കുളികഴിഞ്ഞ് മുടി സ്വാഭാവികമായി ഉണങ്ങുന്നതാണ് ആരോഗ്യകരം, എന്ന് കരുതി മണിക്കൂറുകളോളം മുടി നനഞ്ഞ നിലയില് തുടരുന്ന ശീലമുണ്ടോ? എന്നാല് ഈ ശീലം മുടി കൊഴിച്ചിലിന് കാരണമാകാമെന്ന് വിദഗ്ധര് പറയുന്നു. മുടികൊഴിച്ചിലിന് പിന്നില് പാരമ്പര്യം തൊട്ട് ഭക്ഷണം വരെ നിരവധി ഘടകങ്ങള് ഉണ്ടെങ്കിലും നനഞ്ഞിരിക്കുമ്പോള് മുടി ദുര്ബലമായിരിക്കും. മുടി നനയുമ്പോള് അതിന്റെ ഘടനയില് മാറ്റമുണ്ടാകുകയും മുടി കൂടുതല് ഇലാസ്റ്റിക്കാവുകയും ചെയ്യുന്നു. ഈ സമയത്ത് ശക്തമായി വലിക്കുകയോ ചീകുകയോ ചെയ്താല് മുടി പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കുളിച്ചിറങ്ങിയ ഉടന് മുടി ടവല് ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നതും നനഞ്ഞ മുടി വലിച്ചുകെട്ടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല, സ്കാല്പ്പില് ദീര്ഘനേരം ഈര്പ്പം നീണ്ടുനില്ക്കുന്നത് ചിലരില് അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കാം. താരന് പോലുള്ള പ്രശ്നങ്ങളുള്ളവര്ക്ക് തലയോട്ടിയിലെ ഈര്പ്പം അവസ്ഥ കൂടുതല് അസ്വസ്ഥമാക്കാനും സാധ്യതയുണ്ട്. നനഞ്ഞ മുടിയുമായി ഉറങ്ങുന്നതും നല്ല ശീലമല്ല. തലയിണയുമായുള്ള തുടര്ച്ചയായ ഉരയുമ്പോള് നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത വര്ധിപ്പിക്കും. കൂടാതെ മുടി ഉണങ്ങാന് കൂടുതല് സമയമെടുക്കുന്നതിനാല് സ്കാല്പ്പില് ഈര്പ്പം ദീര്ഘനേരം നിലനില്ക്കും. ഹെയര് ഡ്രയര് ഉപയോഗിക്കുന്നെങ്കില് വളരെ ഉയര്ന്ന ചൂട് ഒഴിവാക്കുക.
മണിക്കൂറുകളോളം മുടി നനഞ്ഞ നിലയില് വയ്ക്കരുത്
