ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അഭാവമാകാമെന്ന് പഠനം. നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നത്. ഇരുമ്പിന്റെ അഭാവം, ഓക്‌സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ആര്‍ത്തവം, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ സി ഇരുമ്പ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്. ജാപ്പനീസ് ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
