രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിനുണ്ട്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണര്‍വ് നല്‍കാനും ഈ ശീലം നല്ലതാണ്. എന്നാല്‍ ചില പ്രത്യേക സഹാചര്യത്തില്‍ ഇത് തിരിച്ചടിയാകാം. രാവിലെ വെറും വയറ്റില്‍ അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം. ശരീരത്തിലെ അധിക ദ്രാവകം പുറന്തള്ളാന്‍ മൂത്രശങ്ക കൂടാനും സാധ്യതയുണ്ട്. രാവിലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് ചിലരില്‍, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് വയറുവേദന, പേശീവലിവ് പോലുള്ള ചെറിയ അസ്വസ്ഥതകള്‍ക്ക് കാരണമാകാം. മാത്രമല്ല, ഇത് ആമാശയത്തിലെ ലൈനിങിനെ അസ്വസ്ഥമാക്കുകയും, ഓക്കാനം, വയറുവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യാം. ചെറുചൂടുള്ള വെള്ളമാണ് എപ്പോഴും വെറും വയറ്റില്‍ നല്ലത്. കടുത്ത നിര്‍ജ്ജലീകരണം ഉള്ളപ്പോഴും വെള്ളം കുടിക്കുന്നത് ചിലപ്പോള്‍ ഓക്കാനത്തിന് കാരണമാകാം.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന് ദോഷങ്ങളുമുണ്ട്!
