ഐപിഒ വിലയേക്കാള്‍ 46 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ മീഷോയുടെ ഓഹരികള്‍, വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ 54 ശതമാനത്തിലധികം കുതിച്ചു. ലിസ്റ്റിംഗ് ദിനമായ ഡിസംബര്‍ 10ന് തന്നെ മീഷോയുടെ വിപണി മൂല്യം 77,000 കോടി രൂപ കടന്നു. ഇന്ന് ഒറ്റ ദിവസം കൊണ്ട് 12 ശതമാനമാണ് മീഷോ ഓഹരികള്‍ ഉയര്‍ന്നത്. ഇതോടെ 70 ശതമാനമായി ഓഹരിയുടെ ഇതുവരെയുള്ള നേട്ടം. 950 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഇന്നത്തെ ഓഹരി വില മുന്നേറ്റം മീഷോയുടെ വിപണി മൂല്യം 86,000 കോടി രൂപയിലെത്തിച്ചു. ഓഹരി വിപണിയില്‍ തകര്‍പ്പന്‍ ലിസ്റ്റിംഗ് നടത്തിയതിന് പിന്നാലെ മീഷോ സ്ഥാപകനും സിഇഒയുമായ വെറും 36 വയസ്സുള്ള വിദിത് ആത്രേ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തകോടീശ്വരന്മാരില്‍ ഒരാളായിമാറി. വിദിത് ആത്രേയ്ക്ക് കമ്പനിയില്‍ 11.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദ്ദേഹം കൈവശം വെച്ചിരിക്കുന്ന 47.25 കോടി ഓഹരികളുടെ മൂല്യം, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് ദിനത്തിലെ റെക്കോര്‍ഡ് കുതിപ്പോടെ ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,128 കോടി രൂപ) കടന്നു. സഹസ്ഥാപകനായ സഞ്ജീവ് കുമാറിന്റെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
