https://dailynewslive.in/ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്‌സഭാ വെബ്സൈറ്റില്‍നിന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കിയത്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ ഒന്നാം തീയ്യതി വരെ പിരിഞ്ഞു.

https://dailynewslive.in/ മാത്യു കുഴല്‍നാടന്‍ എംഎഎല്‍എ വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചു. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കെ.കെ. ലതിക പോസ്റ്റ് ഇട്ടത് വര്‍ഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും ആവര്‍ത്തിച്ചു.

https://dailynewslive.in/ പി.ജയരാജനെതിരായ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന് ജീര്‍ണത ബാധിച്ചെന്ന് തങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശന്‍ പറഞ്ഞു. പി ജയരാജന് എതിരായ വെളിപ്പെടുത്തലില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണ് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ വന്ന ഭീഷണി സന്ദേശങ്ങളെ തുടര്‍ന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

https://dailynewslive.in/ ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മനു ഇപ്പോള്‍ സത്യത്തിന്റെ പാതയിലാണെന്നും പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി. പി ജയരാജന്റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സര്‍ക്കിളാണ് കണ്ണൂര്‍ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.

https://dailynewslive.in/ കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇതിനു മുന്‍പ് രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കേസില്‍ കുഞ്ഞനന്തന്‍ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തന്‍ മരിച്ചതിനാല്‍ ഈ തുക ശാന്ത നല്‍കണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകള്‍ റദ്ദാക്കണം എന്നാണ് ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ ഐഇഡി ട്രയല്‍ നടത്തിയതായി സംശയം. വെടിമരുന്ന് കലര്‍ന്ന നിലയില്‍ കണ്ടെത്തിയ കടലാസുകളില്‍ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും, സമീപത്ത് കണ്ടെത്തിയ പഴകിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഫോടനത്തിന്റെ ബാക്കിയെന്നുമാണ് നിഗമനം. ഓടക്കോടാണ് പഴകിയ പത്ത് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ ഗറില്ലാ മുറകളിലൊന്നാണ് ബോംബുകള്‍ കുഴിച്ചിട്ട് അപായപ്പെടുത്തല്‍.

https://dailynewslive.in/ പത്തനംതിട്ട കൊടുമണ്ണില്‍ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിര്‍മാണം വീണ്ടും കോണ്‍ഗ്രസ് തടഞ്ഞു. പുറമ്പോക്ക് സര്‍വേ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാകും തര്‍ക്ക സ്ഥലത്ത് നിര്‍മാണം തുടങ്ങുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. അതിന് വിരുദ്ധമായി ജോലികള്‍ പുനരാരംഭിച്ചതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയ കൊടികള്‍ പൊലീസ് നീക്കിയതും എതിര്‍പ്പിനിടയാക്കി.

https://dailynewslive.in/ ക്നാനായ സഭയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ അസോസിയേഷന്റെ നീക്കം കോടതി തടഞ്ഞു. സഭയിലെ സഹായമെത്രാന്‍മാരുടെ ഹര്‍ജി പരിഗണിച്ച കോട്ടയം മുന്‍സിഫ് കോടതിയാണ് ഭരണഘടന ഭേദഗതി സ്റ്റേ ചെയ്തത്. സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവയുടെ അധികാരം കുറയ്ക്കുന്നതായിരുന്നു ഭേദഗതി. മെത്രപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം സമുദായ ഭരണഘടന ഭേദഗതി പാസാക്കിയത്. ഇത് പൂര്‍ണമായും റദ്ദാക്കുന്നതാണ് കോടതി ഉത്തരവ്.

https://dailynewslive.in/ മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ ലേഖനം. മുസ്ലിം ലീഗ് ഇപ്പോഴുയര്‍ത്തുന്നത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യമാണെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കമ്യുണിസ്റ്റുകള്‍ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലെത്തിക്കുമെന്ന് ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളുമായി യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ലേഖനത്തിലുണ്ട്.

https://dailynewslive.in/ ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. എറണാകുളം – ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗിയില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല സംഭവത്തില്‍ റെയില്‍വെ അന്വേഷണം നടത്തും.

https://dailynewslive.in/ പാലക്കാട് കുളപ്പുള്ളിയില്‍ അതിഥി തൊഴിലാളിക്ക് നേരെ അയല്‍വാസിയുടെ ആക്രമണം. കൊല്‍ക്കത്ത സ്വദേശിനി നിര്‍മ്മല ദേവിക്കാണ് പരിക്കേറ്റത്. ഒരേ ലൈനിലുള്ള മൂന്ന് വീടുകള്‍ക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്. ഇതില്‍ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മ്മലയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മുത്തച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത് പ്രതികരിച്ചു. ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ രാജസ്ഥാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ച പൂവാര്‍ സ്വദേശി ഡി. സാമുവേലിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍ എത്തിയതോടെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

https://dailynewslive.in/ കോഴിക്കോട് കല്ലാനോട് ശക്തമായ മഴയില്‍ കൂറ്റന്‍ പാറക്കല്ല് പതിച്ചതിനെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകള്‍ക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മലക്ക് മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്.

https://dailynewslive.in/ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കോട്ടൂരില്‍ 2 വീടുകള്‍ തകര്‍ന്നു. കോട്ടൂര്‍ കടമാന്‍കുന്ന് ജലാലിന്റെ വീടും, തൊട്ടു താഴെ ഉണ്ടായിരുന്ന മുബീനയുടെ വീടിന്റെ ഒരു വശത്തെ ചുമര്‍ പൂര്‍ണമായും തകര്‍ന്നു വീഴുകയും ചെയ്തു. തലനാരിഴക്കാണ് ഇരു വീട്ടില്‍ ഉള്ളവരും രക്ഷപെട്ടത്. നിലവില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഈ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കോട്ടൂര്‍ ദേശത്തെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി ഭീഷണി നിലനില്‍ക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോട്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്നും ഈ രണ്ട് കുടുംബങ്ങളെയും അവിടേക്ക് മാറ്റാനുള്ള തീരുമാനം ഗ്രാമപഞ്ചയത്ത് അടിയന്തിരമായി കൈകൊള്ളണമെന്നും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വിശദമാക്കി.

https://dailynewslive.in/ കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവര്‍ക്ക് നേരെ ആക്രമണം. ബെവ്കോ ജീവനക്കാരന്റെ തലയില്‍ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാന്‍ വരി നില്‍ക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. അക്രമികള്‍ 2 പേരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ വയനാട് പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയക്ക നമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പിടികൂടി. കേരള സര്‍ക്കാര്‍ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ പനമരം കൈതക്കല്‍ തേക്കന്‍ വീട്ടില്‍ ഉക്കാഷത്ത് , പനമരം ഓടമ്പത്ത് വീട്ടില്‍ ഒ.ആര്‍. വിനില്‍ എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിന്‍ സ്റ്റീഫന്‍,ജനറല്‍ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്‌മണ്യന്‍. ട്രഷററായി വി.പി. മാധവന്‍ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്ത ഭരണസമിതിയിലെ അംഗങ്ങള്‍ തന്നെ എതിരില്ലാതെയാണ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

https://dailynewslive.in/ കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂട്ടം കൂടി നിന്ന വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഇടയിലേക്ക് രണ്ടു സംഘങ്ങള്‍ ഓടി കയറി തമ്മില്‍ തല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവിടെ പതിവായി ഇത്തരത്തില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്ന് യാത്രക്കാരും സ്ഥാപനങ്ങളിലുള്ളവരും പറയുന്നു.

https://dailynewslive.in/ മലപ്പുറം ചോക്കാട് വാളംകുളത്ത് യുവാക്കള്‍ തമ്മിലടിച്ചു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം തീര്‍ത്തെങ്കിലും കഴിഞ്ഞ ദിവസം രാവിലെ വീണ്ടും സംഘര്‍ഷമുണ്ടായി. ബുധനാഴ്ച രാത്രിയില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ എത്തി വെല്ലുവിളിച്ചതോടെയാണ് ഇന്നലെ വീണ്ടും സംഘര്‍ഷം ഉണ്ടായത്. ബുധനാഴ്ച രാത്രിയില്‍ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്കാണ് പരിക്കുപറ്റിയത്. നാട്ടുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

https://dailynewslive.in/ മലപ്പുറം ചെമ്മാട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുള്ളന്‍ കൊലി സ്വദേശി അഖില്‍ ഷാജിയാണ് മരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

https://dailynewslive.in/ എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. വസതിക്ക് നേരെ കരി ഓയില്‍ ഒഴിക്കുകയും വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. പാര്‍ലമെന്റില്‍ പലസ്തീന് ജയ് വിളിച്ച് അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

https://dailynewslive.in/ കനത്ത കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ആറുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. മേല്‍ക്കൂര താഴെയുണ്ടായിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ടാക്സി ഡ്രൈവറാണ് മരിച്ചത്.

https://dailynewslive.in/ ഒരുമാസം പെയ്യേണ്ട മഴയുടെ മൂന്നിരട്ടി മഴ ഒറ്റ ദിവസം പെയ്തതോടെ ദില്ലി നഗരത്തില്‍ വെള്ളപ്പൊക്കം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ദില്ലിയില്‍ ഇന്നലെ രാവിലെ 8:30 മുതല്‍ ഇന്ന് രാവിലെ 8:30 വരെ 228 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണഗതിയില്‍, ജൂണില്‍ ദില്ലിയില്‍ ശരാശരി 80.6 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്. വെള്ളപ്പൊക്കം പലയിടത്തും ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ദില്ലിയില്‍ ഗതാഗത കുരുക്കില്‍പ്പെട്ടു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ദില്ലി ഐടിഒയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കില്‍ കിടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.

https://dailynewslive.in/ ദില്ലി സുര്‍ജിത് ഭവനില്‍ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട തോല്‍വി മുഖ്യ ചര്‍ച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രധാന ചര്‍ച്ചകള്‍ നടക്കുക.

https://dailynewslive.in/ തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍ ഇല്ലെന്ന് വിജയ് ചടങ്ങില്‍ പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തില്‍ വരണം, നാട്ടിലെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം പറഞ്ഞു.

https://dailynewslive.in/ ഭൂമി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസില്‍ സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

https://dailynewslive.in/ നിലവാരമില്ലാത്ത റോഡുകള്‍ക്ക് ഹൈവേ ഏജന്‍സികള്‍ ടോള്‍ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡുകള്‍ നല്ലതല്ലെങ്കില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോള്‍ പിരിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.

https://dailynewslive.in/ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും, മറ്റ് രണ്ട് വ്യക്തികളും കൂടി ഉള്‍പ്പെട്ട കേസ് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ വേനല്‍ കടുത്തതോടെ സൗദിയില്‍ ഉഷ്ണ തരംഗം പ്രകടമായി. വ്യാഴാഴ്ച സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ രേഖപ്പെടുത്തിയത് 50 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണ തരംഗം വരും ദിവസങ്ങളിലും തുടരാനാനിടയുണ്ടെന്നും, താപനില ഇനിയും കടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തില്‍ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്-പി1 എന്ന ഉപഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ, നിലയത്തിലെ യുഎസ് ഗഗനചാരികള്‍ ഒരു മണിക്കൂറോളം പേടകത്തില്‍ അഭയം തേടിയെന്ന് നാസ അറിയിച്ചു.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ രണ്ടാം വിജയവുമായി യുറഗ്വായ്. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ ബൊളീവിയയെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് യുറഗ്വായ് രണ്ടാം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പനാമ യു.എസ്.എ യെ കീഴടക്കി ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പനാമ വിജയിച്ചത്.

https://dailynewslive.in/ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളില്‍ വര്‍ധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതല്‍ നല്‍കേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നല്‍കേണ്ടി വരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ 239 രൂപയില്‍ നിന്നു 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതല്‍ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നല്‍കേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നല്‍കിയ പ്ലാന്‍ 349 രൂപയില്‍ നിന്നു 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നല്‍കണം. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. കുറഞ്ഞ പ്ലാനുകളില്‍ പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു. അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇതനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്ന് 199 രൂപയായും 455 രൂപയില്‍ നിന്ന് 509 രൂപയായും 1,799 രൂപയില്‍ നിന്ന് 1,999 രൂപയായും വര്‍ധിപ്പിച്ചതായും എയര്‍ടെല്‍ അറിയിച്ചു. പ്രതിദിന ഡാറ്റ പ്ലാന്‍ വിഭാഗത്തില്‍, 479 രൂപയുടെ പ്ലാന്‍ 579 രൂപയായാണ് ഉയര്‍ത്തിയത്.

https://dailynewslive.in/ വരുന്ന സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 16 അവതരിപ്പിച്ചേക്കും. മുന്‍ ഫോണുകളെ അപേക്ഷിച്ച് അടിമുടി പരിഷ്‌കരിച്ച മോഡലായിരിക്കും ഐഫോണ്‍ 16 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 16 സീരീസില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ സാംസങ്ങില്‍ നിന്നുള്ള ഒരു പുതിയ മെറ്റീരിയല്‍ സെറ്റ് ചെയ്ത് ഒലെഡ് ഡിസ്‌പ്ലേകള്‍ അവതരിപ്പിച്ചേക്കാം. ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. പ്രോ മാക്സ് വേരിയന്റിന് കുറച്ചുകൂടി വലിപ്പം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 6.9 ഇഞ്ച് വലിയ ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോണ്‍ വരിക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളില്‍ യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പം ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഐഫോണ്‍ 12ല്‍ കണ്ട വെര്‍ട്ടിക്കല്‍ കാമറ സജ്ജീകരണം തിരികെ കൊണ്ടുവന്നേക്കും. വലിയ സെന്‍സറോടുകൂടിയ മെച്ചപ്പെട്ട 48എംപി പ്രധാന ക്യാമറയാവാം മറ്റൊരു സവിശേഷത. പ്രോ മോഡലുകളില്‍ നവീകരിച്ച 48എംപി അള്‍ട്രാവൈഡ് കാമറയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നു. പുതിയ ഐഒഎസ് 18 ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കാം ഇതിന് കരുത്തുപകരുക. 60,000 രൂപയ്ക്ക് മുകളില്‍ വില വരാനാണ് സാധ്യത.

https://dailynewslive.in/ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററുകളിലേക്ക്. സൂര്യ ചിത്രം ‘കങ്കുവ’യും രജനികാന്തിന്റെ ‘വേട്ടയ്യന്‍’ എന്ന ചിത്രവുമാണ് ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളായി കങ്കുവയുടെ അപ്‌ഡേറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒക്ടോബര്‍ 10ന് കങ്കുവ തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 10ന് തന്നെയാണ് രജനി ചിത്രം വേട്ടയ്യന്റെ റിലീസും തീരുമാനിച്ചിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, ദിഷ പഠാനി, നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ വേഷമിടുന്നത്. രജിനിയുടെ വേട്ടയ്യന്‍ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, രോഹിണി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 160 കോടി ബജറ്റിലാണ് വേട്ടയ്യന്‍ ഒരുക്കുന്നത്. അതേസമയം, 300 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയത്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കുകയാണ് ‘കല്‍ക്കി 2898 എഡി’ സിനിമ. പ്രീ ബുക്കിംഗ് റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രം 180 കോടിയാണ് ഓപ്പണിംഗ് ദിനത്തില്‍ നേടിയ കളക്ഷന്‍ എന്നാണ് സാല്‍ക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്‍ക്കി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോകോസ് ഓഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ഓപ്പണിങ് കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ കല്‍ക്കി. 223 കോടി കളക്ഷനുമായി രാജമൗലിയുടെ ആര്‍ആര്‍ആര്‍ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ‘ബാഹുബലി’ ആണ്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.

https://dailynewslive.in/ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ, ട്രൈഡന്റ് 660, സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍, ആര്‍എസ്, റേഞ്ച് ടോപ്പിംഗ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് എന്നിവ അടങ്ങുന്ന റോഡ്സ്റ്റര്‍ പോര്‍ട്ട്ഫോളിയോയുടെ വില പരിഷ്‌കരിച്ചു. 9.95 ലക്ഷം രൂപ വിലയുള്ള ഈ ബൈക്കിന്റെ വെള്ള, സില്‍വര്‍ ഐസ് നിറങ്ങള്‍ക്ക് ഇപ്പോള്‍ 48,000 രൂപ കുറഞ്ഞു. അതേസമയം, മാറ്റ് ബജ ഓറഞ്ച്, ക്രിസ്റ്റല്‍ വൈറ്റ് കളര്‍ വേരിയന്റുകള്‍ക്ക് 22,000 രൂപ കുറഞ്ഞു. ഇപ്പോള്‍ അവയുടെ വില 10.21 ലക്ഷം രൂപയാണ്. സില്‍വര്‍ ഐസ് നിറത്തിന് ഇപ്പോള്‍ 11.95 ലക്ഷം രൂപയാണ് വില. ഇത് മുമ്പത്തേക്കാള്‍ 12,000 രൂപ കുറഞ്ഞു. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അതിന്റെ സെഗ്മെന്റിലെ ജനപ്രിയ മോട്ടോര്‍സൈക്കിളാണ്. 11,500 ആര്‍പിഎമ്മില്‍ 118.4 ബിഎച്ച്പിയും 9,500 ആര്‍പിഎമ്മില്‍ 80 എന്‍എമ്മും നല്‍കുന്ന 765 സിസി, ഇന്‍ലൈന്‍ ട്രിപ്പിള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്ന്റെ എഞ്ചിന്‍ 12,000 ആര്‍പിഎമ്മില്‍ 128.2 ബിഎച്ച്പി ഉണ്ടാക്കുന്നു, എന്നാല്‍ പീക്ക് ടോര്‍ക്ക് ഒന്നുതന്നെയാണ്. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ 41 എംഎം യുഎസ്ഡി ഫോര്‍ക്കും ഓഹ്ലിന്‍സ് എസ്ടിഎക്സ് 40 മോണോഷോക്കും സഹിതം വരുന്ന സ്പോര്‍ട്ടിയറും ഫോക്കസ്ഡ് ബൈക്കുമാണ് ‘ആര്‍എസ്’. ഇത് പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നതാണ്.

https://dailynewslive.in/ ഒമ്പത് കഥകളാണ് ഇതില്‍. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിന്‍ഷയെയും ജിന്‍ഷയുടെ കഥകളുടെ വായനക്കാരെയും ഓര്‍മ്മിപ്പിക്കാന്‍ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാര്‍ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആര്‍. മീര. ജിന്‍ഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം. ‘ഒട’. ഡിസി ബുക്സ്. വില 190 രൂപ.

https://dailynewslive.in/ സ്ത്രീകളിലെ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച എച്ച്പിവി വാക്സിന്‍ പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. സെവിക്കല്‍, യോനി, വായ, തൊണ്ട, പെനൈല്‍ അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ സ്ത്രീകള്‍ക്ക് നല്‍കുന്ന വാക്സിനാണ് എച്ച്പിവി വാക്സിന്‍. സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിന്‍ ആഗോളതലത്തില്‍ ഫലപ്രദമായി അം?ഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുരുഷന്മാരില്‍ എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്‌സീന്‍ സഹായകമാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. സമാനപ്രായത്തിലുള്ള 34 ലക്ഷത്തോളം ആളുകളെ ഉള്‍പ്പെടുത്തി ഫിലാഡല്‍ഫിയയിലെ സിഡ്‌നി കിമ്മര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്സിന്‍ സ്വീകരിച്ച സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. സമാനമായി വാക്സിന്‍ എടുത്ത പുരുഷന്മാരില്‍ മലദ്വാരം, പുരുഷലിംഗം, വായ, തൊണ്ട എന്നിവയിലെ അര്‍ബുദങ്ങള്‍ ഉള്‍പ്പെടെ എച്ച്പിവിയുമായി ബന്ധപ്പെട്ട എല്ലാ അര്‍ബുദങ്ങളുടെയും സാധ്യത കുറഞ്ഞതായും കണ്ടെത്തിയെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുവാക്കള്‍ക്കിടയില്‍ എച്ച്പിവി വാക്‌സിന്‍ എടുക്കുന്നത് നാലിരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവ് നോക്കിയാല്‍ അമേരിക്കയില്‍ വാക്സിനേഷന്‍ നിരക്ക് പുരുഷന്മാര്‍ക്കിടെയില്‍ എട്ട് ശതമാനത്തില്‍ നിന്ന് 36 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഇത് 38 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.45, പൗണ്ട് – 105.42, യൂറോ – 89.24, സ്വിസ് ഫ്രാങ്ക് – 92.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.38, ബഹറിന്‍ ദിനാര്‍ – 221.41, കുവൈത്ത് ദിനാര്‍ -272.05, ഒമാനി റിയാല്‍ – 216.78, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *