പെട്രോളിലെ എഥനോൾ പരിശോധനയ്ക്ക് പെട്രോളിയം കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാത്തതിൽ കേന്ദ്ര ഇടപെടൽ തേടി കേരളം. വിഷയത്തിൽ കേരളം കേന്ദ്രസർക്കാരിന് കത്തയച്ചു. മന്ത്രി അനൂപ് ജേക്കബ് ആണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകിയത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഷാഫി എ ഗ്രൂപ്പല്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ ഷാഫി എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് വേണ്ട. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു.തനിക്കെതിരായ അക്രമം നടത്തുന്നത് അടൂർ കേന്ദ്രീകരിച്ചാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
രാഷ്ട്രീയ വിവാദങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ കുടുംബത്തെ സംരക്ഷിച്ചു എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ വിവാദങ്ങളിൽ പരസ്യമായി..പിതാവിനെ സംരക്ഷിച്ച നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്നും ചാണ്ടിയമ്മൻ പറഞ്ഞു .
മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിലെന്ന് കണ്ടെത്തൽ. വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണ്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും.
വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ലെന്നും ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ ഫേസ് ക്രീം വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കായി ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വലിയപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യത്തിന് മുഴുവൻ മാതൃകയാകുന്ന പദ്ധതിയായിരിക്കും.
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.
മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി. ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ലെന്നാണ് ആർഎസ്പിയുടെ ആക്ഷേപം.
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയ നടപടി വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
ഇടുക്കിയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനായി കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തി. ഇന്ന് ഇവർ പട്രോളിംഗ് നടത്തും, നാളെ മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് മന്ത്രിസഭയിലെ തർക്കങ്ങൾക്കെതിരെ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് തന്നെ.വിവാഹമോചനം ഉറപ്പാണെന്നാണ് ബാലൻ പറഞ്ഞു. മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും തർക്കങ്ങളെയും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം മുന്നണിക്കെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്.
അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആന്റ് ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും 6 മന്ത്രിമാരും. സംഘാടകരിൽ തട്ടിപ്പ് കേസ് പ്രതിയും ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറിയത്.
സംസ്ഥാനപരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ ചെയർമാനായി(SEIAA..സിയ) മുൻ ചീഫ് സെക്രട്ടറി ഡോ കെ വേണുവിനെ നിയമിച്ചു. സംസ്ഥാനസർക്കാരിൻ്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് നിയമിച്ചത്.
കമിതാക്കളെ ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന് (29), അന്നമനട എടയാറ്റൂര്‍ ആളയൂര്വീട്ടില് രമ്യ (41) എന്നിവരെയാണ് സതേണ്‍ കോളജിന് സമീപം റെയില്‍വേ ട്രാക്കില്‍ രാത്രി 8 ഓടെ മരിച്ച നിലയില്‍ കണ്ടത്.
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി.
ഹാസൻ ജില്ലയിൽ നിന്നുള്ള കാട്ടാനകളെ മൂഡിഗെരെയിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു. ജനപ്രതിനിധികളോട് ആലോചിക്കാതെ എടുത്ത ഈ തീരുമാനം ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്.
നേപ്പാളിലെ കോശി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു.
എൻവിഡിയ സിഇഒ ആയി കമ്പനിയിലേക്ക് തിരിച്ചെത്തിയ ജെൻസൻ ഹുവാങ്ങിന് ജീവനക്കാരിൽനിന്ന് വൻ സ്വീകരണം. കരഘോഷങ്ങളോടെയാണ് ജീവനക്കാർ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്.
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച പതിനൊന്ന് എയർ റൈഫിളുകൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയ രമേഷ് മച്ചാട്ട്, സിജോയ് ശശി എന്നിവരാണ് സുരക്ഷാ പരിശോധനക്കിടെ പിടിയിലായത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് സേവനമനുഷ്ഠിക്കുന്നതിനിടെ വിദേശ ചാരസംഘടന റിക്രൂട്ട് ചെയ്യുകയും, തുടർന്ന് ചൈനയിൽ തിരിച്ചെത്തിയ ശേഷം രാജ്യത്തിന്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകുകയും ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥന് ചൈനയിലെ കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ വ്യക്തിഗത സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനും ഉത്തരവിട്ടു.
വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടിയെന്ന പരാതിയിൽ ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം. 2024ലെ ബിഹാർ അധ്യാപക നിയമന പരീക്ഷ വഴി സംവരണ വിഭാഗത്തിൽ ജോലി നേടിയവർക്കെതിരെയാണ് അന്വേഷണം.
എൻസിപി(എസ്പി)യെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമായതിനിടെ ശരദ് പവാർ മകൾക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി സൂചന. എൻഡിഎയെ പിന്തുണയ്ക്കുകയാണെങ്കിൽ പകരം മകൾ സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സമാജ്വാദി പാർട്ടി സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇനിയുമായില്ല. കോൺഗ്രസ് 130 സീറ്റിന്റെ പ്രാഥമിക പട്ടികയാണ് എസ്പിക്ക് കൈമാറിയത്. അതേസമയം കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് സമാജ്വാദി പാർട്ടി.
മധുര തിരുപ്പരൻകുൻട്രം മലയിലെ കാർത്തിക ദീപം ഉത്സവം ഇന്ന്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സിക്കന്ദർ ദർഗയുടെ സമീപം ഉള്ള ദീപത്തൂണിൽ ദീപം തെളിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകുമോയെന്ന് വ്യകതമല്ല.
അശ്ലീലസന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരേ വനിതാ കളക്ടർ പരാതി നൽകിയതായി സൂചന. ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്.
തുർക്കിയിലെ അന്റാലിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടി സമവായമില്ലാതെ പിരിഞ്ഞു. ജൈവ ഇന്ധന താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പെട്രോഡോളർ രാജ്യങ്ങളുടെ ശ്രമങ്ങളാണ് ചർച്ചകളെ അട്ടിമറിച്ചതെന്ന് വിമർശനം. പസഫിക് ദ്വീപ് രാജ്യങ്ങൾ അടക്കമുള്ളവ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
ഷെയ്ഖ് ഹസീന ഡിസംബർ 16ന് ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് രാജ്യത്ത് വീണ്ടും കനത്ത രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയേക്കാം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ റെക്കോഡ് പ്രകടനവുമായി ഡൽഹി ബാറ്റർ പ്രിയാൻഷ് ആര്യ. തമിഴ്നാടിനെതിരായ മത്സരത്തിൽ 68 പന്തിൽ 181 റൺസ് അടിച്ചെടുത്താണ് പ്രിയാൻഷ് ആര്യ റെക്കോഡ് ബുക്കിൽ ഇടംനേടിയത്.
കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തി സ്വർണ്ണവും വെള്ളിയും. നിലവിൽ 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ സ്വർണം ഗ്രാമിന് 11,715 രൂപയിലും പവന് 93,720 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരാളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഉത്സവകാല ഓഫറുകളുണ്ടായിട്ടും സ്മാര്‍ട്ട്ഫോൺ വാങ്ങാന്‍ മടിച്ച് ഉപഭോക്താക്കള്‍. ഫോണുകളുടെ വില ഉയര്‍ന്നതും ഉപഭോക്താക്കളുടെ വാങ്ങല്‍ താല്പര്യം കുറഞ്ഞതും തിരിച്ചടിയായതോടെ, 2026ലെ ഉത്സവകാല സ്മാര്‍ട്ഫോണ്‍ വില്പന മുന്‍ വര്‍ഷത്തെക്കാള്‍ ഏകദേശം 22 ശതമാനം ഇടിഞ്ഞു. ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവിലെ കണക്കാണിത്. വില്പനയില് 12 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു ഉത്സവകാലത്തിനു മുന്‍പുള്ള പ്രവചനം. എന്നാല്‍, യഥാര്‍ഥ ഇടിവ് അതിലും വലുതായി. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ പ്രതീക്ഷിച്ചതിലും രൂക്ഷമായ മാന്ദ്യമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് (എഫ്എസ്ഡി) സോഫ്റ്റ്വെയറിന്റെ പുതിയ അപ്ഡേറ്റ് ആയ ടെസ്ല റിയാലിറ്റി വ്യൂ ഡ്രൈവിങ് അനുഭവത്തെ വീഡിയോ ഗെയിം പോലെ മാറ്റുന്നു. എന്നാൽ ഇത് പൂർണ്ണമായും സ്വയം നിയന്ത്രിതമല്ല, ഡ്രൈവറുടെ മേൽനോട്ടം അത്യാവശ്യമാണ്.
ബജാജ് പൾസർ 180 വീണ്ടും വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. അഞ്ച് വർഷത്തിനിടെ രണ്ടാം തവണയാണ് ബജാജ് ഓട്ടോ ഈ മോഡലിന്റെ വിൽപ്പന അവസാനിപ്പിക്കുന്നത്. 2022ൽ നിർത്തലാക്കിയ പൾസർ 180 ഈ വർഷം ഏപ്രിലിലാണ് കമ്പനി വീണ്ടും വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ആറുമാസം പിന്നിടുമ്പോഴേക്കും മോഡലിനെ വീണ്ടും പിൻവലിച്ചിരിക്കുകയാണ്. ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പൾസർ 180 ഒഴിവാക്കിയിട്ടുണ്ട്.
യു.എ.ഇ പശ്ചാത്തലമാക്കി നിർമ്മിച്ച യു.എ.ഇ മലയാളികളുടെ സിനിമയായ ദി തേർഡ് ഹാൻഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പ്രമുഖ സംവിധായകന് ബ്ലസ്സി തിരുവല്ലയിൽ നിർവ്വഹിച്ചു. ഫിലിം സൈൻ പിക്ചേഴ്സിന് വേണ്ടി മേഴ്സി വർഗീസ് നിർമ്മിച്ച ഈ ചിത്രം, നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിബിൻ വർഗീസ് രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇയിലും എറണാകുളത്തുമായി പൂർത്തിയായി.
യു.എ.ഇ പശ്ചാത്തലമാക്കി നിർമ്മിച്ച യു.എ.ഇ മലയാളികളുടെ സിനിമയായ ദി തേർഡ് ഹാൻഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പ്രമുഖ സംവിധായകന് ബ്ലസ്സി തിരുവല്ലയിൽ നിർവ്വഹിച്ചു. ഫിലിം സൈൻ പിക്ചേഴ്സിന് വേണ്ടി മേഴ്സി വർഗീസ് നിർമ്മിച്ച ഈ ചിത്രം, നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിബിൻ വർഗീസ് രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇയിലും എറണാകുളത്തുമായി പൂർത്തിയായി
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം. ഓട്സ് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, വിശപ്പ് തുടങ്ങി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഓട്സിൽ ബീറ്റാ-ഗ്ലൂക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്ന മറ്റ് നാരുകളും ഉൾപ്പെടുന്നു. ഓട്സ് ഒരു സാധാരണ ഭക്ഷണമായി തോന്നാമെങ്കിലും അതിലെ നാരുകളുടെ സാന്നിധ്യം കാരണം സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണിത്. ഓട്സിൽ ‘ബീറ്റ-ഗ്ലൂക്കാൻ’ എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് (soluble fibre) അടങ്ങിയിട്ടുണ്ട്.
ഭക്ഷണശേഷം അല്പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തെ സഹായിച്ചേക്കാം. ഭക്ഷണശേഷം 45 മിനിറ്റ് തുടർച്ചയായി നടക്കുന്നതിനേക്കാൾ, 15 മിനിറ്റ് വീതം മൂന്നു തവണ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണ്.പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണക്രമം, കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യത്തെ സഹായിക്കുന്ന വിവിധ തരം നാരുകളും സസ്യഘടകങ്ങളും നൽകുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 92.91, പൗണ്ട് – 121.84, യൂറോ – 101.97, സ്വിസ് ഫ്രാങ്ക് – 110.76, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.75, ബഹ്റൈന്‍ ദിനാര്‍ – 247.13, കുവൈത്ത് ദിനാര്‍ – 298.12, ഒമാനി റിയാല്‍ – 241.67, സൗദി റിയാല്‍ – 24.78, യു.എ.ഇ ദിര്‍ഹം – 25.30, ഖത്തര്‍ റിയാല്‍ – 25.53.
