കരള്‍ രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകല്‍ സമയത്ത് ഇവര്‍ക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങളായി പറയുന്ന ഒരു കാരണം ഹെപ്പാറ്റിക് എന്‍സെഫലോപ്പതിയാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടാതാവുകയും തലച്ചോറില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. കരള്‍ രോഗമുള്ളവര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ആണ്. കരള്‍ രോഗമുള്ളവരില്‍ മെലറ്റോണിന്റെ ഉല്‍പാദനം വ്യത്യാസപ്പെട്ടിരിക്കാം ഇത് ശരീരത്തിന്റെ സ്ലീപ് സൈക്കിള്‍ തകരാറിലാകും. കരള്‍ രോഗികള്‍ക്ക് പലപ്പോഴും ശരീര താപനില ക്രമീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, ഇത് സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. കരള്‍ രോഗവുമായി ബന്ധപ്പെട്ട ശരീര വീക്കം ഉറക്ക-ഉണര്‍വ് ചക്രത്തെ തടസപ്പെടുത്താം. കരള്‍ രോഗമുള്ള രോഗികളില്‍ ഉറക്കക്കുറവിനെ നേരിടാനായി ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാം. ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ടെക്‌നിക്കുകള്‍ പരിശീലിക്കുക. വൈകുന്നേര സമയങ്ങളില്‍ കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യപാനം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.
കരള്‍ രോഗികള്‍ക്ക് രാത്രിയില്‍ ഉറക്കം തടസ്സപ്പെടാം
