തമിഴ്നാട്ടില്‍ വിവിധ മേഖലകളിലായി 42,700 കോടി രൂപയുടെ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. 24,500 കോടിയുടെ നിക്ഷേപം നടത്തുന്നത് അദാനി ഗ്രീന്‍ എനര്‍ജിയാണ്. ഗ്രീന്‍ എനര്‍ജിക്കൊപ്പം സിറ്റി ഗ്യാസ്, അംബുജ സിമന്റ്സ് എന്നീ കമ്പനികള്‍ ബാക്കി നിക്ഷേപം നടത്തും. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതികള്‍ക്കായിട്ടാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 24,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. സംസ്ഥാനത്ത് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 13,200 കോടി രൂപ ഹൈപ്പര്‍സ്കെയില്‍ ഡേറ്റാ സെന്ററിനായും നിക്ഷേപിക്കും. ചെന്നൈയിലെ സിപ്കോട്ട് ഐ.ടി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 33 മെഗാവാട്ട് ശേഷിയുള്ള നൂതന ഡേറ്റാ സെന്റര്‍ 200 മെഗാവാട്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. അംബുജ സിമന്റ്സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലായി 3,500 കോടി രൂപ നിക്ഷേപിച്ച് ഉത്പാദനം 14 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും. അദാനി ടോട്ടല്‍ ഗ്യാസ് എട്ട് വര്‍ഷത്തിനുള്ളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 1,568 കോടി രൂപ നിക്ഷേപിക്കും. 180 കോടി രൂപ മുതല്‍മുടക്കില്‍ 100 കിലോമീറ്ററിലധികം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് നിലവില്‍ 5,000 വീടുകളില്‍ പൈപ്പ് ഗ്യാസ് ഉപയോഗിച്ച് സേവനം നല്‍കിവരുന്നുണ്ട്. വിവിധ മേഖലകളിലായി ഒട്ടനേകം ബഹുരാഷ്ട്ര കമ്പനികള്‍ മൊത്തം 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടില്‍ നടത്താനൊരുങ്ങുന്നത്. ഈ നിക്ഷേപം സംസ്ഥാനത്ത് 26.90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
