സാങ്കേതിക ലോകം അത്യാധുനിക എഐ സംവിധാനങ്ങളുടെ ഗവേഷണവുമായി മുന്നേറുന്നതിനിടെ, ഇതിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി പ്രമുഖ എഐ കമ്പനികളിലൊന്നായ ആന്ത്രോപിക് രംഗത്ത്. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യ സമൂഹത്തിന്റെയും നിയന്ത്രണ സംവിധാനങ്ങളുടെയും ശേഷിയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ലോകം തയ്യാറാകണമെന്ന് ആന്ത്രോപിക് ആവശ്യപ്പെട്ടു. ഗവേഷണ പ്രബന്ധത്തിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും ഇരട്ടിയാകുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടെ സഹായമില്ലാതെ സ്വയം കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്താമെന്നാണ് മുന്നറിയിപ്പ്.
