yt cover 31

 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. 2003 ജനുവരി മുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിന്‍ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത വിദേശമദ്യശേഖരത്തിനു പുറമേ പന്ത്രണ്ടര ലിറ്റര്‍ വ്യാജമദ്യവും ഉണ്ടെന്ന് എക്സൈസ് കേസിന്റെ എഫ്ഐആര്‍. അനധികൃതമായി അളവില്‍ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തത്. 10 വര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 27 പേജുള്ള റിപ്പോര്‍ട്ടാണ് എക്സൈസ് തയാറാക്കിയിരിക്കുന്നത്.

മാസപ്പടി കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നല്‍കിയ മൊഴി പിന്‍വലിച്ച് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവര്‍ത്തനങ്ങള്‍ക്ക് ഇനി നിര്‍മിതബുദ്ധി വിദ്യ ഉപയോഗിക്കും. ഇതിനായി എഐ അധിഷ്ഠിത വിവര്‍ത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവര്‍ത്തകര്‍ക്ക് പുതിയ ചുമതല നല്‍കും. എഐ വിവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നിര്‍ദേശിക്കാം.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച നിര്‍മ്മിത ബുദ്ധി ക്യാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട 60 കോടിയോളം രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

റിപ്പോര്‍ട്ടര്‍ ടിവി ചാനലിലെ പരിശോധനയില്‍ എസ്ഐടിക്ക് ആവശ്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെളിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

വികസന പദ്ധതികള്‍ക്കു കേരള സര്‍ക്കാരില്‍ നിന്ന് മുന്‍പ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരെ ഇപ്പോള്‍ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുന്‍ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. ലഹരിക്കായി പണം കൈമാറ്റം ചെയ്തതിന്റെ ഡിജിറ്റല്‍ രേഖകളും പൊലീസ് കണ്ടെടുത്തു. 2024 ല്‍ യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്‍മാനായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് തുടരുന്നു. ഇന്ന് മുംബൈ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ മേധാവിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ചര്‍ച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുല്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 16 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവില്‍ വിധി പറയാനിരിക്കെയാണ് കോടതി മാറ്റിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവര്‍ത്തിക്കേണ്ടി വരുമെന്നും മദനി ചൂണ്ടിക്കാട്ടി.

പാര്‍ട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരായി മത്സരിച്ചവരുടെ കാര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് റസ്റ്ററന്റ് ജുജു എക്‌സ്പ്രസ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ തുറന്നു. രുചിയൂറുന്ന 90 വിഭവങ്ങള്‍. 60 രൂപയുടെ മീന്‍കറി ഊണ്‍ മുതല്‍ 580 രൂപയുള്ള ജുജു സ്പെഷല്‍ ക്രീമി അല്‍ഫാം വരെ ഇവിടെ ലഭിക്കും.

തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം ഭൂമി മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് വി കെ പ്രശാന്ത് എംഎല്‍എ. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇടതുപക്ഷം എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തതു നിയമപരമായ നടപടിയെന്നു മന്ത്രി എം ലിജു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടവരേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും അതില്ലില്ല. സര്‍ക്കാരിന് ആരോടും വ്യക്തിവൈരാഗ്യം ഇല്ല. മന്ത്രി പറഞ്ഞു.

പാക് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവിക സേനാ കപ്പലില്‍ ഇടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ കപ്പല്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് മറികടന്ന് പാകിസ്ഥാന്റെ പി എന്‍ എസ് ഹുനൈന്‍ ഉയര്‍ന്ന വേഗത്തില്‍ ഇന്ത്യന്‍ കപ്പലിനടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏര്‍പ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. വ്യക്തികള്‍ക്ക് ഇടയിലുള്ള ഇടപാടുകള്‍ സൗജന്യമാണെന്നിരിക്കെ ചിലര്‍ കള്ളപ്രചാരണം നടത്തുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മുംബൈയില്‍ ഏറ്റവും അപകടകരമായ മലേറിയ വകഭേദങ്ങളിലൊന്നായ ‘പ്ലാസ്മോഡിയം ഫാല്‍സിപാറം’ കേസുകളില്‍ വര്‍ധനവ്. 2015-ല്‍ 375 ആയിരുന്ന കേസുകളുടെ എണ്ണം 2025-ല്‍ 2,382 ആയി ഉയര്‍ന്നുവെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ദീപാവലിക്ക് സമാനമായ ആഘോഷം. ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി എംപിയുമായിരുന്ന അതീഖ് അഹ്‌മദില്‍നിന്ന് പിടിച്ചെടുത്ത അനധികൃത ഭൂമിയില്‍ നിര്‍മിച്ച ഫ്‌ളാറ്റുടമകളാണ് ഇങ്ങനെ ആഘോഷിച്ചത്. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിച്ച 76 ഫ്‌ളാറ്റുകള്‍ ദീപങ്ങളാല്‍ അലങ്കരിച്ചാണ് ആഘോഷം.

ചൈനയില്‍ വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വന്‍തോതിലുള്ള നിര്‍മാണത്തിനായി പുതിയ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഉബിടെക് റോബോട്ടിക്സാണ് ലിയുഷൗവില്‍ പുതിയ നിര്‍മാണകേന്ദ്രം തുറന്നത്. നിര്‍മാണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ റോബോട്ടുകളെ തന്നെ ഉപയോഗിക്കുന്നതാണ് ഈ ഫാക്ടറിയുടെ പ്രധാന പ്രത്യേകത.

ഇംഗ്ലീഷ് വിസ്‌കിക്ക് ഭൗമശാസ്ത്ര സൂചിക അഥവാ ജിഐ പദവി നല്‍കാനുള്ള യുകെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കോട്ട്ലന്‍ഡിന്റെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായ സ്‌കോച്ചിന്റെ സല്‍പ്പേരിനെ പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.

പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് കൂട്ടപിരിച്ചുവിടല്‍. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

റഷ്യ ഉപരോധ ബില്‍ പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ. ബില്‍ പാസായത് 159-നെതിരെ 262 വോട്ടിന്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ നൂറു ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദം നല്‍കാവുന്നതാണ് ബില്‍.

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് താമസസൗകര്യം ലഭിക്കാന്‍ 14 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായി പരാതി. മുറികളില്‍ പലതും താരങ്ങള്‍ക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലര്‍ക്ക് താല്‍ക്കാലികമായി ഹോട്ടലുകളിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മേജര്‍ ലീഗ് സോക്കര്‍ ജേതാക്കളും മെക്‌സിക്കന്‍ ലീഗ് എം എക്‌സ് ചാമ്പ്യന്‍മാരും ഏറ്റുമുട്ടുന്ന കാംപിയോനെസ് കപ്പില്‍ മെസിയുടെ ഇന്റര്‍മിയാമി ചാമ്പ്യന്‍മാരായി. മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഗോള്‍ നേടിയ മെസി ഇന്റര്‍ മയാമിക്കിയായി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറി.

മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 3.75-4.00 ശതമാനത്തിലെത്തി. 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യത്തെ നിരക്ക് വര്‍ധനയാണിത്. പുതിയ ഫെഡ് മേധാവി കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യ പരിധിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ഫെഡറല്‍ റിസര്‍വിന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ വര്‍ധന. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും കടപ്പത്ര ആദായം ഉയരുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. ആഗോളതലത്തില്‍ എണ്ണവില കൂടുന്നത് ഇന്ത്യയുടെ ആഭ്യന്തര പണനയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനും സാധ്യതയുണ്ട്.

യഥാര്‍ത്ഥ ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന റഫറന്‍സ് ഇമേജ് ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ 18 പ്രോ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന നിമിഷം, ക്യാമറ സെന്‍സര്‍ ആ റോ ഇമേജിന് ക്രിപ്റ്റോഗ്രാഫിക് ഒപ്പ് നല്‍കുകയും അത് ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സര്‍വീസിലേക്ക് അയക്കുകയും ചെയ്യും. ഈ ഒറിജിനല്‍ പതിപ്പ് ഒരിക്കലും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമായിരിക്കും. പിന്നീട് ഈ ചിത്രത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, യഥാര്‍ത്ഥ ഡിജിറ്റല്‍ നെഗറ്റീവുമായി താരതമ്യം ചെയ്ത് മാറ്റങ്ങള്‍ തിരിച്ചറിയാം. ഐഫോണ്‍ 18 പ്രോ ക്യാമറ സെറ്റിങ്സില്‍ പോയി ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാം. ഐഒഎസ് 27, ഐപാഡ് ഒഎസ് 27, MacOS Golden Gate എന്നിവയിലെ ഫോട്ടോസ് ആപ്പില്‍ ഈ ചിത്രങ്ങള്‍ക്ക് മുകളിലായി റഫറന്‍സ് ബാഡ്ജ് കാണാം. ഇതില്‍ ടാപ്പ് ചെയ്ത് യഥാര്‍ത്ഥ ഡിജിറ്റല്‍ നെഗറ്റീവും എഡിറ്റ് ചെയ്ത ചിത്രവും തിരിച്ചറിയാം.

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്, അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനംചെയ്യുന്ന ചിത്രം ‘ദി തേര്‍ഡ് മര്‍ഡര്‍’ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

പാര്‍വതി തിരുവോത്തിനെ നായികയാക്കി ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയിലെ ‘ചേറൊഴിഞ്ഞു പോയിടാതെ’ എന്ന ഗാനം പുറത്ത്. മുജീബ് മജീദ് സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. ഭദ്ര രജിന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് ട്രെയിനിങ് ക്യാംപിന്റെ പശ്ചാത്തലത്തിലാണ് ഗാനം. ചിത്രത്തില്‍ അലീന എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വിജയരാഘവന്‍, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, തമിഴ്താരം പാര്‍ഥിപന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജേഷ് തോട്ടിങ്ങലും പി എസ് സുബ്രഹ്‌മണ്യവുമാണ് തിരക്കഥയൊരുക്കിയത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മിച്ചത്.

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ കാറുകളുടെ വില വീണ്ടും വര്‍ധിപ്പിക്കുന്നു. 2026ല്‍ കമ്പനിയുടെ നാലാമത്തെ വില വര്‍ധനവായിരിക്കും ഇത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവുമാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെയും ബിഎംഡബ്ല്യു ഐ7ന്റെയും ഇന്ത്യയിലെ അവതരണത്തിനിടെയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ പുതിയ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. അതേസമയം ബിഎംഡബ്ല്യുവിന്റെ മുന്‍നിര സെഡാനായ 7 സീരീസിന്റെയും ഇലക്ട്രിക് സെഡാനായ ഐ7ന്റെയും പുതിയ പതിപ്പുകള്‍ ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2026 ഒക്ടോബറില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂമ്പാറ്റച്ചിറകുകളുടെ പ്രകമ്പന സംഗീതമായി ഒരു കൈപ്പിടി കഥകളാണ് ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്നത്. സുതാര്യ മനോനാരുകളായി കഥാപാത്ര മനസ്സുകളിലൂടെ സഞ്ചരിച്ച് ശ്രദ്ധാപൂര്‍വം തുന്നിയെടുത്ത തൂവാലപ്പാളികളായി ഓരോ കഥയും മനസ്സിന്റെ മുറ്റത്ത് വായനക്കായി വിരിച്ചിടുന്നു. എളുപ്പമാകില്ല വായന ഒന്നും. മുന്നോട്ട്പോയും തിരികെ ഓടിവന്നും ഓരോ അക്ഷര അടരുകളിലും നിറഞ്ഞു നില്‍ക്കുന്ന സാന്‍വി കാര്‍മെന്‍മാരെ വീണ്ടും ഒന്നു തൊട്ടുഴിഞ്ഞെന്നു വരും ഓരോ വായനയും. അലങ്കാരങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തും കഥാപാത്രങ്ങളും. ‘തെരേസയുടെ പരിചയക്കാര്‍’. ഷീജ തെരേസ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 285 രൂപ.

പാകിസ്താനില്‍നിന്നുള്ള അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ‘ചാന്ദ്നി വൈറ്റ്നിങ് ക്രീം’, ‘ഗോരി ബ്യൂട്ടി ക്രീം’ എന്നീ രണ്ട് ക്രീമുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പുള്ളത്. ക്രീമുകളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സിഡിഎസ്സിഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടിരുന്നുവെന്നു കാണിച്ച് നാഗ്പുരില്‍നിന്ന് നിരവധിപേര്‍ പരാതികൊടുത്ത പശ്ചാത്തലത്തിലാണ് പരിശോധന കടുപ്പിച്ചത്. മെര്‍ക്കുറി അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങള്‍ എന്നിവയ്ക്ക് സാരമായ തകരാറുകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മം വെളുപ്പിക്കാനുള്ള ക്രീമുകളില്‍ ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനം തടയുന്നതിനായി പലപ്പോഴും നിയമവിരുദ്ധമായി മെര്‍ക്കുറി പോലുള്ളവ അമിതമായി ചേര്‍ക്കാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഇവ ചര്‍മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അടിഞ്ഞുകൂടുകയും ചെയ്യും. ഇത് വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നത് ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.88, പൗണ്ട് – 128.41, യൂറോ – 110.07, സ്വിസ് ഫ്രാങ്ക് – 116.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.24, ബഹറിന്‍ ദിനാര്‍ – 252.93, കുവൈത്ത് ദിനാര്‍ -310.57, ഒമാനി റിയാല്‍ – 249.36, സൗദി റിയാല്‍ – 25.90, യു.എ.ഇ ദിര്‍ഹം – 26.09, ഖത്തര്‍ റിയാല്‍ – 26.21, കനേഡിയന്‍ ഡോളര്‍ – 68.56.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *