പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയിലെ ഇലക്ട്രിക് ബൈസിക്കിള്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ഇ-ബൈക്ക് സ്റ്റാര്‍ട്ടപ്പായ ‘ഇമോട്ടൊറാഡുമായി’ പങ്കാളിത്തം സ്ഥാപിച്ചാണ് ബെന്‍സ് പുതിയ ഇ-സൈക്കിള്‍ നിര അവതരിപ്പിച്ചത്. 4.20 ലക്ഷം രൂപ മുതലാണ് ഇവയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. മെഴ്‌സിഡസ്-എഎംജി പെട്രോനാസ് എഡിഷനില്‍ സിറ്റി എഡിഷന്‍, ട്രാക്ക് എഡിഷന്‍, റാലി എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റായ റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.
