ലോകത്തിലെതന്നെ ഏറ്റവും ജനപ്രീതിയുള്ള ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 2016 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കൊവിഡ് കാലത്താണ് മറ്റെല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും പോലെ നെറ്റ്ഫ്ലിക്സും രാജ്യത്ത് വലിയ വളര്‍ച്ച നേടിയത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രം ഏതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന് ആണ് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പേര് കണ്ട ചിത്രം. എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ പരിഗണിച്ചാലും ജവാന് തന്നെയാണ് ഒന്നാമത്. സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നവംബര്‍ 2 ന് ആയിരുന്നു. ഷാരൂഖ് ഖാന്റെയും ഒപ്പം ബോളിവുഡിന്റെതന്നെയും തിരിച്ചുവരവിന് കാരണമായ പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന നിലയില്‍ സ്വാഭാവികമായും പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു ജവാന്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. വിജയ് സേതുപതി ആണ് പ്രതിനായകന്.
നെറ്റ്ഫ്ലിക്സിലൂടെ ഏറ്റവുമധികം പേര് കണ്ട ചിത്രം ‘ജവാന്’
