കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബിഎൽഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകൾ വിതരണം ചെയ്തതായും രത്തൻ ഖേൽക്കർ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കും. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്നും ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്കി. അതേസമയം കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ജോലി സമ്മര്‍ദ്ദമെന്ന ബിഎൽഒമാരുടെ വ്യാപക പരാതിക്കിടെ ഈ മാസം 26നകം എന്യൂമറേഷൻ ഫോം ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്. 26 ന് മുമ്പായി ഫോം സ്വീകരിച്ച് ഡിജിറ്റലൈസേഷന് പൂർത്തിയാക്കണം. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബർ 4 വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിർദേശം.
സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 21കാരിയെ വ്യാജരേഖയുണ്ടാക്കി മത്സരിപ്പിച്ചതിലാണ് നടപടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹിയറിങ്ങിൽ കൃത്യമായ പ്രവേശന രേഖകൾ സ്കൂൾ അധികൃതർ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. യുപി സ്വദേശിയായ കുട്ടിയെ കുറിച്ച് കായികമേളക്ക് ശേഷം വിവരമില്ലെന്നാണ് സ്കൂളിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനിൽപ്പിനും ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാൽ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. അസോസിയേറ്റ് മെമ്പറായാകുമോ പ്രവേശനമെന്ന് മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പൊട്ടിത്തെറി. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകിട്ട് 3നാണ്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന് കൂട്ടിച്ചേര്‍ത്തു
കോഴിക്കോട് കോര്പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വിഎം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിയുന്നു. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന് വിവരം പുറത്തുവന്നു.
വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തിൽ അറസ്റ്റ്. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ സെൽ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഷ്കർ എന്ന് പൊലീസ് പറഞ്ഞു.വയനാട്ടിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന ആദ്യദിവസങ്ങളിൽ തന്നെ തിരക്ക് വർദ്ധിച്ച്, നിലയ്ക്കലിൽ കെഎസ്ആർടിസി, പൊലീസ് ക്രമീകരണങ്ങൾ താളം തെറ്റുന്നു. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല.
ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം ശബരിമലയിൽ ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിന് ശേഷവും സഹായിക്കാൻ ആരുമില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു. കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ മാത്രമാണ് മരണ കാരണം. വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം, ആരോഗ്യവകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും.
തിരുവനന്തപുരം തൈക്കാട് സംഘർഷത്തിനിടെ 19 കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്. കസ്റ്റഡിയിൽ ഉള്ളവരിൽ കാപ്പാ കേസ് പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകം ആസൂത്രിതം എന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവി പരിചരണ കേന്ദ്രത്തിൽ പരിചരിച്ചിരുന്ന കടുവ ചത്തു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിനെ തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്പൈസ് സെന്ററില്‍ തീവ്രപരിചരണം നല്കി വരികയായിരുന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്കിയ ആൾ സുപ്രീംകോടതിയിൽ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. പുകവലിക്കുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’എന്ന പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിൽ പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും പുറം ചട്ടയിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രസാധകരമായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചിരുന്നു. എന്നാല്‍ പുസ്തകത്തിന് പിന്നിലെ മുന്നറിയിപ്പ് നിയമപരമായ മുന്നറിയിപ്പല്ല എന്നാണ് ഹർജിക്കാരന്റെ വാദം.
ബീഹാർ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായി ജൻസുരാജ് പാർട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടും ജൻ സുരാജ് പാർട്ടി പരാജയപ്പെട്ടു. തിരിച്ചടി അംഗീകരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാതെ പോയത് വലിയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു.
സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് ഹൈദരാബാദിൽ നിന്നും തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 45 തീർത്ഥാടകർ മരിച്ച സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ സുപ്രീംകോടതിയിൽ ഹർജി നല്കി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്. ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്നും, ഫോം 20 പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണമെന്നും ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സത്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
ബിഹാർ തോൽവിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നുവെന്ന് റിപ്പോർട്ട്. നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു.അഖിലേഷ് യാദവിനെ നേതാവാക്കണം.ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിനാവില്ലെന്നും മുതിർന്ന നേതാവും ലഖ്നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു. തൃണമൂൽ കോൺഗ്രസും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.
ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.
ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് ഓണററി ഓസ്കർ നൽകി അക്കാദമി. സിനിമയിലെ ടോം ക്രൂസിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാദമി ഓണററി ഓസ്കർ നൽകിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ഗവർണേഴ്സ് അവാർഡ്സിൽ വച്ചാണ് ടോം ക്രൂസിന് പുരസ്കാരം നൽകിയത്. നേരത്തെ മൂന്ന് തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്കാരം ലഭിച്ചിരുന്നില്ല.
കൂടുതൽ പലസ്തീനികളുമായുള്ള ചാർട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയിൽ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജൊഹനാസ്ബർഗിലെ ഒ ആർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ വിമാനത്തിലാണ് 153 പലസ്തീൻ സ്വദേശികളെത്തിയത്.
എഫ് -35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
