മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു.ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പുതിയ വണ്ടി വാങ്ങേണ്ട എന്നാണ് തീരുമാനമെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്ര കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ റേഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു.സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്.
കെ.എം ഷാജിയുടെ ആഡംബര കാർ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്ന് സലാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ. കേരളത്തിൽ നടക്കുന്നത് സ്പോൺസർ ഭരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ ജയരാജൻ തുറന്നടിച്ചു. മുഖ്യമന്ത്രി പോയ ചാർട്ടേഡ് വിമാനത്തിന് പണം നൽകിയതാര് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന് തോമസ് ഐസക് പറഞ്ഞു. സർവകലാശാലകൾ ഗവർണർമാർക്ക് വിട്ടു കൊടുക്കുന്നു. പിഎംശ്രീയും അതുപോലെയാണെന്നും തോമസ് ഐസക് പറഞ്ഞു.
പിണറായിക്കും റിയാസിനും വീണക്കുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തെളിവിൻ്റെ കണിക പോലും ഇല്ല. പിന്നെന്തിന് ഒളിച്ചോടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു.
ലോക കേരളസഭ പിരിച്ചുവിട്ട് പ്രവാസികൾക്കായി പുതിയ ബദൽ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം വലിയ ഉയർന്നിരുന്നു.
കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിവാദ വഖഫ് പ്രസംഗത്തിന്റെ പേരിൽ ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം. നാസർ ഫൈസി കൂടത്തായി, എംസി മായീൻ ഹാജി എന്നിവർക്കെതിരെയും നടപടിയുണ്ടാകും.
സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നയത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊഴിയൂർ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കടൽഭിത്തി നിർമാണത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു. 93 കോടി രൂപ ചെലവിൽ 1700 മീറ്റർ നീളത്തിലാണ് തീരസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം കോടതി ഹർജിയിൽ തീരുമാനം എടുക്കും.
ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാൻ നീക്കം തുടങ്ങി. ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം.
കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി വിദ്യ വി ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 25-ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടകയിലെ ധാർവാഡിൽ രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. ധാർവാഡ് സിവിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജയദേവതൈ ഗേൾസ് എയ്ഡഡ് വിദ്യാലയമാണ് ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായത്.സ്കൂൾ തകർത്ത സംഭവത്തിൽ ബിൽഡർക്കെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിൽ 14 തവണ കമ്മീഷനിലെ നടപടികൾക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയിൽ. നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ അപ്പീൽ എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. ഇ ഡിയുടെ ഹർജി തള്ളണമെന്നാണ് ആവശ്യം.
