സംസ്ഥാന സർക്കാർ ഓണം വാരാഘോഷം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ നാലാം ഓണനാളിലെ പുലിക്കളി വേണ്ടെന്നായിരുന്നു തൃശൂർ കോർപറേഷന്റെ തീരുമാനം. എന്നാല്‍ ഒരുക്കങ്ങളെല്ലാം പാതിവഴിയിലാണെന്നും പുലിക്കളി നടത്തണമെന്നും സംഘങ്ങള്‍ ആവശ്യപ്പെട്ടതോടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി നടത്തുന്ന കാര്യത്തില്‍ തൃശ്ശൂര്‍ മേയര്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി കത്തയച്ചു. പുലിക്കളി സംഘങ്ങളെല്ലാം ഒരുക്കങ്ങളുമായി ഏറെദൂരം മുന്നോട്ടുപോയെന്നും. നാല് ലക്ഷം രൂപയോളം ഓരോ സംഘവും ഇതിനകം ചിലവാക്കി. സംഘങ്ങള്‍ കണ്ടെത്തുന്ന തുകയ്ക്ക് പുറമേ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായവും പുലിക്കളിക്കും കുമ്മാട്ടിക്കും ഉണ്ടാവാറുണ്ട്. ഏകപക്ഷീയമായ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഒൻപതു ദേശങ്ങളിലെ പുലിക്കളി സംഘങ്ങള്‍ മേയറെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് തൃശ്ശൂര്‍ മേയർ സര്‍ക്കാരിനോട് അഭിപ്രായം തേടിയത്.
പുലിക്കളി നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂര്‍ മേയർ
