്കുന്നത് ശരീരത്തില്‍ കഫം കൂടാനും ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ദഹനപ്രക്രിയ പതുക്കെയാകുന്നതുകൊണ്ട് തൈര് ശരിയായി ദഹിക്കാതെയും വരാം.

ശുഭദിനം
കവിത കണ്ണന്‍
ഒരു ചെറിയ രാജ്യമായിരുന്നു അത്. അതുപോലെ തന്നെ അവരുടെ സൈന്യവും ചെറുതായിരുന്നു. എന്നിട്ടും തങ്ങളുടെ നല്ലവനായ രാജാവിനുവേണ്ടി അവര്‍ പല യുദ്ധങ്ങളും ജയിച്ചിരുന്നു. ഒരു ദിവസം തങ്ങളേക്കാള്‍ മൂന്നിരട്ടി സൈന്യബലമുള്ള ഒരു രാജ്യം അവരെ ആക്രമിക്കാനെത്തി. അത് കണ്ട സൈന്യാധിപന്‍ പറഞ്ഞു: ‘ഈ യുദ്ധം ജയിക്കാന്‍ കഴിയില്ല. കീഴടങ്ങുന്നതാണ് നല്ലത്.’ എന്നാല്‍ രാജഗുരു അതിനെ എതിര്‍ത്തു. ‘ഈ യുദ്ധം ഞാന്‍ നയിക്കാം.’ സൈന്യവുമായി പുറപ്പെട്ട രാജഗുരു വഴിമധ്യേ ഒരു ഗുഹ ചൂണ്ടിക്കാണിച്ച് പറഞ്ഞു: ‘ഇത് ഒരു മാന്ത്രിക ഗുഹയാണ്. ഇതില്‍ വെളിച്ചം തെളിഞ്ഞാല്‍ നമ്മള്‍ ജയിക്കും. ഇല്ലെങ്കില്‍ തോല്‍ക്കും.’ സൈനികര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. സന്ധ്യയായപ്പോള്‍ ഗുഹയ്ക്കുള്ളില്‍ നിന്ന് വെളിച്ചം പുറത്തേക്ക് പരന്നു. അത് കണ്ട സൈനികരുടെ ആത്മവിശ്വാസം ഇരട്ടിയായി.
അവര്‍ ധൈര്യത്തോടെ പൊരുതി… ഒടുവില്‍ വിജയിച്ചു. തിരിച്ചെത്തിയപ്പോള്‍ രാജഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ആ ഗുഹയില്‍ വിളക്ക് എന്നും കത്തുന്നുണ്ട്. പകല്‍ വെളിച്ചത്തില്‍ അത് കാണാനാകില്ല. ഇരുട്ട് വീഴുമ്പോഴാണ് അതിന്റെ പ്രകാശം പുറത്തേക്ക് കാണുന്നത്.’ തോല്‍ക്കുന്നതിന് മുമ്പ് തോല്‍വി സമ്മതിക്കുന്നതാണ് യഥാര്‍ത്ഥ പരാജയം. പ്രതികൂല സാഹചര്യങ്ങള്‍ കണ്ടാല്‍ ചിലര്‍ വിശ്വാസം നഷ്ടപ്പെടുത്തും… മറ്റുചിലര്‍ സ്വന്തം ഉള്ളിലെ ശക്തിയെ കണ്ടെത്തും. ഇരുട്ട് വന്നതുകൊണ്ട് വെളിച്ചം അണഞ്ഞെന്നല്ല… അത് കാണാനുള്ള സമയമായെന്നുമാത്രം. ജീവിതത്തിലും അങ്ങനെ തന്നെയാണ്. പ്രതിസന്ധികള്‍ നമ്മുടെ കരുത്ത് ഇല്ലാതാക്കുന്നില്ല… അത് തിരിച്ചറിയാനുള്ള അവസരം നല്‍കുകയാണ്. – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *