20251128 141206 0000

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകിവരുന്ന സർട്ടിഫിക്കേഷന്‍ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചാർളി ചാപ്ലിന്‍റെ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’, സോവിയറ്റ് ചലച്ചിത്രകാരനായ സെര്‍ഗി ഐസൻസ്റ്റീന്‍റെ ‘ബാറ്റിൽഷിപ് പൊട്ടംകിൻ’ എന്നീ വിശ്വവിഖ്യാത സിനിമകൾക്ക് ഉള്‍പ്പടെയാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചത്.

 

ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ.ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു..ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്.ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശന അനുമതി നിഷേധിക്കാൻ കാരണമെന്നും ശശി തരൂർ.പറഞ്ഞു.

 

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി. ബീഫ്, ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

 

കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

 

കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ആരും വെള്ളം കോരാൻ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

 

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടില്ലെന്നും മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെസിആറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്.മലർന്നു കിടന്നു തുപ്പരുത് എന്ന പരിഹാസത്തോടെയാണ് പോസ്റ്റ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.തിരുവല്ലയിലെ മുതിർന്ന നേതാവാണ് K. പ്രകാശ് ബാബു

 

കാലുവാരൽ ആരോപണത്തിനു പിന്നാലെ നിലപാട് കൂടുതൽ കടുപ്പിച്ച് മുൻ എംഎൽഎ കെ സി രാജഗോപാലൻ. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ സി ആർ തുറന്നടിച്ചു. അതിനിടെ, കെ സി രാജഗോപാലനെ വിമർശിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്തെത്തി. മലർന്നു കിടന്നു തുപ്പരുത് എന്നാണ് പരിഹാസം.

 

മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ സെയ്ദലി ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.

 

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ‌ആക്രമണത്തിൽ ആറ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

കണ്ണൂർ പാനൂരിൽ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി. സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു. നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്നുമാണ് ഭീഷണി. അതിനിടെ പാനൂരിൽ നിന്ന് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തു.

 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യത്തിൽ ബിജെപി മുന്‍ അംഗത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീടുകയറി ആക്രമിച്ചതായി പരാതി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍കുളങ്ങര ഡിവിഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ വൈരാഗ്യത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ശ്രീനാഥ് ആണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തെക്കേക്കര 18–ാം വാര്‍ഡ് മുന്‍ മെമ്പര്‍ ലക്ഷ്മിപുരം വീട്ടില്‍ രമണി ഉണ്ണിക്കൃഷ്ണനെയും ബന്ധു അനില്‍കുമാറിനെയുമാണ് ആക്രമിച്ചത്.

 

തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത്‌ വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.

 

പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.

 

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്‌. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്.

 

 

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജി വിധി പറയാൻ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹർജിയും വിധി പറയാൻ മാറ്റി.

 

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി . ഇന്നലത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത്.

 

സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. .

കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.

 

ഡ‍ിസംബർ പകുതിയായതോടെ മൂന്നാറിൽ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. 2005 ൽ അന്നത്തെ യുപിഎ സർക്കാർ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്നായിരിക്കുമെന്ന് ബില്ലിൽ പറയുന്നു. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം.

 

 

വിബി ജി റാം ജി ബില്ലിനെ അതിശക്തമായി എതിർത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്തെത്തി. സാധാരണക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകർക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. തൃണമുൽ കോൺഗ്രസും ബില്ലിനെ എതിർത്തു. ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലിയോണല്‍ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി, നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്‍റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

 

പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി എസ്ഐആർ കരടു പട്ടിക. 24 ലക്ഷം പേർ ‘മരിച്ചു’ എന്നും 19 ലക്ഷം പേർ ‘താമസം മാറി’ എന്നും 12 ലക്ഷം പേർ ‘കാണാനില്ല’ എന്നും 1.3 ലക്ഷം പേർ ‘ഇരട്ടവോട്ടുകൾ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവർക്ക് എതിർപ്പ് ഉന്നയിക്കാം. ഈ അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതേ സമയം തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്‌ഐആറിലൂടെ വെട്ടിമാറ്റാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.

 

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ ഒരു പത്തുവയസ്സുകാരൻ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

 

അമേരിക്കയിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഞ്ചാവിനെ കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനർവർഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വഴി നിലവിൽ നടത്താൻ കഴിയാത്ത നിരവധി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്നും അതിനാലാണ് ഈ നീക്കത്തിന്റെ സാധ്യത പരിശോധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇതിഹാസ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഫുട്ബോൾ കളിച്ചതും അദ്ദേഹം ഗോൾ നേടിയതും ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ ഇതിനിടെ ഒരു ചൂടേറിയ ചർച്ച കൂടെ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരിഹസിച്ചു. മെസിക്ക് ഒരു ലളിതമായ പാസ് പോലും കൊടുക്കാതെ അദ്ദേഹത്തെ ഓടിച്ചത് ശരിയായില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.

 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദില്ലി റൗസ് അവന്യു കോടതി ഇടപെടാൻ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്.

 

ബിബിസിക്കെതിരെ ഉടൻ തന്നെ കേസ് ഫയൽ ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ രാവിലെ തന്നെ കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയിൽ നിന്ന് ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് അദ്ദേഹം ആദ്യം ഭീഷണി മുഴക്കിയതിന് ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രതികരണം. അവർ വാക്കുകൾ എന്റെ വായിൽ കുത്തിവെച്ചു. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.

 

ഐപിഎല്‍ താരലേലത്തില്‍ പ്രതീക്ഷയോടെ പതിനൊന്ന് കേരള താരങ്ങള്‍. കെ എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ലേലപ്പട്ടികയിലുളള താരങ്ങള്‍. കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷം രൂപയാണ് ആസിഫിന്റെ അടിസ്ഥാന വില.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *