സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.
18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന സർക്കാർ ശുപാർശ പി എസ് സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമ പ്രശ്നം ഉണ്ടെന്നാണ് പി എസ് സിയുടെ നിലപാട്. അത്തരത്തിൽ റാങ്ക് ലിസ്റ്റ് നീട്ടുന്നത് നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും പി എസ് സി ചൂണ്ടിക്കാട്ടി.
ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി.
സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ മുസ്ലിം ലീഗിനെതിരെ ഉയർന്ന വർഗീയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തെരഞ്ഞെടുപ്പിൽ ബി ജെ പിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സി പി എമ്മാണെന്നും ലീഗ് എവിടെയാണ് വർഗീയത പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ വലിയൊരു ഭാഗം ഇപ്പോഴും ഈടാക്കാനുണ്ട്. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്
ഡ്രൈവിംഗ് ലൈസിംഗിന് ഒരു പരീക്ഷ കൂടി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം മറ്റൊരു പരീക്ഷ കൂടി ജയിക്കണമെന്ന് എംവിഡി പുതിയ ഉത്തരവിറക്കി. ഹസാർഡ് പെർസെപ്ഷൻ എന്ന പേരിലുള്ള ഈ ടെസ്റ്റ് റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആർ എസ് എസ് മുന്നേറ്റം തടയാൻ ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഒളിവിൽ പോയ സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയിൽ പറഞ്ഞു. എന്നാൽ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, പതിനാറാം തീയതി ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം. ഒക്ടോബറിൽ നടക്കുന്ന ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ 20 വിമത എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് വിമത എംപിമാരിൽ ഒരാളായ ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നിൽ രണ്ടിലധികം എംപിമാർ ബിജെപിയിൽ ചേരുമെന്നും ഇതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃണമൂൽ കോൺഗ്രസ് പുതുമുഖമായ സഞ്ചിത പ്രധാൻ ഡേയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുവേന്ദു അധികാരി സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഡിഡ്‍വാനാ കുചാമൻ ജില്ലയിലെ പർബത്‍സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ്ചന്ദ് ആണ് ഒറ്റ വോട്ടിൽ ഒതുങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ട് ലഭിച്ചത് പാർട്ടിക്കും നാണക്കേടായി.
രാജസ്ഥാൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നിർണായക ജയവുമായി സി പി എം. ബീക്കാനറിലെ നോഖാ മുൻസിപ്പാലിറ്റിയിൽ ആകെയുള്ള 45 സീറ്റുകളിൽ 29 എണ്ണവും നേടി സി പി എം ചരിത്രത്തിലാദ്യമായി നഗരസഭ ഭരണം പിടിച്ചെടുത്തു. ബി ജെ പിക്ക് 13 സീറ്റും സ്വാതന്ത്ര സ്ഥാനാർത്ഥികൾക്ക് 3 സീറ്റും ലഭിച്ചു.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‍പുതിന്‍റെ മാനേജറായിരുന്ന ദിശ സാലിയന്‍റെ മരണത്തിൽ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആദിത്യ താക്കറെ എംഎൽഎ, അഭിനേതാക്കളായ റിയാ ചക്രബർത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പേരുകൾ എഫ് ഐ ആറിലുണ്ട്. 2020 ജൂൺ എട്ടിനാണ് ദിശയെ മലാഡിലെ ഫ്ലാറ്റിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ച വനിതാ ബൈക്കറുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി. ഇടിച്ചതിനെ തുടർന്ന് ബൈക്ക് റോഡിലൂടെ മീറ്ററുകളോളം തെന്നിമാറി. ബൈക്കിൽ ഘടിപ്പിച്ച ആക്ഷൻ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യങ്ങൾ റൈഡർ ഓൺലൈനിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും തട്ടിയത് 800 കോടി രൂപ. ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക.
മൂത്രമൊഴിക്കുമ്പോൾ അതിയായ വേദനയുണ്ടെന്നും മൂത്രത്തിൽ രക്തം കാണുന്നുവെന്നും പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ പരിശോധിച്ച ഡോക്ടർമാരാകെ ഞെട്ടിയിരിക്കുകയാണ്. 35 വയസ്സുകാരനെ സിടി സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ഹൃദയത്തിൽ തയ്യൽ സൂചി കണ്ടെത്തിയതാണ് ആശുപത്രി അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പ്ലീനറി യോഗത്തിന് മുന്നോടിയായി പാക്കിസ്ഥാന്റെ കണ്ണിൽ പൊടിയീടൽ തന്ത്രം. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാൻ വർദ്ധിപ്പിച്ചു.
