അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തില്‍ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര ആകാം എന്ന് നിര്‍ദേശത്തില്‍ പറയുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം ഊര്‍ജ ഉപഭോഗത്തിന്റെ മുപ്പതുശതമാനമോ അതില്‍ കുറവോ ആയി പരിമിതപ്പെടുത്താന്‍ ഡബ്ല്യുഎച്ച് ഒ നിര്‍ദേശിക്കുന്നു. കൊഴുപ്പിന്റെ ഭൂരിഭാഗവും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയതിനാലാണിത്. പൂരിത ഫാറ്റി ആസിഡുകള്‍ 10 ശതമാനത്തില്‍ അധികം ആകാന്‍ പാടില്ല. അതുപോലെ ട്രാന്‍സ് ഫാറ്റി ആസിഡ് 1 ശതമാനത്തിലധികം ആകാനും പാടില്ല. കൊഴുപ്പുകൂടിയ ഇറച്ചി, പാലുല്പന്നങ്ങള്, കട്ടിയുള്ള കൊഴുപ്പുകള്‍, വെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ പോലുള്ള എണ്ണകള്‍ എന്നിവയിലെല്ലാം പൂരിത ഫാറ്റി ആസിഡ് ഉണ്ട്. ബേക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, പായ്ക്കറ്റില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങള്‍, ഇറച്ചി, പാലുല്പന്നങ്ങള് ഇവയിലെല്ലാം ട്രാന്‍സ്ഫാറ്റി ആസിഡുകള്‍ ഉണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനായി സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവയ്ക്കു പകരം സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളായ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള അന്നജം ഇവ ഉപയോഗിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒ നിര്‍ദേശിക്കുന്നു. രണ്ടു വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള അന്നജവും കഴിക്കണം. കൂടാതെ മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത് 400 ഗ്രാം പച്ചക്കറികളും പഴങ്ങളും കഴിക്കണം. അതുപോലെ ഭക്ഷ്യനാരുകള്‍ 25 ഗ്രാമും ഉപയോഗിക്കണം.
ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു, ഭക്ഷണക്രമം എങ്ങനെ?
