വിദഗ്ധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നിരന്തരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. വിദ്ഗധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും പതിവായി ഉപയോഗിക്കുന്നത് വൃക്കസംബന്ധമായ സങ്കീര്‍ണ്ണതകളിലേക്കും ആന്റിമൈക്രോബയല്‍ പ്രതിരോധത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്റ്റ് & റൂള്‍സ് പ്രകാരം വേദനസംഹാരികളായി ഉപയോഗിക്കുന്ന നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകളും ആന്റിബയോട്ടിക്കുകളും കുറിപ്പടിയോടെ മാത്രമേ വില്‍ക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്നും സി.ഡി.എസ്.സി.ഒ വ്യക്തമാക്കി. ഇവയുടെ അശാസ്ത്രീയമായ ഉപയോഗം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും രോഗികള്‍ക്കും നിര്‍ദേശം നല്‍കി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ എന്‍.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കരുത്. വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍ ആണെങ്കില്‍ മരുന്നുകഴിക്കുംമുമ്പ് അക്കാര്യം ഡോക്ടറെ അറിയിക്കുകയുംവേണം. രോഗിയുടെ ആരോഗ്യാവസ്ഥ, മറ്റ് രോഗങ്ങള്‍, മറ്റ് മരുന്നുകള്‍, മറ്റ് അപകടസാധ്യതാഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് ആവശ്യമുള്ളപ്പോള്‍ മാത്രമേ ഡോക്ടര്‍മാര്‍ എന്‍.എസ്.ഐ.ഡി മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദേശിക്കാവൂ എന്നും ഡ്രഗ് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.
വിദഗ്ധ നിര്‍ദേശമില്ലാതെ വേദനാസംഹാരികള്‍ നല്‍കരുത്
