രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ധിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥ ചികിത്സിക്കാതിരിക്കുന്നത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകാം. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണം. യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന. ഇത്തരം വേദന പെട്ടെന്നുണ്ടാകുന്നതാണ്. ഇത് ഉറക്കത്തെ പോലും തടസപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി വേദനയുണ്ടാകുന്നത്. സന്ധികള്‍ക്ക് ചുറ്റും ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോള്‍ ചൂടും വേദനയും അനുഭവപ്പെടാം. ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങള്‍. ഇത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു. നീര്‍ക്കെട്ടുള്ള സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്‌നത്തിലാകുന്നു. ചെറിയ തോതില്‍ എവിടെയങ്കിലും തട്ടുന്നതു പോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാല്‍ കാലക്രമേണ വിഷയം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഗൗട്ട് ദീര്‍ഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികള്‍ക്ക് സമീപം ചര്‍മത്തിനടിയില്‍ കട്ടിയുള്ള മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.
