ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഡെന്‍സ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലെ ഡെന്‍സയുടെ ആദ്യ മോഡല്‍ ആയി ഡി9 എംപിവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഈ ആഢംബര വാഹനം ലഭ്യമാണെങ്കിലും തുടക്കമെന്ന നിലയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും ഇന്ത്യയില്‍ എത്തുക. 7 പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ എംപിവിയില്‍ 103.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഒറ്റച്ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 369 ബിഎച്ച്പി കരുത്ത് നല്കുന്ന ഡ്യുവല്‍ മോട്ടോര്‍ സംവിധാനമുള്ള ഡി9 എംപിവിക്ക് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.9 സെക്കന്‍ഡുകള്‍ മതിയാവും. 85-90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
