എ.ആര്‍ റഹ്മാന്റെ ആദ്യ അറബിക് സിനിമയ്ക്കായി ഗാനമാലപിച്ചു മകള്‍ ഖദീജ റഹ്മാന്‍. യുഎഇയിലെ ആദ്യ വനിത സംവിധായികയായ നൈല അല്‍ ഖാജ സംവിധാനം ചെയ്ത ‘ബാബ്’ എന്ന അറബിക് സിനിമയ്ക്കായാണ് എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ മകള്‍ ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്‍ സംഗീതം നല്‍കുന്ന ആദ്യ അറബിക് ചിത്രം കൂടിയാണ് ‘ബാബ്’. ‘ബാബി’ലെ ‘അണ്‍ടില്‍ വി മീറ്റ് എഗെയ്ന്‍’ എന്ന ഗാനത്തിന്റെ വിഡിയോ എ.ആര്‍ റഹ്മാന്‍ തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. കെ.എം മ്യൂസിക്കിന്റെ ബാനറില്‍ ഒരുക്കിയ ഗാനം എ.ആര്‍ റഹ്മാന്റെ മനോഹര കോംപോസിഷനില്‍ ഒരുക്കിയതാണ്. പത്തുഗാനങ്ങളാണ് ചിത്രത്തില്‍ എ.ആര്‍ റഹ്മാന്‍ ഒരുക്കിയിട്ടുള്ളത്. ഇരട്ട സഹോദരിയുടെ മരണത്തെ തുടര്‍ന്ന് വഹീദ എന്ന സ്ത്രീയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ചിത്രത്തിന്റെ ക്ലൈമാക്‌സിലുള്ള ഗാനമാണ് ‘അണ്‍ടില്‍ വി മീറ്റ് എഗെയ്ന്‍’
