മദ്യോപഭോഗം അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുമൂടാന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ആഹാരശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു അടുത്തിടെ പുറത്തിറക്കിയ 17 ഇന ഡയറ്ററി മാര്‍ഗനിര്‍ദേശത്തിലാണ് മദ്യപാനശീലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മദ്യത്തില്‍ അടങ്ങിയ ഈതൈല്‍ ആല്‍ക്കഹോള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു. ബിയറില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയും വൈനില്‍ എട്ടു മുതല്‍ 10 ശതമാനം വരെയും, ബ്രാന്‍ഡി, റം, വിസ്കി എന്നിവയില്‍ 30 മുതല്‍ 40 ശതമാനം വരെ എന്നിങ്ങനെയാണ് ഈതൈലിന്റെ അളവ്. മദ്യത്തിലൂടെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറില്‍ കൊഴുപ്പടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആര്‍ വിശദീകരിക്കുന്നു. അമിതമദ്യപാനം വിശപ്പ് കുറയുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുക വഴി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആര്‍ പറയുന്നു. കൂടാതെ ഹൈപ്പര്ടെന്ഷന്, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂട്ടും.ഹൃദയത്തിന്റെ പേശികള്‍ ക്ഷയിക്കുന്നതിനും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിനും ലിവര്‍ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകും. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണെന്നും ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു.