ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ദേവസ്വം മന്ത്രി എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. ബുക്കിംഗ് പരിധി വർദ്ധിപ്പിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും നിലവിൽ ബുക്കിംഗിൽ പുതിയ നിയന്ത്രണങ്ങൾ ഇല്ലെന്നും ബോർഡ് വ്യക്തമാക്കി. ഒപ്പം ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശങ്ങളും നൽകി.

 

കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങൾ തീരില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പരാതി കൊടുക്കാൻ ആർക്കും അവകാശമുണ്ട്, എന്നാൽ ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയാണ്. എനിക്കും കുറേ പരാതിയും പരിഭവങ്ങളും ഉണ്ട്, കടിച്ചമർത്തി നിൽക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

 

ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ ദുരന്തമാണ് കാലടി സർവകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ.വിസിക്ക് ആർഎസ്എസ് പിന്തുണയാണുള്ളതെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു. കെഎഎസിന്റെ ചട്ടങ്ങളിൽ ഭേ​ദ​ഗതിവരുത്താനാണ് സർക്കാർ നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി.

 

‎വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്ത ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കത്തുന്ന എ.ബി (AB) സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.‎‎

 

 

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാർ‌ട്ടിക്കുള്ളിലെ പോര് കോൺ​ഗ്രസ് ഹൈക്കമാൻ‍ഡിന് മുന്നിൽ. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർ​ഗെയെ നേരിൽ കണ്ടത്.

 

‎മദ്യപരായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി പ്രകാശിന്റെ സർക്കുലർ. നിലയ്ക്കലിൽ തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി, ഭക്തർക്ക് സൗകര്യം ഒരുക്കലാണ് പൊലീസിന്റെ കടമയെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച സർക്കുലറിൽ ഐ ജി വ്യക്തമാക്കി.‎‎

 

കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ശുദ്ധമായ പെട്രോള്‍ നല്‍കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം.‎‎

 

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധകവസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്.എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി മന്ത്രി കെ മുരളീധരൻ. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും.

 

മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി.

 

‎മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്നും, സന്ദർശനത്തോടെ രണ്ടു സഭകളും ചർച്ചയ്ക്ക് തയ്യാറായി എന്നും ചാണ്ടി ഉമ്മൻ എംഎൽഎ. അക്കാര്യത്തിൽ താൻ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞുവെന്നും എല്ലാം സമാധാനത്തോടെ അവസാനിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

 

‎എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടാൻ തടസ്സങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകിയത്. ഉചിതം പുതിയ എസ്ഐടി ആണെന്നും നിയമോപദേശത്തില്‍ പറയുന്നു.

 

‎മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് രേഖകൾ ലഭിച്ചത്.

 

‎ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ മടക്കത്തിൽ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി. ഹൃദയത്തിന്റെ ഭാഷയിലെ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ.

 

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം.പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി.ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം. നാമക്കൽ ജില്ലയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുത്ത ശേഷം പത്തോളം പേർ കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.

‎

‎ഉപഭോക്താക്കൾക്ക് ബ്രെഡ് മുറിച്ചുനൽകാൻ വിസമ്മതിച്ച ബേക്കറിക്കാരെ നിരന്തരം ശല്യം ചെയ്ത കേസിൽ ഫ്രാൻസിലെ മുൻ മേയർക്ക് എട്ടുമാസം തടവുശിക്ഷ. ശിക്ഷ സസ്‌പെൻഡഡ് ആയതിനാൽ ജയിലിൽ കഴിയേണ്ടതില്ല. 67 -കാരനായ പിയറി തോമസിനെയാണ് റെന്നിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്.

 

‎മണിപ്പൂർ വ്യാജമദ്യ ദുരന്തത്തിൽ മരണം 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആയിരത്തോളം ആളുകൾ നാല് ജില്ലകളിലായി ചികിത്സ തേടിയിട്ടുണ്ട്.

 

‎ഫേസ്ബുക്കിന്റെയും ഇൻസ്റ്റ​ഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺ​ഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം.

 

‎വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സ്വർണവില ഇടിവിൽ വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.

 

അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രതികരിച്ചില്ലെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുമായി ചർച്ചകൾക്ക് താൽപര്യം കാണിക്കാതെ ഉത്തരകൊറിയ ആണവായുധ ശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

‎പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹലും മറ്റ് പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ ദില്ലിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങളാൽ നിരസിച്ചു.

 

‎ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചർച്ചയാകും.

 

‎ഇസ്രയേലുമായുള്ള ബന്ധത്തിൽ കോൺഗ്രസ് നിലപാടിൽ ഭിന്നത. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയമെന്നും രാഹുൽ ഗാന്ധി.

 

ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രകാശന ചടങ്ങിൽ തൻ്റെ മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളിൽ ബിജെപി വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം.

 

‎പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ് – ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.

 

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാലാം തവണയും മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന സൂചന നൽകി അശോക് ഗെലോട്ട്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റിനുള്ള വ്യക്തമായ സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉത്തർപ്രദേശിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാർക്ക് ഫോം-7 നൽകേണ്ടെമന്ന് തീരുമാനം. എസ്ഐആറില്‍ വോട്ടുകൾ നീക്കാൻ വ്യാപകമായി ഫോം-7 നൽകിയത് വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം. അർഹതയുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ചേർക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ നിർദ്ദേശം.

 

ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ യുഎഇയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ബഹ്‌റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ ഒരു ബഹ്‌റൈൻ പൗരനും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റു.

 

 

ഇന്ത്യ തെളിവ് നൽകിയാൽ ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് പാക് മന്ത്രി മുസാദിക് മസൂദ് മാലിക് ദില്ലിയിൽ വ്യക്തമാക്കി. പരസ്പര പ്രകോപനത്തിന് പകരം ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ജയം. കേരളം ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പോണ്ടിച്ചേരിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.

 

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താൻ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് 314 ൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 49.2 ഓവറിൽ 313 റൺസിന് എല്ലാവരും പുറത്തായി.

 

സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ചവരും നെട്ടോട്ടത്തിലാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്ന് മെസ്സേജുകളും കത്തും കിട്ടുന്നത്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് ആവശ്യം.

 

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6) ഗെയിമിന്റെ വരവിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി വാട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം. ഗെയിമിലെ സാങ്കൽപ്പിക മെസേജിങ് ആപ്പായ ‘വാട്ട്അപ്പ്’ (വാട്ട്സ്അപ്പ്) മാതൃകയിലാണ് വാട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ താൽക്കാലിക മാറ്റം വരുത്തിയത്. ഇതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ക്രെഡ് സ്ഥാപകൻ കുനാൽ ഷായും രംഗത്തെത്തി. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുനാൽ ഷായുടെ പോസ്റ്റ്. ‘വാട്സ്അപ്പ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജിടിഎ 6 പ്രമേയമാക്കിയുള്ള വാട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റത്തിന് പിന്നാലെയാണ് ഈ പ്രതികരണം.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ പരസ്പരം ആശയവിനിമയം നടത്താൻ സ്വന്തമായി ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ്. മനുഷ്യർക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത രീതിയിലുള്ള ഭാഷാ സംവിധാനങ്ങളാണ് എഐ ഏജന്റുകൾ രൂപപ്പെടുത്തുന്നതെന്നാണ് കണ്ടെത്തൽ. എഐ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നതാണ് ഈ മുന്നറിയിപ്പ്. ‘എഐയുടെ ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

2026 ഒക്ടോബറിൽ ഇന്ത്യയിലെ ഇരുചക്ര വാഹന റീട്ടെയിൽ വിപണി ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഗാഡിവാഡി റിപ്പോർട്ട് അനുസരിച്ച്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയെ മറികടന്ന് ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹീറോ വിൽപ്പനയിൽ മുന്നിലായിരുന്നു, എന്നാൽ ഇത്തവണ 39,197 യൂണിറ്റുകളുടെ വളർച്ചയോടെ ഹോണ്ട അതിനെ മറികടന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള ഇരുചക്ര വാഹന വിപണിയിൽ വർഷം തോറും 28.35% ഇടിവ് രേഖപ്പെടുത്തി, മൊത്തം രജിസ്ട്രേഷനുകൾ 32,39,949 യൂണിറ്റുകളിൽ നിന്ന് 23,21,419 യൂണിറ്റുകളായി കുറഞ്ഞു.

 

 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നംവബർ 27 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

 

 

യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ജോമോൻ ജ്യോതിർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൂടാതെ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത.

 

നല്ല ദഹനാരോഗ്യം നിലനിർത്തുക എന്നത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുക, ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉൾപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഉറക്കം ലഭിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങൾ കുടലിന്റെയും ഉപാപചയ പ്രവർത്തനങ്ങളുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.ജീവിതശൈലിയിലുള്ള ഈ മാറ്റങ്ങൾ ദഹനപ്രക്രിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, കരളിന്റെ ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ദിവസവും നല്ല ഉറക്കം കിട്ടാനും ​ദഹനാരോ​ഗ്യം മെച്ചപ്പെടുത്താനും ചെയ്യേണ്ട ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

 

ശരീരം ഭക്ഷണത്തെ വിഘടിപ്പിക്കുകയും, അതിലെ പോഷകങ്ങളെ ആഗിരണം ചെയ്ത് ഊർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് ദഹനം. ഈ പ്രക്രിയ സുഗമമായി നടക്കുമ്പോൾ, നമ്മൾ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. എന്നാൽ, ദഹനപ്രക്രിയ മന്ദഗതിയിലാവുകയോ, ക്രമരഹിതമാവുകയോ, അല്ലെങ്കിൽ കുടലിന്റെ ഭാഗം അമിതമായി സംവേദനക്ഷമമാവുകയോ ചെയ്യുമ്പോൾ, അത് ശാരീരിക അസ്വസ്ഥതകളായി പ്രകടമാകുന്നു.ജീരകം, അയമോദകം, പെരുംജീരകം എന്നിവ എടുക്കുക. ഇവ നന്നായി ചതച്ച് പൊടിച്ചെടുക്കുക. ശേഷം ഒരു ​ഗ്ലാസ് വെള്ളത്തിലേക്ക് ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ പാനീയം അരിച്ചെടുത്ത്, ചൂടോടെയോ ഇളം ചൂടോടെയോ കുടിക്കുക. വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ​ഗുണകരം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *