ഇന്ത്യയിലെ സമ്പന്ന സ്ത്രീകളില്‍ ഒന്നാം സ്ഥാനം നേടി റോഷ്നി നാടാര്‍. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പുറത്തിറക്കിയ 2025 ലെ എം3എം ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് ഏറ്റവും വലിയ ധനികയായി റോഷ്നി നാടാര്‍ മാറിയത്. ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് പേരുടെ പട്ടികയില്‍ ഒരു സ്ത്രീ ഇടം നേടുന്നത് ഇതാദ്യമായാണ്. വെറും 44 വയസ്സുള്ള റോഷ്നി നാടാര്‍ മല്‍ഹോത്ര, മികച്ച 10 ശതകോടീശ്വരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള അവരുടെ ചുവടുവെയ്പ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകത്തെ വനിതാ നേതാക്കളുടെ ഉയര്‍ച്ചയെയും അടിവരയിടുന്നതാണ്. മുകേഷ് അംബാനിയുടെ ആസ്തി 9,55,410 കോടിയാണ്. ഗൗതം അദാനിയുടെ ആസ്തി 8,14,720 കോടിയാണ്. റോഷ്നി നാടാര്‍ മല്‍ഹോത്രയുടെ ആസ്തി 2,84,120 കോടിയാണ്. എച്ച്സിഎല്‍ ഗ്രൂപ്പിലെ പിന്തുടര്‍ച്ച അവകാശം ലഭിച്ചതോടു കൂടിയാണ് റോഷ്നി നാടാറിന്റെ സമ്പത്ത് കുതിച്ചുയര്‍ന്നത്. പിതാവ് ശിവ് നാടാറിന്റെ ഓഹരിയുടെ 47% ആണ് റോഷ്നി നാടാര്‍ക്ക് ലഭിച്ചത്.
