എക്കാലത്തെയും ഉയര്‍ന്ന പാദവാര്‍ഷിക സാമ്പത്തിക പ്രകടനവുമായി ഫെഡറല്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ ലാഭം 45 ശതമാനം വര്‍ധിച്ച് 1,386 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 26.38 ശതമാനം വര്‍ധനയോടെ 3,153 കോടി രൂപയിലെത്തി. ഫീ ഇന്‍കം 31.86 ശതമാനം ഉയര്‍ന്ന് 1,168 കോടി രൂപയായി. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 20.12 ശതമാനം വര്‍ധിച്ച് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ആകെ വായ്പ വിതരണം 21.66 ശതമാനം വര്‍ധനയോടെ 3.02 ലക്ഷം കോടി രൂപയിലെത്തി. 3 ലക്ഷം കോടി രൂപ വായ്പാ അടിത്തറയെന്ന വലിയ നേട്ടവും ഇതോടെ ബാങ്ക് സ്വന്തമാക്കി. ആകെ നിക്ഷേപം 18.61 ശതമാനം വര്‍ധിച്ച് 3.43 ലക്ഷം കോടി രൂപയായി. കാസാ നിക്ഷേപം 103 ബിപിഎസ് വര്‍ധിച്ച് 1.09 ലക്ഷം കോടി രൂപയായി. പ്രവാസി നിക്ഷേപങ്ങളില്‍ 26.63 ശതമാനം വര്‍ധന രേഖപ്പെടുത്തി, 1.19 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
