ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവിതം പ്രമേയമാകുന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ എത്തി. ‘കേസരി 2’: ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, ശങ്കരന് നായരുടെ വേഷത്തിലെത്തുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന് നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയാകുന്നത്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി.ശങ്കരന് നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥാകൃത്തും നിര്‍മാതാവുമായ കരണ്‍സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 18ന് തിയറ്ററുകളിലെത്തും. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലംസ്, ലിയോ മീഡിയ കലക്ടീവ് പ്രസന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം.
ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവിതവുമായി ഹിന്ദി ട്രെയിലര്‍
