സംഗീതസംവിധായകനെന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാര്‍ഷിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദില്‍ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാന്‍-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്. സാധാരണ വേഷത്തില്‍, കൈയില്‍ ഒരു കിരീടവുമായി നില്‍ക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ലുക്ക് കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്വഭാവവും മനോഹരമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ സംഗീതവും ദേവി ശ്രീ പ്രസാദിന്റേതാണ്. മോഷന്‍ പോസ്റ്ററിനൊപ്പമുള്ള പശ്ചാത്തല സംഗീതം ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്.
