ബ്രോ സുപ്പീരിയറുമായി സഹകരിച്ച് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നു. എഎംബി 002 റോഡ്സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്. ആദ്യ ഡെലിവറികള്‍ അടുത്ത വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കാനാണ് പദ്ധതി. ലോകമാകെ 300 എണ്ണമാണ് ലഭ്യമാക്കുക. മുന്‍പത്തെ എഎംബി 001, എഎംബി 001 പ്രോ എന്നിവ ട്രാക്കില്‍ മാത്രം ഉപയോഗിക്കുന്ന റേസിങ് മോഡലുകളാണ്. ഇതിന്റെ മെക്കാനിക്കല്‍ പാക്കേജ്, റൈഡിങ് പൊസിഷന്‍, ഷാസി എന്നിവയെല്ലാം റോഡ് ഉപയോഗത്തിന് മാത്രമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. പുതിയ 1,083 സിസി ലിക്വിഡ് കൂള്‍ഡ് 88 ഡിഗ്രി വി ട്വിന്‍ എന്‍ജിന്‍ 130 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ബൈക്കിന്റെ ഭാരം വെറും 190 കിലോഗ്രാം മാത്രമാണ്. ഫിയോര്‍- ടൈപ്പ് ഡബിള്‍ വിഷ്ബോണ്‍ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.
