yt cover 23

പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം എംപിമാരുടെയും ആയിരക്കണക്കിനു പ്രവര്‍ത്തകരുടേയും മാര്‍ച്ച്. മാര്‍ച്ചിനിടെ ഓണ്‍ലൈനായി രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എസ് ഐ ആര്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി. രണ്ട് മണിയോടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നിന്ന് ബസില്‍ കയറിയ ഇന്ത്യ സഖ്യ നേതാക്കള്‍ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസില്‍ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യം നടന്നു നീങ്ങിയ നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാര്‍ച്ച് ചെയ്തത്. സുപ്രീം കോടതിക്ക് 200 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ നിരത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ ഇന്ത്യാ സഖ്യ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.

കേരള ഗവര്‍ണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. കേരള ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. കേരള ഗവര്‍ണര്‍ ആയിരിക്കെത്തന്നെ രാജേന്ദ്ര ആര്‍ലേക്കറിന് തമിഴ്നാടിന്റെ അധിക ചുമതലയുണ്ടായിരുന്നു. സുധ യാദവ് കര്‍ണ്ണാടക ഗവര്‍ണര്‍ ആകും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ ഗവര്‍ണര്‍മാരായി ഒഡീഷ- ബ്രജ് മോഹന്‍ റാം, ഉത്തരാഖണ്ഡ്-ഡോ. ധാല്‍ സിംഗ് ബിസെന്‍, സിക്കിം- ദുഷ്യന്ത് ഗൗതം എന്നിവരെ നിയമിച്ചു. ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂര്‍ സിക്കിം ഗവര്‍ണര്‍ സ്ഥാനത്തുനിന്നാണ് കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ബിജെപിയുടേയും ആര്‍എസ്എസ്സിന്റെയും മുതിര്‍ന്ന നേതാവാണ് ഓം പ്രകാശ് മാത്തുര്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയിലേക്ക്. എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ എന്നിവരും ഡല്‍ഹിയില്‍ എത്തും. കേരളത്തില്‍ നിന്ന് പരമാവധി നേതാക്കള്‍ പങ്കെടുക്കണമെന്ന് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചു. ഇന്നു ജില്ലകളില്‍ ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ജി.വി. രാജ പുരുഷ വിഭാഗം അവാര്‍ഡ് ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോളിന്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വനിതാ വിഭാഗത്തില്‍ ബാഡ്മിന്റണ്‍ താരം ട്രീസ ജോളിക്കാണ് പുരസ്‌കാരം. ആന്‍സി സോജന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ദേശീയ-അന്തര്‍ദേശീയ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകനായ അനൂപ് ജോസഫിനാണ് മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ്.

മാസപ്പടി ഇടപാടില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ പിണറായി വിജയന്‍ അടക്കമുള്ളവരുടെ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീല്‍ നല്‍കാന്‍ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹര്‍ജിയാണ് പരിഗണിക്കുക. സിംഗിള്‍ ബെഞ്ച് കേസില്‍ പിണറായി കക്ഷി അല്ലാത്തതിനാലാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കിയത്.

സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താല്‍ കപട ഇടപാടുകളെന്ന് എഫ്‌ഐആര്‍. അധികാര ദുരുപയോഗം നടത്തി വ്യാജ ഇടപാടുകളിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം. ഹൈക്കോടതി ഉത്തരവ് എതിരായാല്‍ അപ്പീല്‍ പോകും. ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാര്‍ശ നല്‍കും. അരുണ്‍ ജെ പ്രതാപിനെ പുറത്താക്കാന്‍ നോട്ടീസും നല്‍കും.

സംസ്ഥാനത്തു തുലാവര്‍ഷം രണ്ടു ദിവസത്തിനകം ആരംഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു ന്യൂനമര്‍ദം രൂപപ്പെടും.

രാജ്യാന്തര മെഡലുകള്‍ നേടിയ കായിക താരങ്ങളെ 243 ഒഴിവുകളിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്ന പദ്ധതിയില്‍ പിഎസ് സി നിയമന തട്ടിപ്പിനെ വെല്ലുന്ന തട്ടിപ്പെന്ന പരാതിയുമായി കായികതാരങ്ങള്‍. നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചതിലടക്കം ക്രമക്കേടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാര്‍ച്ച് ഏഴിനു ഗസറ്റിന്റെ പ്രത്യേക അസാധാരണ പതിപ്പില്‍ മാത്രമാണ് അപേക്ഷ ക്ഷണിച്ച വിവരം അറിയിച്ചതെന്നാണു മുഖ്യമായ പരാതി. അര്‍ഹരായ വളരെ കുറച്ചു പേര്‍ മാത്രമാണു അപേക്ഷ ക്ഷണിച്ച വിവരം അറിഞ്ഞത്.

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് പി രാജീവ്. എഫ്ഐആര്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണെന്നും അതിലാണ് കോടതി കൈകടത്തിയതെന്നും പി രാജീവ് പറഞ്ഞു.

നൂറു ദിന കര്‍മ്മപരിപാടിയില്‍ വീഴ്ച വരുത്തിയ മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാണ് നടപടി. കൊല്ലം ഡിവിഷന്‍ ബില്‍ഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജ എംഎസ്, സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനിത എ, ശാസ്താംകോട്ട ബില്‍ഡിങ്സ് സെഷന്‍ അസി. എഞ്ചിനീയര്‍ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെന്‍സ് ചെയ്ത്.

തിരുവനന്തപുരം ജില്ലയില്‍ ചിക്കുന്‍ഗുനിയ പ്രതിരോധത്തിനായി വീടുകള്‍ തോറുമുള്ള പരിശോധന പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളിധരന്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ‘ആരോഗ്യകവചം 2026’ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മണിമലയില്‍ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന്റെ സ്റ്റോര്‍റൂമില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് ‘പിങ്ക് ചിട്ടികള്‍’.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നു പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ 75 കാരനായ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. താനടക്കം മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു.

വോട്ട് ചോരി ആരോപണം ഉയര്‍ത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാര്‍ച്ച് സംഘര്‍ഷഭരിതം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കിയും മുകളില്‍ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡിന് അടുത്തേക്ക് വന്നവരെ ബലം പ്രയോഗിച്ച് പൊലീസ് തള്ളിമാറ്റി. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകാനും പോലീസ് ശ്രമിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പത്തിലധികം പിഴവുകളുണ്ടെന്നു സുപ്രീംകോടതി രജിസ്ട്രി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍രേഖയുടെ വ്യക്തമായ പകര്‍പ്പ് ഇല്ല. കോടതിഫീസില്‍ 220 രൂപയുടെ കുറവുണ്ട്. ഹര്‍ജിയിലെ ചില പേജുകള്‍ വായിക്കാനാകുന്നില്ലെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസ് 1975ല്‍ ജനാധിപത്യത്തെ കൊന്നതാണ്. രാഷ്ട്രപതിക്ക് ആരോപണങ്ങളല്ലാതെ തെളിവുകള്‍ കൈമാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ജനങ്ങള്‍ക്ക് വേണ്ടത് തെളിവുകളാണ്, അല്ലാതെ ആരോപണങ്ങളല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

11 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല പുറത്താക്കിയ അധ്യാപകനും കോണ്‍ഗ്രസ് എംപിയുമായ ബിമോല്‍ അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് ബിജെപി വിമര്‍ശിച്ചു.

രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിര്‍ത്തിവെച്ചിരുന്ന സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ബിജെപി മുന്‍ എംഎല്‍എയെ വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ബിജെപി മുന്‍ എംഎല്‍എ അതര്‍ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്.

ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഡല്‍ഹി പോലീസ് നടപടി ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോക്റോച്ച് ജനതാ പാര്‍ട്ടി. ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കണ്‍വീനര്‍ അഭിജീത് ദീപ്കെയും കോ-കണ്‍വീനര്‍ സൗരവ് ദാസും വ്യക്തമാക്കി.

പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുന്‍പ് ബിഹാര്‍ എസ്ഐആര്‍ സംബന്ധിച്ച് വിധി പ്രസ്താവിക്കുമ്പോള്‍ പരിഗണനയിലില്ലാതിരുന്ന നിബന്ധനകളാണ് പുതിയ ഫോമിലുള്ളതെന്നും, ഫോമില്‍ മാറ്റം വരുത്തിയത് ആരെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

റഷ്യയില്‍ നിന്ന് അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ലക്ഷക്കണക്കിന് ടണ്‍ ഡീസല്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ ധാരണയ്ക്കെതിരെ കടുത്ത പ്രതിഷേധം. അമേരിക്കന്‍ വിപണിയില്‍ ഇന്ധന വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ വിചിത്രമായ തീരുമാനം. എന്നാല്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടി നീട്ടിയതായി സൗദി അറിയിച്ചു. വിമാനത്താവളത്തിന്റെ പൂര്‍ണ്ണ സുരക്ഷയും പ്രവര്‍ത്തന സജ്ജതയും ഉറപ്പുവരുത്തുന്നതിനായി അധികൃതര്‍ തുടര്‍ന്നുവരുന്ന സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഈ തീരുമാനം.

സാമ്പത്തിക ശാസ്ത്ര നൊബേല്‍ രണ്ടു പേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ റോബര്‍ട്ട് ഇ.ഹാള്‍, മൈക്കിള്‍ വുഡ്ഫോര്‍ഡ് എന്നിവര്‍ക്കാണ് നൊബേല്‍. മൈക്രോ എക്കണോമിക് അടിസ്ഥാനം എങ്ങനെ മാക്രോ എക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. സമ്പദ് വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാനായി ലോകമെമ്പാടമുളള ധനകാര്യ മന്ത്രാലയങ്ങള്‍ ഇവരുടെ പഠന മോഡലുകളെ ആശ്രയിക്കാറുണ്ട്.

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍കാര്‍ കന്നുകാലികളേയും ആയുധമാക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഇടയന്മാര്‍ താമസിക്കുന്ന വെസ്റ്റ് ബാങ്കിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ആട്ടിന്‍ കൂട്ടങ്ങളെ മുന്നില്‍ നിര്‍ത്തി പലസ്തീനുകാരെ തുരത്താന്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതായാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ കരസ്ഥമാക്കിയ കായികതാരങ്ങളെ  ആദരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ 15-ന് ഔദ്യോഗിക വസതിയിലാണ് ചടങ്ങ്. വൈകുന്നേരം 4:30-ന് നടക്കുന്ന ചടങ്ങില്‍ വിവിധ കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ പങ്കെടുക്കും.

ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 92-ാം മിനിറ്റില്‍ മലയാളി താരം എം.എസ് ജിതിനാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.

രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബര്‍ മാസത്തില്‍ 5.54 ശതമാനമായി കുത്തനെ ഉയര്‍ന്നു. പുതിയ ഉപഭോക്തൃ വിലസൂചിക സീരീസ് നിലവില്‍ വന്നശേഷം ആദ്യമായാണ് ചില്ലറ വിലക്കയറ്റം 5 ശതമാനം മറികടക്കുന്നത്. ഓഗസ്റ്റില്‍ ഇത് 4.83 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തിന് ശേഷം തുടര്‍ച്ചയായ ആറാം മാസമാണ് പണപ്പെരുപ്പ നിരക്കുകളില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്തുന്നത്. നിലവിലെ ഈ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്. എങ്കിലും കേന്ദ്ര ബാങ്കിന്റെ 2 മുതല്‍ 6 ശതമാനം വരെയുള്ള അനുവദനീയമായ പരിധിക്കുള്ളില്‍ ഇപ്പോഴും പണപ്പെരുപ്പ നിരക്ക് നിലനില്‍ക്കുന്നത് താല്‍ക്കാലിക ആശ്വാസമാണ്. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിപണി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തിയത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക അധിഷ്ഠിതമായ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 7.74 ശതമാനമായി ഉയര്‍ന്നു.

യുപിഐ വഴിയുള്ള പുതിയ തട്ടിപ്പില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബാങ്കുകള്‍. ‘ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പാ’ണ് പണം അപഹരിക്കുന്നത്. യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില്‍ നിന്ന് നിസ്സാരമായ തുക എത്തുന്നതാണ് തട്ടിപ്പിന്റെ മുന്നൊരുക്കം. ഇവിടെയാണ് യഥാര്‍ത്ഥ തട്ടിപ്പ് ആരംഭിക്കുന്നത്. പണം സാധാരണ രീതിയില്‍ തിരിച്ചയക്കാന്‍ പറയുന്നതിന് പകരം, തട്ടിപ്പുകാര്‍ ഒരു യുപിഐ കളക്റ്റ് റിക്വസ്റ്റ് അല്ലെങ്കില്‍ മറ്റൊരു പേയ്‌മെന്റ് റിക്വസ്റ്റ് അയയ്ക്കും. ആദ്യം ലഭിച്ച ചെറിയ തുകയേക്കാള്‍ വളരെ വലിയ തുകയ്ക്കായിരിക്കും ഈ അഭ്യര്‍ത്ഥന. ഉപഭോക്താവ് പരിശോധിക്കാതെ അത് അംഗീകരിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് വലിയ തുക നഷ്ടപ്പെടാം. ഇങ്ങനെയുണ്ടായാല്‍ ആദ്യം ഇടപാട് പരിശോധിക്കണം. ശേഷം നമ്പര്‍ ബ്ലോക്ക് ചെയ്ത് ബാങ്കുമായി ബന്ധപ്പെടണം. ഇനി തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘രണബാലി’യിലെ ‘പോരിന്‍ കാഹളം’ എന്ന വീര്യം നിറഞ്ഞ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 16-നാണ് വേള്‍ഡ് വൈഡ് ആയി റിലീസ്. അജയ് – അതുല്‍ ഈണമിട്ടിരിക്കുന്ന ഗാനത്തിന് മലയാളത്തില്‍ വരികള്‍ ഒരുക്കിയിരിക്കുന്നത് സിജു തുറവൂരും ആലപിച്ചിരിക്കുന്നത് വി എം മഹാലിംഗവുമാണ്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1994 ല്‍ പുറത്തെത്തിയ ‘തേന്മാവിന്‍ കൊമ്പത്ത്’ ചിത്രം പുതിയ സാങ്കേതിക മികവോടെ തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ ഒരു ഗാനം പുറത്തുവിട്ടു. ‘എന്റെ മനസിലൊരു നാണം’ എന്ന ഗാനത്തിന്റെ പരിഷ്‌കരിച്ച വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി- ഇഗ്നേഷ്യസ് സംഗീതം പകര്‍ന്ന് എം ജി ശ്രീകുമാറും സുജാത മോഹനും ചേര്‍ന്ന് ആലപിച്ച ഗാനമാണ് ഇത്. ചിത്രത്തിന്റെ ഭാവവും ദൃശ്യസ്വഭാവവും നിലനിര്‍ത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദൃശ്യമികവിനൊപ്പം ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയന്‍, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റവുമായി മാരുതി സുസുക്കി ബലേനോ. ടാറ്റ നെക്സോണ്‍, ടാറ്റ പഞ്ച് തുടങ്ങിയ ജനപ്രിയ എസ്യുവികളെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി ബലേനോ മാറി. 2026 സെപ്റ്റംബറില്‍ ബലേനോയുടെ 25,392 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 സെപ്റ്റംബറില്‍ ഇത് 13,173 യൂണിറ്റുകളായിരുന്നു. ഒരു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 93 ശതമാനം വര്‍ധന. അതേസമയം, ടാറ്റയുടെ ജനപ്രിയ സബ്-4 മീറ്റര്‍ എസ്യുവികളായ നെക്സോണിന്റെയും പഞ്ചിന്റെയും വില്‍പ്പന ബലേനോയ്ക്ക് പിന്നിലായി. നെക്സോണിന്റെ 20,456 യൂണിറ്റുകളും പഞ്ചിന്റെ 20,333 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. വില്‍പ്പനയില്‍ നെക്സോണിന് 9 ശതമാനം ഇടിവുണ്ടായപ്പോള്‍ പഞ്ച് 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിപണിയില്‍ 39.7 ശതമാനം വിഹിതവുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായി, കിയ എന്നിവയാണ് തൊട്ടുപിന്നില്‍.

ഏകഭാവശില്പങ്ങളല്ല ഈ കവിതകള്‍. അറിവിന്റെ കോടതിയിലെ അനുഭവവിചാരണകളാണിവ. നിയമവും നിയമവിരുദ്ധവും നീതിയും നീതിവിരുദ്ധതയും ധര്‍മ്മവും ധര്‍മ്മവിരുദ്ധവും കോടതിനാടകത്തിലെ പതിവു കഥാപാത്രങ്ങള്‍. നേരെങ്ങനെ നീതിയായി തെളിയിക്കാം, സമര്‍ഥിക്കാം, വാഴിക്കാം, എന്നൊരു പക്ഷം. നേരിനെ എങ്ങനെ നുണയാക്കാം, കൊല്ലാം, കുഴിച്ചോ കത്തിച്ചോ മൂടാം, എന്നു പല എതിര്‍പക്ഷങ്ങള്‍. ഭയത്തെ മറികടക്കാനും അതിജീവിക്കാനുമാണ് റീനയുടെ കവിതയില്‍ ഈ ഭയബോധം നല്‍കുന്ന പ്രേരണ. പേടിച്ചടിപ്പെടാനല്ല, മരിക്കാനല്ല; ധീരതയോടെ നേരിടാന്‍; ജീവിക്കാന്‍… ‘ഒറ്റുകാരന്റെ ഒസ്യത്ത്’. റീന പി ജി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 166 രൂപ.

തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ സംരക്ഷണത്തിനും വാല്‍നട്ട് കഴിക്കുന്നത് നല്ലതാണ്. വാള്‍നട്ട് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കണമെന്നത് നിര്‍ബന്ധമില്ല. കുതിര്‍ക്കാതെ തന്നെ വാള്‍നട്ട് കഴിക്കാം. കുതിര്‍ക്കുന്നത് നട്സിന്റെ ഘടന മൃദുവാക്കുകയും ചിലര്‍ക്ക് ചവച്ചുതിന്നാന്‍ എളുപ്പമാക്കുകയും ചെയ്യും. എന്നാല്‍ കുതിര്‍ക്കുന്നതിലൂടെ വാള്‍നട്ടിലെ എല്ലാ പോഷകങ്ങളും ശരീരത്തിന് കൂടുതല്‍ ലഭിക്കുമെന്നതിന് ശക്തമായ പഠനങ്ങളൊന്നുമില്ല. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡായ എഎല്‍എ, പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ലഭിക്കാന്‍ കുതിര്‍ക്കണമെന്നില്ല. ദിവസവും ഏകദേശം 20-30 ഗ്രാം വാള്‍നട്ട്, അതായത് ഏകദേശം ഒരു ചെറിയ പിടി, സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കാം. വാള്‍നട്ടിന്റെ വലുപ്പമനുസരിച്ച് എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. വാള്‍നട്ടില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളമുണ്ടെങ്കിലും കലോറിയും കൂടുതലാണ്. അതിനാല്‍ അമിതമായി കഴിക്കുന്നതിനേക്കാള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

ശുഭദിനം
കവിത കണ്ണന്‍
ചെറിയ ഗ്രാമത്തില്‍ പഴയൊരു വീട് ഉണ്ടായിരുന്നു. ആ വീട്ടിലെ ഒരു മുറിയില്‍ ജനലുണ്ടായിരുന്നെങ്കിലും, അതിലൂടെ വെളിച്ചം അകത്തേക്ക് വന്നിരുന്നില്ല. കാരണം, ജനലിന് മുന്നില്‍ വലിയൊരു മതില്‍ ഉണ്ടായിരുന്നു.  എല്ലാ ദിവസവും ആ മുറിയില്‍ ഇരുന്നിരുന്ന ഒരാള്‍ പരാതിപ്പെടുമായിരുന്നു. ”എന്റെ ജീവിതത്തിലും ഈ മുറിയിലേതുപോലെ ഇരുട്ട് മാത്രമാണ്!”  ഒരു ദിവസം അവിടെ വന്ന ഒരു വൃദ്ധന്‍ അയാളോട് ചോദിച്ചു: ”നീ എപ്പോഴെങ്കിലും ഈ ജനല്‍ തുറന്നുനോക്കിയിട്ടുണ്ടോ?”  അയാള്‍ പറഞ്ഞു: ”തുറന്നിട്ട് എന്ത് കാര്യം? മുന്നില്‍ മതിലല്ലേ!”  വൃദ്ധന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ”ജനല്‍ തുറന്നാല്‍ വെളിച്ചം വരണമെന്നില്ല. പക്ഷേ, പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ നിനക്കൊരു അവസരം കിട്ടും.” ആ വാക്കുകള്‍ അയാളുടെ മനസ്സില്‍ തട്ടി. അയാള്‍ വീടിന് പുറത്തേക്കിറങ്ങി. ചുറ്റും നടന്നു. ഒടുവില്‍, മതിലിന്റെ മറുവശത്ത് മറ്റൊരു വഴിയുണ്ടെന്ന് അയാള്‍ കണ്ടെത്തി. അന്ന് അയാള്‍ തിരിച്ചറിഞ്ഞു – ഇത്രയും നാള്‍ വെളിച്ചമില്ലെന്ന് പരാതി പറഞ്ഞ താന്‍, പുറത്തേക്കുള്ള വഴി അന്വേഷിക്കാന്‍ പോലും ശ്രമിച്ചിരുന്നില്ലെന്ന്! ജീവിതത്തിലും ചില മതിലുകള്‍ തകര്‍ക്കാന്‍ നമുക്കാവില്ല. പക്ഷേ, അവയെ മറികടക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്കാകും. അടഞ്ഞ  വഴികള്‍ക്ക് മുന്നില്‍ നിന്ന് കരയുന്നവര്‍ക്ക് നഷ്ടമാകുന്നത് സമയം മാത്രമല്ല; പുതിയ വഴികള്‍ കണ്ടെത്താനുള്ള അവസരങ്ങള്‍ കൂടിയാണ്!. ഒരു മനുഷ്യനെ തോല്‍പ്പിക്കുന്നത് സാഹചര്യങ്ങളല്ല… ആ സാഹചര്യങ്ങള്‍ ഒരിക്കലും മാറില്ലെന്ന അവന്റെ വിശ്വാസമാണ്! – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *