yt cover 49

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ 10 ദിവസം കൂടി അനുവദിച്ച് സുപ്രീം കോടതി. ദീപാവലി അവധി കഴിഞ്ഞ് കേസ് പരിഗണിക്കും. നിലവില്‍ കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ് മൂലത്തിന് രണ്ടാഴ്ച സമയവും കോടതി നല്‍കി.

ആന്ധ്രാ തീരത്ത് ‘അര്‍ണബ്’ അതിതീവ്ര ചുഴലിക്കാറ്റുമൂലം കടല്‍ പ്രക്ഷുബ്ധമായി. ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങാന്‍ തുടങ്ങി. ആന്ധ്രാപ്രദേശും ഒഡിഷയും അതീവ ജാഗ്രതയില്‍. ഒഡിഷയില്‍ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം. കാറ്റിന് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം.

നവംബര്‍ ഒന്നിന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലി മാറ്റണമെന്ന് ഡല്‍ഹിയിലെ വ്യാപാരിസംഘടന.  ദീപാവലി സീസണിലെ വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി(സിടിഐ) പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗെയ്ക്കും കത്ത് അയച്ചിട്ടുണ്ട്. റാലി നവംബര്‍ പത്തിനു ശേഷമാക്കണമെന്നും   അഭ്യര്‍ഥിച്ചു.

സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി.

ആര്‍ടിഐ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടില്ലെന്നും, അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ അതിന്റെ ഗുണം പ്രതികള്‍ക്കാകുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടിയില്‍ ശിശുമരണം. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം.

ചേരാനല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. മകന്‍ കാറെടുത്തു കൊണ്ടുപോയത് താനറിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊതികൊണ്ടാണ് പിതാവിന്റെ ബെന്‍സ് കാര്‍ ആരും അറിയാതെ എടുത്തുകൊണ്ടുപോയതെന്ന് പ്രതി മൊഴി നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഔഷധി ചെയര്‍പേഴ്സണായിരിക്കെ ഔഷധിയില്‍ സൗജന്യമായി സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോര്‍ജ്. ഔഷധിയില്‍ താന്‍ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കില്‍ പുറത്തു വിടണമെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.

മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്തു കാണത്തക്ക പരിക്ക് വീണാ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന.

വീട്ടില്‍ വ്യാജമദ്യം കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ ഭാര്യമാതാവ് ലില്ലി ജോസിനെ എക്‌സൈസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്തു. വാഴവറ്റയിലെ വീട് ഭാര്യയുടെ അമ്മ ലില്ലി ജോസിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ വാദം.

നെടുമ്പാശേരി അപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ പൊലീസ് മനോഭാവം മാറിയില്ലെന്നും സമ്പന്നരും സ്വാധീനമുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും രണ്ട് നീതിയാണെന്നും പിണറായി പറഞ്ഞു.

കോഴിക്കോട് മണിയൂരിലെ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുള്‍ റഫീഖിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കര്‍മസമിതി കോഴിക്കോട് റൂറല്‍ എസ്പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആത്രേയകം നോവലിനെതിരായ കോപ്പിയടി ആരോപണം ഉന്നയിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ എഴുത്തുകാരി ആര്‍ രാജശ്രീ. രാജശ്രീക്ക് എതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ വിലക്കി തലശേരി മുന്‍സിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ നടപടിക്കു നീക്കം.

ചേരാനല്ലൂരില്‍ ബെന്‍സ് ഇടിച്ചു 55 കാരന്‍ മരിച്ച കേസില്‍ ഡിസിബിക്കു കേസ് ഫയലുകള്‍ കൈമാറി. ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി അനൂജ് പലിവാള്‍ ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തെങ്കിലും  രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.

ആലപ്പുഴയില്‍ 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും കടത്താന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ നിന്ന് ശേഖരിച്ച ധാന്യങ്ങള്‍ കാലടിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കണ്ണൂര്‍ ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാശിയില്‍ പോയി പൊലീസ് അന്വേഷിച്ചുവെന്നും ഇതുവരെ വിവരമില്ലെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

കണ്ണൂര്‍ റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റര്‍ അകലെയുള്ള ചൂണ്ടിയിലും സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. ശബ്ദം കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുളത്തൂപ്പുഴയില്‍ വാഹനാപകടത്തില്‍ 17 കാരന്‍ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശ് ആണ് മരിച്ചത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേര്‍ പിടിയിലായി. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഊര്‍ജിത തെരച്ചിലിനിടെയാണ് ചൊവ്വാഴ്ച മൂന്നുപേരെ കൂടി പിടികൂടിയത്.

അരുണാചല്‍ പ്രദേശില്‍ നടക്കുന്ന ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അക്രമാസക്തമാകുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകന്‍ എബോ മിലി, യുവജന നേതാക്കളായ ഒട്ടുല്‍ ജെറാങ്, തജോങ് തലോം എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണ ശ്രമങ്ങള്‍ അറബ് സഖ്യസേന തകര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകര്‍ത്തു

സുപ്രീംകോടതി മാര്‍ച്ചിനിടെ ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തകയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന കേസില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയില്‍ ബലാംത്സംഗ കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഹ്ലാദ് ദാസാണ് തെളിവെടുപ്പിനിടെ കൊല്ലപ്പെട്ടത്.

ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചത് ചോദ്യംചെയ്ത് ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ. എന്‍ ചന്ദ്രശേഖരനെ അഞ്ചുവര്‍ഷത്തേക്ക് കൂടി ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചത് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ടാറ്റാ സണ്‍സ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായ്ക്ക് നോയല്‍ ടാറ്റ കത്തുനല്‍കി.

യുഎന്‍. രക്ഷാസമിതിയിലെ എല്ലാ സ്ഥിരം അംഗങ്ങള്‍ക്കും വീറ്റോ അധികാരം നല്‍കണമെന്ന് ഇന്ത്യ. രക്ഷാസമിതി അംഗങ്ങളുടെ അംഗത്വ വിഭാഗങ്ങള്‍, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലുപ്പം, പ്രവര്‍ത്തന രീതികള്‍, വീറ്റോ അധികാരം എന്നീ അഞ്ച് പ്രധാന മേഖലകളിലും കാലോചിത മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇസ്രയേലില്‍ ഇന്ന് വിധിയെഴുത്ത്. ദേശീയ പാര്‍ലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്കുള്ള 26-ാമത് തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലാണ് മത്സരം.

വനിതാ അണ്ടര്‍ 19 ടി20 ട്രോഫി എലിറ്റ് പ്രീ-ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌കോറര്‍ വരുത്തിയ ഗുരുതരമായ പിഴവ് കാരണം ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നതായി ആരോപിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ സമീപിച്ചു. ഒക്ടോബര്‍ 20-ന് നാഗ്പൂരില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലാണ് വിവാദ സംഭവം.

ഫുട്ബോളിലെ വിഖ്യാത പുരസ്‌കാരങ്ങളിലൊന്നായ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ ചോര്‍ന്നു. പുരസ്‌കാരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാരി കെയ്ന്‍, കിലിയന്‍ എംബാപ്പെ, ലമീന്‍ യമാല്‍ എന്നിവരെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൂന്ന് വ്യത്യസ്ത ലേഖനങ്ങള്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകള്‍ റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനി സമര്‍പ്പിച്ചു. അടുത്ത മാസം വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂണില്‍ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഒ വഴി സമാഹരിച്ച 8600 കോടി ഡോളറാണ് ഈ രംഗത്തെ റെക്കോഡ്. ഇത് ആന്ത്രോപിക് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 96,500 കോടി ഡോളറാണ് ആന്ത്രോപിക്കിന്റെ മൂല്യം. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൂല്യം രണ്ടുലക്ഷം കോടി ഡോളര്‍ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 2026ന്റെ ആദ്യ പകുതിയില്‍ ആന്ത്രോപിക്കിന്റെ നഷ്ടം 8070 കോടി ഡോളറാണ്. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ ഇത് 1300 കോടി ഡോളറായിരുന്നു.

ആപ്പിള്‍ സ്റ്റോറുകളിലെ റിട്ടേണ്‍ തട്ടിപ്പുകള്‍ക്കും വ്യാജ തിരിച്ചുവരവുകള്‍ക്കും തടയിടാന്‍ പുതിയ ആന്റി-തെഫ്റ്റ് സ്‌കാനിങ് സംവിധാനവുമായി ആപ്പിള്‍ രംഗത്ത്. വ്യാജന്മാര്‍ പുതിയ ഐഫോണുകള്‍ വാങ്ങി അവയുടെ അകത്തെ ഘടകങ്ങളോ പാര്‍ട്‌സുകളോ ഊരിയെടുത്ത ശേഷം, ഒറിജിനല്‍ പോലെ സീല്‍ ചെയ്ത് തിരികെ സ്റ്റോറുകളില്‍ നല്‍കുന്ന തട്ടിപ്പ് രീതികള്‍ക്ക് അറുതി വരുത്താനാണ് പുതിയ സാങ്കേതികവിദ്യ. പുതിയ സ്‌കാനര്‍ ഉപയോഗിച്ച്, ഐഫോണ്‍ ബോക്‌സ് സീല്‍ പൊട്ടിക്കാതെ തന്നെ അകത്തുള്ള ഫോണ്‍ ഒറിജിനലാണോ എന്നും അതിലെ എല്ലാ ഭാഗങ്ങളും കേടുകൂടാതെ ഇരിപ്പുണ്ടോ എന്നും പരിശോധിക്കാന്‍ സാധിക്കും. ആപ്പിള്‍ സ്റ്റോറുകളില്‍ ഇതിനകം ഉപയോഗത്തിലുള്ള ‘പ്രെസ്റ്റോ’ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് പുതിയ സ്‌കാനിങ് ഡിവൈസ് വികസിപ്പിച്ചിരിക്കുന്നത്.

ആക്ഷനും തീവ്രതയും പ്രണയത്തിന്റെ നേരിയ സ്പര്‍ശവും ഒത്തുചേരുന്ന ‘കിംഗ്’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചുണ്ടുകള്‍ക്കിടയില്‍ ഒരു റോസാപ്പൂവും കണ്ണുകളില്‍ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്നതാണ് ഷാരൂഖ് ഖാന്റെ പുതിയ ലുക്ക്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും മാര്‍ഫ്ലിക്സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 24ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1994-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോണ്‍: ദി പ്രൊഫഷണല്‍’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാന്‍, ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക്  ദി മാന്‍ ഇന്‍ ദ മിസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന ഡോക്ടര്‍ ലിയോ തോമസ് എന്ന ഫോറന്‍സിക് സര്‍ജന്‍ കഥാപാത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, മുകേഷ്, ജഗദീഷ്, പ്രിയ വാര്യര്‍, ഗ്രേസ് ആന്റണി, ലെന, മാല പാര്‍വതി, മനോജ് കെ.യു, സുധി കോപ്പ, പ്രാര്‍ത്ഥന എസ്., ശ്രുതി ജയന്‍, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഇ- സ്പ്രിന്റോ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി1 എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന് 89,999 രൂപയാണ് പ്രാരംഭവില. ജനുവരി ഒന്നുമുതല്‍ ഡെലിവറി ആരംഭിക്കും. മൂന്ന് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 2.0സം വേര്‍ഷനാണ് 89,999 രൂപ. 2.5സം വേര്‍ഷന് 94,999 രൂപയാണ് വില വരുന്നത്. 3.0 കിലോവാട്ട് വേര്‍ഷന് 99,999 രൂപയാണ് വില. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 80 മുതല്‍ 130 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇക്കോ, സിറ്റി, സ്‌പോര്‍ട്ട് റൈഡിങ് മോഡുകളുമായാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. 50 കിലോമീറ്ററാണ് പരമാവധി വേഗം. ചാര്‍ക്കോള്‍ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, ഹൊറൈസണ്‍ ബ്ല്യൂ, പൈന്‍ ഗ്രീന്‍ എന്നിങ്ങനെ നാലു നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭിക്കും.

പ്രഭാവര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായിക മലയാളസാഹിത്യശാഖയിലെ എന്നുമാത്രമല്ല ഒരുപക്ഷേ ലോകകാവ്യചരിത്രത്തിലെത്തന്നെ കുറ്റാന്വേഷണ പാതയില്‍ ഉരുവംകൊണ്ട ആദ്യ കാവ്യസൃഷ്ടിയാകാം. നവീനാഖ്യാനസൗന്ദര്യത്തിനപ്പുറം സത്യാന്വേഷണവഴിത്താരയിലെ രചനാവിസ്മയം കൂടിയാണ് ഇത് വെളിവാക്കിത്തരുന്നത്. കാവ്യാഖ്യായികകളുടെ ഗണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ കവിയാണ് പ്രഭാവര്‍മ്മ. ഏറ്റവും പുതിയ അടയാളവാക്യവും കാവ്യലോകത്തിന് പുത്തനൊരനുഭവമായിത്തീരും എന്നതില്‍ സംശയമില്ല. ‘. അടയാളവാക്യം’. പ്രഭാവര്‍മ്മ. ഡിസി ബുക്സ്. വില 189 രൂപ.

പാക്കറ്റ് ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ‘ഫാമിലി മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത്’ എന്ന മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ ഏകദേശം 88 ലക്ഷം പേരുടെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. അതില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, അമിതവണ്ണം, പ്രമേഹം, ദഹനസംബന്ധമായ രോഗങ്ങള്‍, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം കണ്ടെത്തി. പാക്കറ്റ് ഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ ദഹനരോഗ സാധ്യത 31% കൂടുതല്‍ ആണെന്നും പഠനത്തില്‍ പറയുന്നു. പാക്കറ്റ് ചിപ്സ്, ചില ഇന്‍സ്റ്റന്റ് നൂഡില്‍സ്, പാക്കറ്റ് കേക്കുകള്‍, മധുരപാനീയങ്ങള്‍, ചില റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത്തരം ചില ഭക്ഷണങ്ങളില്‍ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ കൂടുതലും നാരുകള്‍ കുറവുമായിരിക്കാം. കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം, ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളുമായും ഉയര്‍ന്ന ഉപയോഗം ബന്ധപ്പെട്ടതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വാങ്ങുമ്പോള്‍ പോഷകവിവരങ്ങള്‍ പരിശോധിച്ച് പഞ്ചസാരയും ഉപ്പും പൂരിത കൊഴുപ്പും കുറഞ്ഞവ തിരഞ്ഞെടുക്കുക.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.13, പൗണ്ട് – 126.79, യൂറോ – 106.16, സ്വിസ് ഫ്രാങ്ക് – 114.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.83, ബഹറിന്‍ ദിനാര്‍ – 251.80, കുവൈത്ത് ദിനാര്‍ -306.08, ഒമാനി റിയാല്‍ – 247.41, സൗദി റിയാല്‍ – 25.40, യു.എ.ഇ ദിര്‍ഹം – 25.94, ഖത്തര്‍ റിയാല്‍ – 26.97, കനേഡിയന്‍ ഡോളര്‍ – 67.86.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *