കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചാറ്റ്ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാര്‍ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേല്‍പ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ സംവിധാനം. എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കുന്ന രീതിയില്‍തന്നെ ഈ സംവിധാനം മാറ്റം വരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്ബോട്ടുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റഗ്രാമിന്റെ പേരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ ഇത് ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ലോകമെമ്പാടും ഈ സംവിധാനം വിപുലീകരിക്കാന്‍ മെറ്റ പദ്ധതിയിടുന്നു.
