മദ്ധ്യാഹ്ന വാർത്തകൾ 20261022 125640 0000

 

 

 

സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി സംഘത്തിന്‍റെ അവലോകനയോഗം ഇന്ന്. കേസിലെ വിജിലൻസ് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കും. ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഉത്തരവ് തിരിച്ചടി അല്ലെന്നാണ് ഇ‍ഡിയുടെ ഭാഗം. അപ്പീലിൽ തീരുമാനമെടുക്കുംവരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കില്ല എന്നാണ് സൂചന.

 

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി.

 

പുതിയ വഖഫ് ബോർഡിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. ബോർഡ് ചെയർമാൻ എംസി മായിൻ ഹാജിയുടെ അധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം. പുതുതായി സർക്കാർ നാമ നിർദേശം ചെയ്ത ഒൻപത് പേരും യോഗത്തിൽ പങ്കെടുക്കും. കെ.എസ് ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് നടക്കുക.

 

തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഗിരീഷ് കുമാർ, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

 

വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. തെറ്റുതിരുത്തൽ ചർച്ചകളുടേയും വിവിധ ജില്ലകളിലെടുത്ത തീരുമാനങ്ങളുടേയും വിശദമായ അവലോകനം സംസ്ഥാന സമിതി യോഗത്തിലുണ്ടാകും.

 

കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങൾ, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി.

 

കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച ശേഷം സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മൊഴി.

 

പാലക്കാട് മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

 

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി. ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

 

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ അന്വേഷണസംഘം പൂനെയിൽ. പ്രതി എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പ്രതിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ ആണ് പൊലീസിന്‍റെ നീക്കം. അതിനിടെ എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവച്ചതിലാണ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തത്.

 

ഭർത്താവിനെ കണ്ടെത്താൻ മൊബൈൽ ടവറിന് മുകളിൽ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം. നെലമംഗലയെ മൂന്ന് ദിവസം മുൾമുനയിൽ നിർത്തിയ നാടകീയ രംഗങ്ങൾക്കൊടുവിൽ യുവതിയെ പൊലീസ് ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.

 

മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്.

 

പുരയിടത്തിലെ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 19 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ വെങ്ങാനൂർ അംബേദ്കർ ഗ്രാമം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്നവർക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്.

 

നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

 

തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

 

കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് (25) ആണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിധാന സൗധ പൊലീസ് പ്രതിയെ പിടികൂടിയത്.

 

തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് ഡൽഹി പോലീസിന്റെ സമൻസ്. ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ജനതാദൾ യുണൈറ്റഡിന്റെ പരാതിയിലാണ് നടപടി.

 

ഉത്തർ പ്രദേശിലെ ലക്നൗവിൽ റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ശ്രദ്ധ ദുബെയ്ക്ക് മുംബൈയിലെ സെഡ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്. ശ്രദ്ധയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്.

 

ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് നേഹ ബോറ പറഞ്ഞു.

 

കർണാടകത്തിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരിക്കിടെ ആനയിടഞ്ഞു. ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന ‘സോമണ്ണ’ എന്ന ആന ആണ് ഇടഞ്ഞോടിയത്. ഒരു മണിക്കൂറോളം ആന ഭീതി പരത്തി. ഒടുവിൽ മൃഗഡോക്ടർമാർ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്.

 

വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവം ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആണ് വെടിവെപ്പ് നടന്നത്.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സമരം ചെയ്ത സിജെപിയെ പിന്തുണച്ച് മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന ബിജെപി നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എന്നാൽ പാർട്ടി വിട്ടശേഷമുള്ള അണ്ണാമലൈയുടെ ഈ മാറ്റത്തെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തു.

 

ഭർത്താവിനെ കണ്ടെത്താൻ മൊബൈൽ ടവറിന് മുകളിൽ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം. നെലമംഗലയെ മൂന്ന് ദിവസം മുൾമുനയിൽ നിർത്തിയ നാടകീയ രംഗങ്ങൾക്കൊടുവിൽ യുവതിയെ പൊലീസ് ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടർ സമരപരിപാടികൾ സംബന്ധിച്ച് സിജെപി നേതാക്കൾ കൂടിയാലോചന തുടരുന്നു. അതിനിടെ, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബർ ഒന്നിന് ദില്ലി രാം ലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായം ഉയര്‍ന്നു

 

രാജ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധത്തിൽ നിൽക്കെ ലഡാക്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബർ 21-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിനും ദമ്മാം വിമാനത്താവളത്തിനും നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണങ്ങളിൽ ഇന്ത്യക്കാരനടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും ചെയ്തു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ യുഎസ് നിർദ്ദേശിച്ചു.

 

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചു. നവംബർ പത്തിന് അബുദാബിയിൽ വെച്ചായിരിക്കും അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ നടക്കുക. റഷ്യയിൽ തടവിലായിരുന്ന അമേരിക്കൻ പൗരനെ മോചിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് എണ്ണക്കപ്പലായ എംടി അൽ ദസ്‌മയ്ക്ക് നേരെ മിസൈൽ ആക്രമണം നടന്നു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യാക്കാരടക്കമുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഇടപെടുകയും ഇന്ത്യ ശക്തമായ അപലപനം രേഖപ്പെടുത്തുകയും ചെയ്തു.

 

ബിസിനസ് ട്രിപ്പിനിടയിൽ മുതിർന്ന ഉദ്യോഗസ്ഥൻ പീഡിപ്പിച്ചുവെന്നും, പരാതി നൽകിയപ്പോൾ സംഭവം പുറത്തുപറയാതെ നിശബ്ദത പാലിക്കാൻ ആമസോൺ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. സീയാറ്റിലിലെ ആമസോൺ വെബ് സർവീസസിൽ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് മാനേജരായ ലോറ ഡാൻബോം ആണ് ആമസോണിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *