ബോക്സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ‘ലോക’യുടെ കുതിപ്പ് തുടരുന്നു. കളക്ഷന് റെക്കോര്ഡുകള് ഭേദിച്ചു കൊണ്ട് മുന്നേറുന്ന ലോക ചാപ്റ്റര് 1: ചന്ദ്ര 200 കോടിയെന്ന അപൂര്വ്വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില് ഇടം നേടിയ ലോക രണ്ട് ആഴ്ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകള്ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നൂറ് കോടി ക്ലബില് ഇടം നേടുന്ന പന്ത്രണ്ടാമത്തെ മലയാളം സിനിമയാണ് ലോക. മുപ്പത് കോടിയുടെ ബജറ്റില് ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങള് ലോക യൂണിവേഴ്സ് ഒരുക്കുന്നതെന്ന് സംവിധായകന് ഡൊമിനിക് അരുണ് നേരത്തെ അറിയിച്ചിരുന്നു. 265.5 കോടി നേടിയ എമ്പുരാന്, 240.5 കോടി നേടിയ മഞ്ഞുമ്മല് ബോയ്സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനില് ഇപ്പോള് ലോകയ്ക്ക് മുമ്പിലുള്ളത്.
‘ലോക ചാപ്റ്റര് 1: ചന്ദ്ര’ ചിത്രം 200 കോടി ക്ലബില്
