നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സർവകലാശാല. കേരള സർവകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നൃത്തപരിപാടി നടത്തുന്നതിന് വിസി വിലക്ക് ഏർപ്പെടുത്തി. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
