രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബര്‍ മാസത്തില്‍ 5.54 ശതമാനമായി കുത്തനെ ഉയര്‍ന്നു. പുതിയ ഉപഭോക്തൃ വിലസൂചിക സീരീസ് നിലവില്‍ വന്നശേഷം ആദ്യമായാണ് ചില്ലറ വിലക്കയറ്റം 5 ശതമാനം മറികടക്കുന്നത്. ഓഗസ്റ്റില്‍ ഇത് 4.83 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തിന് ശേഷം തുടര്‍ച്ചയായ ആറാം മാസമാണ് പണപ്പെരുപ്പ നിരക്കുകളില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്തുന്നത്. നിലവിലെ ഈ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്. എങ്കിലും കേന്ദ്ര ബാങ്കിന്റെ 2 മുതല്‍ 6 ശതമാനം വരെയുള്ള അനുവദനീയമായ പരിധിക്കുള്ളില്‍ ഇപ്പോഴും പണപ്പെരുപ്പ നിരക്ക് നിലനില്‍ക്കുന്നത് താല്‍ക്കാലിക ആശ്വാസമാണ്. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിപണി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തിയത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക അധിഷ്ഠിതമായ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 7.74 ശതമാനമായി ഉയര്‍ന്നു.
കുത്തനെ ഉയര്‍ന്ന് റീട്ടെയ്ല്‍ പണപ്പെരുപ്പം
