സംസ്ഥാനത്ത് തുലാവർഷം എത്തുന്നു. നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

 

ശബരിമലയിൽ അരവണ നിർമ്മാണം വീണ്ടും തുടങ്ങി. നിലവിൽ ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കും. 20ന് ശേഷം ഇത് മൂന്നര ലക്ഷം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നവീകരണത്തിനായി ഒരു മാസത്തോളം പ്ലാൻറ് അടച്ചിട്ടത് വിവാദമായിരുന്നു.

 

സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ.

 

കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ്‌ ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

 

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. നെടുമ്പാശ്ശേരിയിൽ മരിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് പരാതിക്കാരൻ.

 

പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. അൻപതിലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച അദ്ദേഹത്തിന്റെ വിയോഗം കാർഷിക മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് വി ഡി സതീശൻ അനുസ്മരിച്ചു.

 

പത്മശ്രീ ചെറുവയൽ രാമന്‍റെ വിയോഗത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനം രേഖപ്പെടുത്തി.പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്‍റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മന്ത്രി പറഞ്ഞു.

 

പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. ആലപ്പുഴ ചേർത്തല അരൂർ സ്വദേശി സന്ദീപ് പി എസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ.

 

നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. കാർ ഓടിച്ച സുഹൈൽ അടക്കം നാല് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

ആശുപത്രി സൂപ്രണ്ടിന്‍റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണതായ് പരാതി. അടൂർ ജനറൽ ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ ക്രിസ്റ്റീന ബിനോയ് ആണ് കുഴഞ്ഞുവീണത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതർക്ക് പരാതി നൽകി.

 

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 25ന് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി വിധി പറയും. അന്തിമ വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.

 

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ മരിച്ചു.

 

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രശസ്ത മന്ത്രവാദി പിടിയിൽ. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾ ചുമത്തിയാണ് സതീഷ് പാത്രിയെ കർണാടകയിലെ ചിക്കമംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തത്.

 

ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക.

 

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശത്തിന് പിന്നാലെ പൈലറ്റ് ഹൈജാക്ക് അലർട്ട് നൽകിയതും പരിഭ്രാന്തിക്ക് ഇടയാക്കി

 

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി. വെടിയുണ്ടകളെ പേടിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ദില്ലി പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഋതു എന്ന പെൺകുട്ടിയാണ് രാഹുലിനൊപ്പമാണ് ഉണ്ടായിരുന്നത്. ആതിര എന്ന പെൺകുട്ടിയുടെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

 

 

ഫ്ലൈദുബായ് വിമാനത്തിലെ അക്രമ സംഭവത്തിന് പിന്നാലെ 31 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ജീവനക്കാർക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്ക് എയർ ഫ്രാൻസ് നടപ്പിലാക്കുന്നു. പാകിസ്താൻ, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരത്വമുള്ള പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമാണ് വിലക്ക് ബാധകമാകുന്നത്.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *