പാക്കറ്റ് ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ‘ഫാമിലി മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത്’ എന്ന മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ ഏകദേശം 88 ലക്ഷം പേരുടെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. അതില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപയോഗം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, പ്രമേഹം, ദഹനസംബന്ധമായ രോഗങ്ങള്‍, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം കണ്ടെത്തി. പാക്കറ്റ് ഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ ദഹനരോഗ സാധ്യത 31% കൂടുതല്‍ ആണെന്നും പഠനത്തില്‍ പറയുന്നു. പാക്കറ്റ് ചിപ്‌സ്, ചില ഇന്‍സ്റ്റന്റ് നൂഡില്‍സ്, പാക്കറ്റ് കേക്കുകള്‍, മധുരപാനീയങ്ങള്‍, ചില റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത്തരം ചില ഭക്ഷണങ്ങളില്‍ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ കൂടുതലും നാരുകള്‍ കുറവുമായിരിക്കാം. കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം, ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുമായും ഉയര്‍ന്ന ഉപയോഗം ബന്ധപ്പെട്ടതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വാങ്ങുമ്പോള്‍ പോഷകവിവരങ്ങള്‍ പരിശോധിച്ച് പഞ്ചസാരയും ഉപ്പും പൂരിത കൊഴുപ്പും കുറഞ്ഞവ തിരഞ്ഞെടുക്കുക.
