ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വേണ്ടിവന്നാൽ സമരത്തിന്‍റെ പാതയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സമഗ്രമായ അന്വേഷണം നടത്തണം. ഒരു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ല. കപട ഭക്തന്മാരുടെ കയ്യിൽ ദേവസ്വം ബോർഡ് ഉള്ളതിന്‍റെ ദുരന്തമാണ് അയ്യപ്പൻ അനുഭവിക്കുന്നതെന്നും കെ മുരളീധരൻ ആരോപിച്ചു.

 

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർ​ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ നീക്കം. പ്രസിഡൻ്റിൻ്റേയും അംഗങ്ങളുടെയും കാലാവധി നീട്ടി നൽകുന്ന വിധത്തിലായിരിക്കും ഭേദഗതി. ബോർഡിൻ്റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കും വിധം ഭേദഗതിവരുത്താനാണ് നീക്കം. ശബരിമല സീസണിന് മുമ്പാണ് നിലവിൽ കാലാവധി അവസാനിക്കുന്നത്. പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി.

 

കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബുവിന്റെ അധിക്ഷേപ പരാമർശത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് പാലക്കാട്‌ നോർത്ത് പൊലീസ്. അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിവി സതീഷ് ആണ് പരാതി നൽകിയത്. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്‌. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

ശബരിമലയിലെ സ്വര്‍ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാന്‍ ശ്രമം നടന്നുവെന്ന് രേഖകള്‍. ഇതിന്റെ ഭാഗമായി 2023-ല്‍ കത്തിടപാടുകള്‍ നടന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആധുനികമായ രീതിയില്‍ സ്വര്‍ണംപൂശി എത്തിച്ചുവെന്ന് പറയുന്ന സ്വര്‍ണപ്പാളിയാണ് വീണ്ടും അദ്ദേഹത്തിന്റെ തന്നെ ഇടപെടലില്‍ ഇളക്കി മാറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചുവെന്നാണ് വിവരം.

 

ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദേശം നൽകി. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു. രാവിലെ 9.30ന്റെ വിമാനത്തിലാണ് പോറ്റി ബെംഗളൂരിൽ നിന്നും പുറപ്പെട്ടത്.

 

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

 

ഭിന്നശേഷി അധ്യാപക നിയമനത്തില്‍ വീണ്ടും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മതവും ജാതിയും പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട. എയ്ഡഡ് സ്‌കൂളുകളില്‍ അയ്യായിരത്തിലധികം … ഒഴിവുകള്‍ ഉണ്ടെന്നും അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

പൂജ ബമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുകയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കി. സംഭവത്തിൽ കെഎൻ കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. കളിമൺ പാത്രത്തിന് കമ്മീഷൻ വാങ്ങിയതിനാണ് കേസ്. ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണി അറസ്റ്റിലായത്.

 

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ശുപാർശ. അന്വേഷണം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്കും നിർദേശം. നിർമാണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നി‍ർദേശമുണ്ട്. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയുണ്ടാകും.

 

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്.

 

പ്രതിയെ പിടിക്കുന്നതിനിടെ തൃശൂർ ചാവക്കാട് പൊലീസുകാർക്കെതിരെ ആക്രമണം. 5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടർന്ന് പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.

 

കാസർകോട് കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ നേതാക്കളെ കരുതൽ തടങ്കലിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യതയുണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ നേതാക്കളെ കരുതൽ തടങ്കലിലെടുത്തത്. കെഎസ്‍യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവരെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് കരുതൽ തടങ്കലിൽ എടുത്തത്.

 

കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ് പണം നഷ്ടമായത്.കഴിഞ്ഞ 27നായിരുന്നു സംഭവം.തേജസിന്റെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം.

 

കണ്ണൂർ ചെറുകുന്ന് തറയിൽ ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം ഒരാൾ മരിച്ച പ്രദേശമാണിത്.

 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍.സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

 

തമിഴ്നാട്‌ തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ചേച്ചിയുടെ മുന്നിൽ വെച്ചാണ് ബാലത്സംഗം ചെയ്തത്.

 

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിലെ അന്വേഷണം സംബന്ധിച്ച് ടിവികെ നേതൃത്വം രണ്ട് തട്ടിൽ. സിബിഐ അന്വേഷണം വേണമെന്ന് ആധവ് അർജുന ആവശ്യപ്പെട്ടു. കരൂരിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് ബുസി ആനന്ദ് വ്യക്തമാക്കി. പാർട്ടിയെ സമ്മർദത്തിലാക്കാൻ ബിജെപിക്ക് അവസരം ലഭിക്കുമെന്ന് വാദം.

 

കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹർജി നൽകിയത്. രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്‍യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി നാളെ ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും.

 

കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിൻ്റെ നിലപാട്. ദുരന്തത്തിൽ ടിവികെ നേതാക്കൾ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‍യെ പ്രതിസ്ഥാനത്ത് നിർത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിരുന്നത്.

 

അമേരിക്കയിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ ഇന്നലെ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ, ലക്ഷ കണക്കിന് സർക്കാർ ജീവനക്കാർ പ്രതിസന്ധിയിലാണ്. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവർത്തിച്ചു. അതേസമയം, അടച്ചുപൂട്ടൽ നീണ്ടുനിൽക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയാകുമെന്നുമാണ് ആശങ്ക.

 

ഗാസയിൽ ഇസ്രായേസിൻ്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തിൽ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

 

ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. 400 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.പിടികൂടിയ ഉടൻ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാൻ സ്വദേശികളാണ്.

 

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ രണ്ട് ഡെൽറ്റ റീജിയണൽ ജെറ്റുകൾ കൂട്ടിയിടിച്ചു. കുറഞ്ഞ വേഗതയായതിനാൽ വലിയ ദുരന്തമുണ്ടായില്ല. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി എയർ ട്രാഫിക് കൺട്രോൾ (എടിസി) ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു വിമാനത്തിന്റെ വലതു ചിറക് മറ്റൊന്നിന്റെ മൂക്കിൽ ഇടിച്ചു. എടിസി ഓഡിയോ പ്രകാരം പൈലറ്റുമാരുടെ വിൻഡ്‌ഷീൽഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു.

 

ബെംഗളൂരു നഗരത്തിൽ വൻ തീപിടിത്തം. കനകപുര മെട്രോ സ്റ്റേഷനോട് ചേർന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തമാണ് കെട്ടിടത്തിലേക്ക് പട‍ർന്നത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.നാശനഷ്ടങ്ങളുടോ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.

 

മഹാത്മാ​ഗാന്ധിയെ പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. മഹാത്മജിയെ ആദരിക്കുന്നു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്നും മോഹൻഭാ​ഗവത് പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.

 

സർക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് ‘മുജാഹിദീൻ ആർമി’യുടെ മുഖ്യസൂത്രധാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേരളത്തിൽ നിന്ന് പിടികൂടി. മുജാഹിദീൻ ആർമിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

 

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താന്റെ കാപട്യത്തെ രൂക്ഷമായി വിമർശിച്ച്.ഇന്ത്യ. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ഒരു രാജ്യം മറ്റുള്ളവരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ അപൂർവ ധാതുക്കൾ സമ്മാനമായി നൽകിയതിനെതിരെ രാജ്യത്തിനകത്ത് വിമർശനം ഉയരുന്നു. ഒരു പാക് സെനറ്റർ സൈനിക മേധാവിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ നടപടിയെ പരിഹസിക്കുകയും ചെയ്തതോടെയാണ് സംഭവം വലിയ ചർച്ചയായത്.

 

കൃഷിയിടത്തിൽ പണിക്ക് വിളിച്ചത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ. നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടതോടെ രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം കുടുംബവുമൊന്നിച്ച് വീടിന് തീയിട്ട് ജീവനൊടുക്കി കർഷകൻ. ഉത്തർ പ്രദേശിലെ ബഹൈറൈച്ചിലെ തേർപാഹ ഗ്രാമത്തിൽ ബുധനാഴ്ചയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്.പൊലീസ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 15കാരനിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.

 

പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു.മുസാഫറാബാദിൽ അഞ്ച് പേരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാൽ മേഖലകളിൽ രണ്ട് പേരും കൊല്ലപ്പെട്ടു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നു.

 

നിർമ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകർന്ന് എത്യോപ്യയിൽ 25 പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ അംഹാര മേഖലയിൽ ബുധനാഴ്ചയാണ് പള്ളി കെട്ടിടം പണി നടക്കുന്നയിടത്ത് അപകടമുണ്ടായത്. ചുമരുകളിലെ പണികൾക്കായി നിർമ്മിച്ച തട്ട് പൊളിഞ്ഞ് വീണാണ് അപകടമുണ്ടായത്. എത്യോപ്യയിലെ വടക്കൻ മേഖലയിലെ നിർമ്മാണത്തിലിരുന്ന മാതാവിന്റെ പള്ളിയിലാണ് അപകടമുണ്ടായത്.

 

പാകിസ്താനെതിരേ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാകിസ്താൻ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്താൻ ഓർക്കണമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *