പ്രവര്‍ത്തകരെ പാര്‍ട്ടി നയങ്ങള്‍ പരിശീലിപ്പിക്കാന്‍ ആപ്പ് സജ്ജമാക്കാനും ആര്‍ എസ് എസ് മുന്നേറ്റം തടയാന്‍ ആരാധനാലയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമാകാനും സി പി എം തീരുമാനിച്ചു. കോഴിക്കോട് നടന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധം കുറയാന്‍ ഇടയാകരുത്. ബ്രാഞ്ച്, ഏരിയ കമ്മിറ്റികള്‍ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടണം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വിശാല സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തനിക്കെതിരെ വിമര്‍ശനമില്ലെങ്കില്‍ താന്‍ എങ്ങനെ പാര്‍ട്ടി നേതാവാകും. തന്നെപറ്റി വിമര്‍ശനമില്ലെങ്കില്‍ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാര്‍ട്ടി കൂടുതല്‍ ശക്തമാകും. പാര്‍ട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത നടപടികളുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സിന് ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട് ടെസ്റ്റിനും ഇടയില്‍ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി വിജയിക്കണം. അപകട സാദ്ധ്യതകള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവു പരിശോധിക്കുന്ന പരീക്ഷ ഡിസംബര്‍ ഒന്നിനു നിലവില്‍ വരും. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിനു ശേഷമാണ് വീഡിയോ ഗെയിം മാതൃകയിലുള്ള ഈ ടെസ്റ്റ്.
ഒരു വീഡിയോ ക്ലിപ്പിന് 10 മാര്‍ക്ക് എന്ന തോതില്‍ 10 വീഡിയോ പരിശോധിക്കും. 100 മാര്‍ക്കില്‍ 60 മാര്‍ക്ക് ലഭിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്കുകളോ പേമെന്റ് പ്ലാറ്റ്ഫോമുകളോ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും 2000 രൂപ വരെ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
18 അധ്യാപക തസ്തികകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ പി എസ് സി തള്ളി. ഇത്തരത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടുന്നത് നേരത്തെ സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നു പി എസ് സി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ – ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കാലാവധി തീരുന്ന 18 തസ്തികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ.
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ഇന്നു ചോദ്യംചെയ്യല്‍ തുടങ്ങാനിരിക്കെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ്സി അംഗങ്ങള്‍. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് പിഎസ്സിയുടെ നീക്കം. അംഗങ്ങളെ കുറ്റക്കാരാക്കാന്‍ ശ്രമമെന്നാണ് കമ്മീഷന്‍ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
വീണ വിജയന്റെ ചുവന്ന ഡയറിയില്‍ ഹവാല വിവരങ്ങള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച പിണറായി വിജയന് മറുപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറിക്കുറിപ്പ് പുറത്തുവിട്ടു. റെഡ് ബുക്കിലെ ഒന്‍പതു പേജുകളുടെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരായ ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നിവര്‍ക്ക് പണം നല്‍കിയതിന്റെ വിവരവുമുണ്ട്. ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറുമുണ്ട്. തുക ദിര്‍ഹത്തിലാണ്.
സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാല്‍ ഇതിന്റെ വലിയൊരു ഭാഗം പിരിഞ്ഞുകിട്ടിയില്ല. ഇതുവരെ 365 കോടി രൂപ മാത്രമാണ് വാഹന ഉടമകളില്‍നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയാണ്.
ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനത്തിന് പോര്‍ട്ടല്‍ ഒരുങ്ങി. കോച്ചിംഗ് സെന്ററുകളില്‍ പോകാന്‍ സാമ്പത്തികശേഷിയില്ലാത്ത കുട്ടികള്‍ക്ക് നീറ്റ്, ജെഇഇ, സിയുഇടി, ഐഐഎസ്ഇആര്‍, കെവിപിവൈ തുടങ്ങിയ പ്രവേശന പരീക്ഷകളില്‍ സൗജന്യ പരിശീലനം നല്‍കാനാണ് പോര്‍ട്ടലെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, ഗാര്‍ഹിക സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി ഇല്ലെന്ന പേരില്‍ കെഎസ്ഇബി കണക്ഷന്‍ നിരസിക്കുന്നു. സംസ്ഥാനത്ത് 500 മെഗാവാട്ട് സോളാര്‍ വൈദ്യുതി ശേഖരിച്ച് നാലു മണിക്കൂര്‍ ഉപയോഗിക്കാവുന്ന അഞ്ച് ബെസ് പദ്ധതികള്‍ നിര്‍മ്മാണഘട്ടത്തിലാണ്. അതിനും വേണ്ടത്ര വേഗതയില്ലെന്ന് ആക്ഷേപമുണ്ട്.
സിപിഎം വിശാല കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ കാരണഭൂതന്‍ പരാമര്‍ശവുമായി കാസര്‍കോട്ടെ പ്രതിനിധി. തുടര്‍ ഭരണത്തിന് കാരണഭൂതരായവര്‍ തോല്‍വികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു ഡോ. വിപിപി മുസ്തഫയുടെ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ തുടങ്ങിയ ചര്‍ച്ച ഇന്നലെ പിണറായിക്കെതിരെയും തിരിഞ്ഞു. കണ്ണൂരിനു പിറകേ, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു.
സിപിഎം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനത്തിന് ഇന്നു റാലിയോടെ സമാപനം. വൈകുന്നേരം നാലിന് കോഴിക്കോട് ബീച്ചിലേക്കു നടക്കുന്ന റാലിയില്‍ ലക്ഷം പേര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ. ബേബി, പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കേരള സന്ദര്‍ശനത്തിനെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെല്‍നസ് കേന്ദ്രത്തിലായിരുന്നു 40 മിനിറ്റു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പുറത്തുവന്നിട്ടില്ല.
തൃക്കാക്കര മോര്‍ഫിങ് കേസില്‍ പ്രതികളുമായി ബന്ധമുള്ള കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. വിശദമായി ചോദ്യം ചെയ്തു തുടര്‍ നടപടികളിലേക്ക് നീങ്ങും. ടെലഗ്രാമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസില്‍ റിമാന്‍ഡിലുള്ള പ്രതി സനീഷിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി.
വൈദ്യുതി പ്രതസിന്ധിക്കിടെ കെഎസ്ഇബി ജീവനക്കാരുമൊത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നൃത്തം ചെയ്യുന്ന എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായെങ്കിലും മെറ്റ നീക്കംചെയ്തു. വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചെങ്കിലും അതില്‍ ചില നിയമപ്രശ്നങ്ങളുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിറകേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിയേറ്ററുകളിലെ അമിത വിലയ്ക്കെതിരേ റെയ്ഡും നടപടികളുമായി ഉദ്യോഗസ്ഥര്‍. ഇടപ്പള്ളി ലുലു മാള്‍, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മള്‍ട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ റോഡിലെ മഹാരാജാക്കന്മാരാണെന്ന് കരുതരുതെന്ന് മന്ത്രി എം. ലിജു. കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളില്‍ അപകടകരമായ രീതിയിലും യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഭീഷണിയാകുന്ന വിധത്തിലും ബസ് ഓടിക്കരുതെന്നു മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈക്കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുസ്ലിം ലീഗിനെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. തെരഞ്ഞെടുപ്പില്‍ ബി ജെ പിയെക്കാള്‍ വര്‍ഗീയത പ്രചരിപ്പിച്ചത് സി പി എമ്മാണെന്നും ലീഗ് എവിടെയാണ് വര്‍ഗീയത പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.
വീണ്ടും മഴയെത്തുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ് അനുവദിക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതോടെ ജീവനക്കാര്‍ പണിമുടക്കില്‍നിന്നു പിന്മാറുന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പരസ്യ പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ത്രീയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ചിലയാളുകള്‍ ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് വിവാഹ ചടങ്ങുകളില്‍ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ കാറ്ററിങ്ങ് സര്‍വീസുകാര്‍ മുങ്ങിയതായി പരാതി. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സര്‍വീസിനെതിരെയാണ് പൊലീസില്‍ പരാതി കിട്ടിയത്. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് കല്ല്യാണങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി -യുഎല്‍സിസിഎസ് പുതിയ ചെയര്‍മാനായി മാനേജിംഗ് ഡയറക്ടര്‍ എസ് ഷാജുവിനെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ പാലേരി രമേശന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരെഞ്ഞെടുത്തത്. മാനേജിങ് ഡയറക്ടറുടെ ചുമതല ചീഫ് ജനറല്‍ മാനേജര്‍ കെ പ്രവീണ്‍ കുമാറിന് നല്‍കി.
നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ച് കേരളത്തില്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ അവസരമൊരുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഏഴു ചാക്ക് ഹാന്‍സ് മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ ഒളിവിലാണ്.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ഇഡി കേസിലെ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കെ. ഡി. പ്രതാപന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച് 60 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പിഎംഎല്‍എ കോടതിയ്ക്ക് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവ് ഉണ്ടാകും വരെ മുന്‍ വ്യവസ്ഥകളിന്മേല്‍ കെ. ഡി പ്രതാപന് ജാമ്യത്തില്‍ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 47 വര്‍ഷം തടവും പിഴയും. വെള്ളമുണ്ട കട്ടയാട് തോലന്‍ വീട്ടില്‍ അജ്‌നാസ് എന്ന അജി (26) യെയാണ് 47 വര്‍ഷത്തെ തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബീക്കാനറിലെ നോഖാ മുന്‍സിപ്പാലിറ്റിയില്‍ സി പി എം ഭരണം പിടിച്ചു. ആകെയുള്ള 45 സീറ്റുകളില്‍ 29 എണ്ണം സി പി എം നേടി. ചരിത്രത്തിലാദ്യമായാണ് സിപിഎം നഗരസഭ ഭരണം പിടിച്ചെടുക്കുന്നത്. ബി ജെ പിക്ക് 13 സീറ്റും സ്വാതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് മല്‍സരിച്ചില്ല. സി പി എം വികാസ് മഞ്ച് എന്ന സംഘടനയായ് ചേര്‍ന്നാണ് മത്സരിച്ചത്.
ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഡ്വാനാ കുചാമന്‍ ജില്ലയിലെ പര്‍ബത്സര്‍ മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത് ഒരു വോട്ട്. മത്സരിച്ച കൈലാഷ്ചന്ദ് ആണ് ഒറ്റ വോട്ടില്‍ ഒതുങ്ങിയത്. 376 വോട്ടു നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹിന ഖനം ആണ് വിജയിച്ചത്.
ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ വനിതാ ബൈക്കറുടെ മോട്ടോര്‍സൈക്കിളില്‍ കാറിടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയയാള്‍ക്കെതിരേ കേസ്. ബൈക്കില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ റൈഡര്‍ ഓണ്‍ലൈനില്‍ പങ്കുവച്ചതോടെ വൈറലായി. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടനേ അറസ്റ്റെന്നും പോലീസ്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ലോക്സഭാ എംപിമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശവാദം. ഒക്ടോബറില്‍ നടക്കുന്ന ദുര്‍ഗ പൂജയോടെ 20 വിമത എംപിമാരില്‍ 17 പേര്‍ ബിജെപിയില്‍ ചേരുമെന്ന് വിമത എംപിയായ ജഗദീഷ് ചന്ദ്രബര്‍മ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നില്‍ രണ്ടിലധികം എംപിമാര്‍ ബിജെപിയില്‍ ചേരുന്നതോടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പുതുമുഖമായ സഞ്ചിത പ്രധാന്‍ ഡേയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സുവേന്ദു അധികാരി സീറ്റ് രാജിവച്ചതിനെ തുടര്‍ന്നാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മാനേജറായിരുന്ന ദിശ സാലിയന്റെ മരണത്തില്‍ സിബിഐ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദിത്യ താക്കറെ എംഎല്‍എ, അഭിനേതാക്കളായ റിയാ ചക്രബര്‍ത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പേരുകള്‍ എഫ് ഐ ആറിലുണ്ട്. 2020 ജൂണ്‍ എട്ടിനാണ് ദിശയെ മലാഡിലെ ഫ്ലാറ്റില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നു തട്ടിയത് 800 കോടി രൂപ. ഇന്ത്യന്‍ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പ്ലീനറി യോഗത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയീടല്‍ തന്ത്രവുമായി പാക്കിസ്ഥാന്‍. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചത് ഇതിന്റ ഭാഗമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 ഓഗസ്റ്റില്‍ 9.92 ശതമാനമായി ഉയര്‍ന്നു. ജൂലൈ മാസത്തില്‍ ഇത് 9.78 ശതമാനമായിരുന്നു. ഇന്ധനത്തിന്റെയും വാഹനങ്ങള്‍, വസ്ത്രങ്ങള്‍, പാക്കറ്റില്‍ വരുന്ന ബിസ്‌ക്കറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മൊത്തവില സൂചിക 110.0-ല്‍ നിന്ന് 110.8 ആയി ഉയര്‍ന്നു. ഇന്ധന-ഊര്‍ജ മേഖലയിലെ പണപ്പെരുപ്പം 20.05 ശതമാനത്തില്‍ നിന്ന് 22.93 ശതമാനമായി വര്‍ദ്ധിച്ചു. മിനറല്‍ ഓയില്‍ പണപ്പെരുപ്പം 38.48 ശതമാനമായും, അസംസ്‌കൃത പെട്രോളിയം-പ്രകൃതിവാതക പണപ്പെരുപ്പം 34.41 ശതമാനമായും കുത്തനെ ഉയര്‍ന്നു. മാനുഫാക്ചേര്‍ഡ് പ്രൊഡക്ട്സിന്റെ പണപ്പെരുപ്പം 8.29 ശതമാനത്തില്‍ നിന്ന് 8.37 ശതമാനമായി ഉയര്‍ന്നു. രാസവസ്തുക്കളുടെ പണപ്പെരുപ്പം 14.30 ശതമാനമായി വര്‍ധിച്ചു. ഡബ്ല്യു.പി.ഐ ഫുഡ് ഇന്‍ഡെക്‌സ് പണപ്പെരുപ്പം ജൂലൈയിലെ 6.65 ശതമാനത്തില്‍ നിന്ന് 7.05 ശതമാനമായി വര്‍ദ്ധിച്ചു. കൃഷിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം 5.44 ശതമാനത്തില്‍ നിന്ന് 5.67 ശതമാനമായി ഉയര്‍ന്നു. മാനുഫാക്ചേര്‍ഡ് ഫുഡ് പ്രൊഡക്റ്റ്സിന്റെ പണപ്പെരുപ്പം 8.89 ശതമാനത്തില്‍ നിന്ന് 9.65 ശതമാനമായും കുത്തനെ ഉയര്‍ന്നു.
മത്സ്യ സമ്പത്തിന്റെ കൃത്യമായ വിവരശേഖരണത്തിനും പഠനങ്ങള്‍ക്കുമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാന്‍ സഹായിക്കുന്ന ‘മത്സ്യമെട്രി’എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഫീല്‍ഡ് സര്‍വേകളില്‍ മീനുകളുടെ സാമ്പിളുകള്‍ എടുത്ത് കൈകൊണ്ട് അളക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാല്‍ മത്സ്യമെട്രി ആപ്പ് വഴി മീനുകളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തികച്ചും ലളിതമായി അളവുകള്‍ തിട്ടപ്പെടുത്താന്‍ സാധിക്കും. ഒരേ ഇനത്തില്‍പ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകള്‍ ഒരൊറ്റ സാമ്പിളിങ് സെഷനില്‍ തന്നെ രേഖപ്പെടുത്താം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി വര്‍ഗീകരിച്ച് ശാസ്ത്രീയ വിശകലനങ്ങള്‍ക്കായി ഉപയോഗിക്കാനാകും. മത്സ്യബന്ധന മേഖലയിലെ ഫീല്‍ഡ് സര്‍വേകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആപ്പ് സഹായിക്കും. എആര്‍ കോര്‍ പിന്തുണയുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക.
സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം ‘മഹാശക്തി’ ദീപാവലി റിലീസായി നവംബര്‍ ആറിന് തിയേറ്ററുകളിലേക്കെത്തും. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്‍. സ്വാമിനാഥന്‍, ശിവകുമാര്‍ എസ്സ് ,സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യൂട്യൂബില്‍ 1.2 മില്യണ്‍ കാഴ്ച കടന്ന് മമ്മൂട്ടി ചിത്രം ‘പദയാത്ര’ ട്രെയ്ലര്‍. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രമായി ഒരുക്കുന്ന പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. ഡോക്ടര്‍ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാര്‍, ശ്രീഷ്മ ചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, മധുപാല്‍, നന്ദു, പി ശ്രീകുമാര്‍, ജഗദീഷ്, സീനത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.
ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച് ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും കമ്പനി വില വര്‍ധിപ്പിച്ചു. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 20,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനുള്ള ടാറ്റ പഞ്ചിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില പരിഷ്‌കരണത്തിന് ശേഷം കോംപാക്ട് എസ്യുവിയുടെ എക്സ്-ഷോറൂം വില 5.75 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന വേരിയന്റിന് 10.77 ലക്ഷം രൂപ വരെ എത്തും. 30 കിലോവാട്ട്-അവര്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ് വേരിയന്റുകള്‍ക്ക് 10,000 രൂപയാണ് വില വര്‍ധിച്ചത്. അതേസമയം 40 കിലോവാട്ട്-അവര്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എസ് വേരിയന്റുകള്‍ക്ക് 20,000 രൂപ വീതം വില കൂടി. വില പരിഷ്‌കരണത്തിന് ശേഷം ടാറ്റ പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില 9.79 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ്. വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചിലോ പഞ്ച് ഇവിയിലോ പ്രധാന ഫീച്ചറുകളിലോ മെക്കാനിക്കല്‍ സംവിധാനങ്ങളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ദിഗംബരം വിശ്വാസങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇടയില്‍ സത്യമേത്, മിഥ്യയേത് എന്നറിയാതെ ജീവിതം ഹോമിക്കുന്ന ഒരു കൂട്ടം ആളുകള്‍. ചതിയും വഞ്ചനയും കൈമുതലാക്കി നേടിയ പണവും അധികാരവും കൊണ്ട് ജീവിതം ആഘോഷമാക്കുന്ന മറ്റു ചിലര്‍. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന മനുഷ്യദൈവങ്ങള്‍. സ്വജീവിതം നഷ്ടപ്പെടുത്തി അന്ധവിശ്വാസങ്ങളോട് പൊരുതുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥ പറയുന്ന നോവല്‍. ‘ദിഗംബരം’. ഇടക്കുളങ്ങര ഗോപന്‍. ലോഗോസ് ബുക്സ്. വില 142 രൂപ.
ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചര്‍മം തിളങ്ങാനും സഹായിക്കും. എങ്ങനെയെന്നല്ലേ, പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചര്‍മം ലഭിക്കാന്‍ സഹായിക്കും. മുഖക്കുരു അല്ലെങ്കില്‍ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങള്‍ മാറി ചര്‍മം തെളിയും. ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക. പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അളവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.
ശുഭദിനം
കവിത കണ്ണന്‍
പട്ടണത്തിലുളള ബന്ധുവിനെ കാണാന്‍ പോകാന്‍ അയാള്‍ തീരുമാനിച്ചു. വെളിച്ചത്തിന് കയ്യില്‍ ചൂട്ടുകറ്റയും തീപ്പെട്ടിയും കരുതി. മഴപെയ്താല്‍ ചൂട്ട് കെട്ടുപോയാലോ എന്ന് കരുതി ടോര്‍ച്ചും എടുത്തു. ടോര്‍ച്ച് കത്താതെ വന്നാല്‍ ഉപയോഗിക്കാന്‍ റാന്തല്‍ വിളക്കെടുത്തു. അപ്പോഴാണ് അടുത്ത പ്രശ്നം. പോകാന്‍ കടത്തുവളളമില്ലെങ്കില്‍ എന്ത് ചെയ്യും? ഇനി അക്കര കടന്ന് ചെല്ലുമ്പോഴേക്കും ബസ്സ് വിട്ടുപോയാല്‍ എന്താകും? ചിന്തിച്ച് ചിന്തിച്ച് അയാള്‍ ആ യാത്ര ഉപേക്ഷിച്ചു. സംഭവിക്കാനുളളത് സംഭവിക്കും. അതില്‍ കൂടുതല്‍ ചിന്തിച്ചതുകൊണ്ടോ ചിന്തിക്കാത്തതുകൊണ്ടോ അധികമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവിടെ നടക്കുന്നതോ നടക്കാതിരിക്കുന്നതോ ചിന്തകള്‍ കാരണമല്ല, അതങ്ങിനെ സംഭവിച്ചുപോകുന്നുവെന്ന് മാത്രം. എല്ലാറ്റിനേയും വരുതിയിലാക്കാന്‍ ശ്രമിക്കാതെ, അപ്രതീക്ഷിതമായവയേയും ആകസ്മികമായവയേയും കൈകാര്യം ചെയ്യുന്ന ശൈലി മാറ്റിയാല്‍ മതി. മനഃമസാധാനം കൈവരുന്നത് പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമാകുമ്പോഴല്ല, അവയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം നല്‍കി മുന്നോട്ട് പോകുമ്പോഴാണ് – ശുഭദിനം.
