ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 25,000 രൂപ നല്കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ അയച്ചു തുടങ്ങുമെന്നും മെയ് പകുതിയോടെ ടെസ്റ്റ് ഡ്രൈവും ബുക്ക് ചെയ്തവര്‍ക്ക് വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും ഫോഴ്സ് മോട്ടോഴ്സ് അറിയിച്ചു. ഗൂര്‍ഖ ഡീസല്‍ മാനുവല്‍ മോഡലായി മാത്രമാണ് എത്തുന്നത്. സ്റ്റാന്‍ഡേഡായി 4 വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗൂര്‍ഖയുടെ 3 ഡോര്‍ 5 ഡോര്‍ മോഡലുകള്‍ക്ക് ഒരേ 2.6 ലീറ്റര്‍ മെഴ്സിഡീസ് ഡീസല്‍ എന്‍ജിനാണ് ഫോഴ്സ് നല്‍കിയിരിക്കുന്നത്. 140 എച്ച് പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. ഫോഴ്സ് ഗൂര്‍ഖ ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്കോപിക് സ്റ്റിയറിങ്, പിന് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുള്ള ഫോഴ്സ് ഗൂര്‍ഖ ഇക്കാര്യത്തില്‍ ഥാറിന്റെ എന്‍ട്രി ലെവല്‍ മോഡലിനെ പിന്നിലാക്കുന്നുണ്ട്.