കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ ചുമതല നൽകും. എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നിർദേശിക്കാം
റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോർഡ് തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.
തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്നും, മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.
മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്നും റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നും മന്ത്രി എം ലിജു. നിയമലംഘനം ഉണ്ടായാൽ കേസ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റി നെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്.
എറണാകുളം പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാക് യുദ്ധക്കപ്പൽ ഇന്ത്യൻ നാവിക സേനാ കപ്പലിൽ ഇടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ കപ്പൽ മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് മറികടന്ന് പാകിസ്ഥാന്റെ പി എൻ എസ് ഹുനൈൻ ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിനടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. വ്യക്തികൾക്ക് ഇടയിലുള്ള ഇടപാടുകൾ സൗജന്യമാണെന്നിരിക്കെ ചിലർ കള്ളപ്രചാരണം നടത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
മുംബൈയിൽ ഏറ്റവും അപകടകരമായ മലേറിയ വകഭേദങ്ങളിലൊന്നായ ‘പ്ലാസ്മോഡിയം ഫാൽസിപാറം’ കേസുകളിൽ വർധനവ്. 2015-ൽ 375 ആയിരുന്ന കേസുകളുടെ എണ്ണം 2025-ൽ 2,382 ആയി ഉയർന്നുവെന്നാണ് വിവരം.
ചൈനയിൽ വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വൻതോതിലുള്ള നിർമാണത്തിനായി പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു. ഉബിടെക് റോബോട്ടിക്സാണ് ലിയുഷൗവിൽ പുതിയ നിർമാണകേന്ദ്രം തുറന്നത്. നിർമാണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ റോബോട്ടുകളെ തന്നെ ഉപയോഗിക്കുന്നതാണ് ഈ ഫാക്ടറിയുടെ പ്രധാന പ്രത്യേകത.
ഇംഗ്ലീഷ് വിസ്‌കിക്ക് ഭൗമശാസ്ത്ര സൂചിക അഥവാ ജിഐ പദവി നല്‍കാനുള്ള യുകെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കോട്ട്ലന്‍ഡിന്റെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായ സ്‌കോച്ചിന്റെ സല്‍പ്പേരിനെ പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.
പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് കൂട്ടപിരിച്ചുവിടൽ. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. ബിൽ പാസായത് 159-നെതിരെ 262 വോട്ടിന്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദം നൽകാവുന്നതാണ് ബിൽ.
മേജര്‍ ലീഗ് സോക്കര്‍ ജേതാക്കളും മെക്‌സിക്കന്‍ ലീഗ് എം എക്‌സ് ചാമ്പ്യന്‍മാരും ഏറ്റുമുട്ടുന്ന കാംപിയോനെസ് കപ്പില്‍ മെസിയുടെ ഇന്റര്‍മിയാമി ചാമ്പ്യന്‍മാരായി. മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
